തിരുവനന്തപുരം: നഗരത്തില്‍ സ്വകാര്യബസിന് തിരുവനന്തപുരം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ആര്‍.ടി.ഒ ഉദ്യോഗസ്ഥരും ചേര്‍ന്ന് 17 വര്‍ഷമായി അനധികൃതമായി സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് നല്‍കി എന്ന പരാതിയില്‍ ലോകായുക്ത കേസെടുത്തു. തമലം - വഴയില റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിനാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് പെര്‍മിറ്റ് നല്‍കിയത്. കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ്, അഭിഭാഷകന്‍ എന്‍.എസ്. ലാല്‍ മുഖേന സമര്‍പ്പിച്ച പരാതിയിലാണ് ലോകായുക്ത കേസെടുത്തത്. 1994ല്‍ ആദ്യമായി പെര്‍മിറ്റ് നല്‍കിയപ്പോള്‍ അപേക്ഷകരായ രണ്ട് ബസ് ഉടമകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.കേസ് ഹൈകോടതിയിലെത്തി ഹൈക്കോടതിയും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണലും 2000ല്‍ തന്നെ കേസ് തീര്‍പ്പാക്കിയെങ്കിലും നടപടിക്രമങ്ങളില്‍ തിരുവനന്തപുരം ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയും തിരുവനന്തപുരം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ 17 വര്‍ഷമായി അജണ്ടയില്‍ പോലും വെയ്ക്കാതെ താല്‍കാലിക പെര്‍മിറ്റ് നല്‍കി കെ.എസ്.ആര്‍.ടി.സിക്ക് വന്‍ വരുമാനനഷ്ടം ഉണ്ടാക്കിയെന്നും ഹരജിയില്‍ ആരോപിച്ചു.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ട ലോകായുക്ത ഇ.എസ് ജയിംസ് (ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍), കെ. മനോഹരന്‍ നായര്‍ (ആര്‍.ടി.ഒ തിരുവനന്തപുരം), കെ.എന്‍. സതീഷ് (ജില്ലാ കലക്ടര്‍)എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. കേസ് ജൂണ്‍ 20ന് പരിഗണിക്കും. തിരുവനന്തപുരം ആര്‍.ടി.എ പെര്‍മിറ്റ് നല്‍കുന്നതില്‍ വരുത്തിയ വീഴ്ചകളെയും അഴിമതിയെയും കുറിച്ച് ലോകായുക്തയുടെ അന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ പരാതി ഉണ്ടായിരിക്കുന്നത്.
ജസ്റ്റിസ് പരീതുപിള്ള, ജസ്റ്റിസ് ജി. ശശിധരന്‍ എന്നിവരുള്‍പ്പെട്ട ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചാണ് പരാതി പരിഗണിച്ചത്. 17 വര്‍ഷം പെര്‍മിറ്റില്ലാതെ സ്വകാര്യ ബസ് സര്‍വീസ് നടത്തിയിട്ടും അത് കണ്ടെത്താനോ അന്വേഷിക്കാനോ തയാറാകാത്തതിന് കെ.എസ്.ആര്‍.ടി.സി അധികൃതരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. എം.ഡിയെ എട്ടാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍