കൊച്ചി: ഉണ്ണിത്താന്‍ വധശ്രമക്കേസിലെ അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിനെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മാപ്പുസാക്ഷിയാക്കി. ക്രിമിനല്‍ നടപടിക്രമം 306ാം വകുപ്പ് പ്രകാരം ആനന്ദന്‍ എന്ന കണ്ടെയ്നര്‍ സന്തോഷ് ചെയ്ത കുറ്റകൃത്യം മാപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ചെന്നൈ യൂനിറ്റ് അഡീഷനല്‍ എസ്.പി എസ്.ജയകുമാര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സി.ജെ.എം കോടതി മാപ്പുസാക്ഷിയാക്കിയത്. സി.ബി.ഐക്ക് അനുകൂലമായി നേരത്തേ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സന്തോഷ് വ്യാഴാഴ്ച കോടതിയെ അറിയിച്ചു.
മാപ്പുസാക്ഷിയാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയോടെ കോടതി കണ്ടെയ്നര്‍ സന്തോഷിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തി. അടച്ചിട്ട കോടതി മുറിയില്‍ മൂന്ന് മണിക്കൂറിലേറെയെടുത്ത് അറുപതില്‍ കൂടുതല്‍ പേജുകളിലാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിപ്പകര്‍പ്പ് സി.ജെ.എം കോടതി വിചാരണക്കോടതിയായ തിരുവനന്തപുരം സി.ബി.ഐ കോടതിക്ക് കൈമാറും. ഇപ്പോള്‍ നല്‍കിയ മൊഴിയില്‍ മാറ്റം വരുത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാനുള്ള അധികാരം സി.ബി.ഐക്കുണ്ടെന്ന കാര്യം കോടതി സന്തോഷിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും മാറ്റിയാലുണ്ടാവുന്ന നടപടികള്‍ അറിയാമെന്നും സന്തോഷ് കോടതിക്ക് എഴുതി നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.എ. റഷീദിന്റെ അറസ്റ്റിന് ആഴ്ചകള്‍ക്ക് മുമ്പാണ് സി.ആര്‍.പി.സി 164 പ്രകാരം സന്തോഷിന്റെ രഹസ്യമൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സംഘം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോലഞ്ചേരി കോടതിയിലെത്തിച്ച് മൊഴിയെടുത്തു. ഇതിനുശേഷമാണ് കേസില്‍ നേരിട്ട് പങ്കാളിത്തം വഹിച്ച റഷീദിനെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ഹാപ്പി രാജേഷ് വധക്കേസ് അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്തിരുന്ന കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി എസ്.ശ്രീജിത്തില്‍നിന്ന് സി.ബി.ഐ മൊഴിയെടുത്തേക്കും. അടുത്ത ദിവസം വിദേശയാത്രക്കൊരുങ്ങുന്ന ശ്രീജിത്തില്‍നിന്ന് ഉടന്‍ മൊഴിയെടുക്കാനാണ് സി.ബി.ഐയുടെ ആലോചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍