Fri, 05/11/2012 - 00:44 ( 1 year 1 weekago)
ബുക്കറസ്റ്റ്: റുമേനിയന്‍ തലസ്ഥാന നഗരിയിലെ അറീന നാഷനാലയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് സ്പാനിഷ് ആരാധകരെ സാക്ഷിനിര്‍ത്തി യൂറോപ ലീഗ് കിരീടത്തില്‍ വീണ്ടും അത്ലറ്റികോ മഡ്രിഡിന്റെ വിജയമുത്തം. സ്പാനിഷ് ടീമുകള്‍ ഏറ്റുമുട്ടിയ കലാശക്കളിയില്‍ അത്ലറ്റിക് ബില്‍ബാവോയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് മൂന്നു സീസണിനിടെ രണ്ടാം തവണയും അത്ലറ്റികോ കിരീടത്തിലെത്തിയത്. കൊളംബിയന്‍ സ്ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കാവോയുടെ ബൂട്ടില്‍നിന്നുതിര്‍ന്ന ഇരട്ടഗോളുകളില്‍ ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിലെത്തിയ മഡ്രിഡുകാരുടെ മൂന്നാംഗോള്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഡീഗോയുടെ വകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് ഫുള്‍ഹാമിനെ ഫൈനലില്‍ തോല്‍പിച്ച് യൂറോപ ലീഗില്‍ ജേതാക്കളായ അത്ലറ്റികോ നിരയില്‍ ഫാല്‍കാവോ തുടര്‍ച്ചയായ രണ്ടാം തവണയാണ് കപ്പ് കൈയിലേന്തുന്നത്. കഴിഞ്ഞ തവണ പോര്‍ചുഗീസ് ക്ളബായ പോര്‍ട്ടോ ജേതാക്കളായപ്പോള്‍ ഫാല്‍കാവോ അവരുടെ മുന്നണിപ്പോരാളിയായിരുന്നു. ഫൈനലില്‍ പോര്‍ട്ടോയുടെ വിജയഗോള്‍ ഫാല്‍കാവോയുടെ വകയായിരുന്നു. ഈ സീസണില്‍ അത്ലറ്റികോയില്‍നിന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയ ഒഴിവിലാണ് പകരക്കാരനായി ഫാല്‍കാവോ മഡ്രിഡിലെത്തുന്നത്. അര്‍ജന്റീനാ പരിശീലകരുടെ നേതൃത്വത്തിലാണ് അത്ലറ്റികോയും ബില്‍ബാവോയും ബുക്കറസ്റ്റിലെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം അണിനിരന്നത്. മുന്‍ അര്‍ജന്റീനാ ടീം ക്യാപ്റ്റന്‍കൂടിയായ ഡീഗോ സിമിയോണിയുടെ ശിക്ഷണത്തിലാണ്് മഡ്രിഡുകാര്‍ ആധികാരിക ജയത്തോടെ കിരീടത്തിലെത്തിയത്. ബില്‍ബാവോ കോച്ച് മാഴ്സലോ ബിയല്‍സയുടെ പരിശീലകത്വത്തില്‍ അര്‍ജന്റീനാ ജഴ്സിയണിഞ്ഞിട്ടുണ്ട് സിമിയോണി. വെള്ളയും ചുവപ്പും വരയിട്ട ജഴ്സിയില്‍ ഹോം മത്സരത്തിനിറങ്ങുന്ന ടീമുകളാണ് അത്ലറ്റികോയും ബില്‍ബാവോയും. ബുക്കറസ്റ്റില്‍ ബില്‍ബാവോയെ 'എവേ' ടീം ആയി കണക്കാക്കിയതിനാല്‍ പച്ച ജഴ്സിയിലാണ് അവര്‍ മൈതാനത്തെത്തിയത്.
തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമിന് പ്രാമുഖ്യം നല്‍കിയ അത്ലറ്റികോ ഏഴാം മിനിറ്റില്‍തന്നെ ലീഡ് നേടി. ഡീഗോയുടെ ത്രൂബാള്‍ പിടിച്ചെടുത്ത് ബോക്സിന്റെ ഓരത്തുനിന്ന് ഫാല്‍കാവോ തൊടുത്ത ഷോട്ടാണ് എതിര്‍വല കുലുക്കിയത്. ബില്‍ബാവോ നിരയില്‍ ഫെര്‍ണാണ്ടോ ലോറന്റെയുടെയും ഐകര്‍ മുനിയന്റെയും ശ്രമങ്ങള്‍ പാളിയശേഷം 34ാം മിനിറ്റില്‍ ഫാല്‍കോവോ ലീഡുയര്‍ത്തി. ആര്‍ദ ടുറാന്റെ പാസില്‍ കേ്ളാസ് റേഞ്ചില്‍നിന്നായിരുന്നു രണ്ടാം ഗോള്‍. 29 യൂറോപ ലീഗ് മത്സരങ്ങളില്‍ ഫാല്‍കോവോയുടെ 29ാം ഗോളായിരുന്നു അത്. കളി തീരാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെയാണ് ഡീഗോ പട്ടിക തികച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍