ഗുരുവായൂര്‍: ഡി.സി.സി പ്രസിഡന്‍റിനെ മാറ്റണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് പ്രത്യക്ഷപോരാട്ടത്തിന്. ഈ ആവശ്യമുന്നയിച്ച് 15 ന് ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എ ഗ്രൂപ്പുകാര്‍ യോഗം ചേരും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ടൗണ്‍ ഹാളിലാണ് യോഗം. ഡി.സി.സി ഭാരവാഹികളടക്കം യോഗത്തില്‍ പങ്കെടുക്കും. നിയോജകമണ്ഡലം തലത്തിലെ യോഗത്തിന് മുന്നോടിയായി മണ്ഡലം തല കൂടിച്ചേരലുകള്‍ പൂര്‍ത്തിയായി . യോഗത്തില്‍ നിയോജക മണ്ഡലത്തിലെ പരമാവധി എ ഗ്രൂപ്പുകാരെ അണിനിരത്താന്‍ ശ്രമം നടക്കുകയാണ്.
ഡി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമാണെന്നാരോപിച്ചാണ് എ ഗ്രൂപ്പുകാര്‍ ഒത്തുചേരുന്നത്. അടിയന്തര നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റു നിയോജക മണ്ഡലങ്ങളിലും എ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ കൂടിച്ചേരലിന് ഒരുക്കം തുടങ്ങി. ജില്ലയിലെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടത് ജില്ലാനേതൃത്വത്തിന്‍െറ പിടിപ്പുകേടുമൂലമാണെന്ന് എ ഗ്രൂപ്പിന് പരാതിയുണ്ട്.
ഇതിനിടെ, ഡി.സി.സി പ്രസിഡന്‍റ് സ്ഥാനവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ സ്ഥാനവും വെച്ചു മാറുമെന്ന പ്രചാരണവും ശക്തമാണ്. ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹനെ ഡി.സി.സി പ്രസിഡന്‍റാക്കി ഡി.സി.സി പ്രസിഡന്‍റ് വി.ബാലറാമിനെ ദേവസ്വം ചെയര്‍മാനാക്കുമെന്നാണ് പ്രചാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍