ന്യൂദല്‍ഹി: ടെലികോം കമ്പനികളായ എയര്‍സെല്ലും മാക്സിസുമായുള്ള ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന മകന്‍ കാര്‍ത്തിയുടെ പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി പി. ചിദംബരം ലോക്സഭയില്‍. മകന് എയര്‍സെല്ലില്‍ ഓഹരി കിട്ടാന്‍ എയര്‍സെല്‍-മാക്സിസ് ഇടപാട് ചിദംബരം വൈകിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
പ്രതിപക്ഷത്തിന്റേത് 'കാടന്‍' ആരോപണമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. എയര്‍സെല്‍, മാക്സിസ് എന്നീ കമ്പനികളില്‍ തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഓഹരിയില്ലെന്ന് വ്യക്തമാക്കിയാണ് ചിദംബരം മകന്‍ കാര്‍ത്തിയുടെ പ്രസ്താവന സഭയില്‍ വായിച്ചത്. ആരോപണം ഉന്നയിക്കുന്നവരോട് ദൈവം പൊറുക്കട്ടെ. പൊതുപ്രവര്‍ത്തകരല്ലാത്തവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ലമെന്റ് വേദിയാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ചിദംബരം ആരോപിച്ചു.
ഇതേചൊല്ലിയുണ്ടായ ബഹളത്തെ തുടര്‍ന്ന് സഭ വ്യാഴാഴ്ച രണ്ടുവട്ടം നിര്‍ത്തിവെച്ചു. ചിദംബരത്തിനെതിരെ ആരോപണമുന്നയിച്ച ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ എയര്‍സെല്‍, മാക്സിസ് എന്നീ കമ്പനികളില്‍ കാര്‍ത്തി ചിദംബരത്തിന് അഞ്ചു ശതമാനം ഓഹരിയുണ്ടെന്ന് പറഞ്ഞു. ചിദംബരം ധനമന്ത്രിയായിരിക്കെ നടന്ന ഇടപാടിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യശ്വന്ത്സിന്‍ഹക്ക് മറുപടി പറയാന്‍ എഴുന്നേറ്റ ധനമന്ത്രി പ്രണബ് മുഖര്‍ജിയെ ബി.ജെ.പി അംഗങ്ങള്‍ തടസ്സപ്പെടുത്തിയതോടെ സ്പീക്കര്‍ സഭ രണ്ടു മണിവരെ നിര്‍ത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴാണ് ചിദംബരം പ്രസ്താവന നടത്തിയത്. ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബഹളംവെച്ചതോടെ സഭ വീണ്ടും നാലുമണി വരെ നിര്‍ത്തിവെക്കേണ്ടി വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍