ന്യൂദല്‍ഹി: എ. രാജ ടെലികോം മന്ത്രിയായിരിക്കെ അനുവദിച്ച 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. അപേക്ഷ കോടതിയിലെത്തുംമുമ്പ് അതേ വിഷയവുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് കത്തെഴുതിയതിന് ജസ്റ്റിസുമാരായ ജി.എസ് സിങ്വി, കെ.എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സര്‍ക്കാറിനെ വരിഞ്ഞുകെട്ടി.
വ്യാഴാഴ്ച പുനഃപരിശോധനാ ഹരജി പിന്‍വലിക്കുകയാണെന്ന് കാണിച്ച് കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ചൊവ്വാഴ്ച കത്തയച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ഹരജിയുടെ കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ആഗ്രഹഹിക്കാത്തതിനാല്‍ പുനഃപരിശോധനാ ഹരജി പിന്‍വലിക്കുകയാണെന്ന് കത്തിലൂടെ കക്ഷികളെ അറിയിക്കുകയായിരുന്നു സര്‍ക്കാര്‍.
പുനഃപരിശോധനാ ഹരജി പിന്‍വലിക്കുകയാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ് വ്യാഴാഴ്ച കോടതിയോട് വാക്കാല്‍ അപേക്ഷിച്ചു. മതിയായ അപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞു.
ഉചിതമായ ഒരു ബെഞ്ച് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയം ഇന്ന് പരിഗണിക്കാനിരിക്കെ, ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപവത്കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കത്തയക്കേണ്ട കാര്യമെന്തായിരുന്നുവെന്നും കോടതി ചോദിച്ചു.
പുനഃപരിശോധനാ ഹരജി പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷയെ 2ജി കേസില്‍ പരാതിക്കാരനായ പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തു. പുനഃപരിശോധനാ ഹരജിയില്‍ ഒന്നും നേടാനില്ലെന്ന് അറിഞ്ഞുകൊണ്ട് ദുരുദ്ദേശ്യപൂര്‍വമാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രപതിയുടെ റഫറന്‍സ് ഏപ്രില്‍ 12ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കാര്യവും പ്രശാന്ത് ബെഞ്ചിനെ ഓര്‍മിപ്പിച്ചു. തങ്ങളുടെ വിധിയില്‍ എല്ലാം വ്യക്തമാണെന്ന് പ്രശാന്തിനോട് പ്രതികരിച്ച ബെഞ്ച് രാഷ്ട്രപതിയുടെ റഫറന്‍സിനെക്കുറിച്ച് തങ്ങള്‍ ഇപ്പോള്‍ ഒരു അഭിപ്രായവും പറയുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തു. ബെഞ്ചിനുമുമ്പാകെ എപ്പോഴാണ് രാഷ്ട്രപതിയുടെ റഫറന്‍സ് എത്തുക എന്ന് പറയാനാവില്ല. വേണമെങ്കില്‍ ഇതില്‍ കോടതിക്ക് പ്രതികരിക്കാതിരിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കേസിലെ മറ്റൊരു കക്ഷിയായ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയും പുനഃപരിശോധനാ ഹരജി പിന്‍വലിക്കുന്നതിനെ എതിര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍