കാസര്‍കോട്: പട്ടാള വേഷത്തില്‍ നബിദിന റാലി നടത്തി സേനയെ അപമാനിച്ചുവെന്ന സംഭവം മുസ്ലിം ലീഗ് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി മൂന്നുപേരെ റിമാന്‍ഡ് ചെയ്യുകയും 127 പേരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കാസര്‍കോട് ചേരുന്ന യു.ഡി.എഫ് യോഗം പ്രധാനമായും ഈ വിഷയത്തില്‍ ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതേ വിഷയത്തില്‍ മേയ് 15ന് കാഞ്ഞങ്ങാട് എ.എസ്.പി ഓഫിസിലേക്ക് ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ നബിദിനത്തില്‍ കാഞ്ഞങ്ങാട്, പരപ്പ എന്നിവിടങ്ങളില്‍ നടത്തിയ മാര്‍ച്ചാണ് വിവാദമായത്. കാഞ്ഞങ്ങാട് പട്ടാള വേഷം ധരിച്ച് മാര്‍ച്ച് നടത്തി ഇന്ത്യന്‍ മിലിട്ടറിയെ അപമാനിക്കാനും പരപ്പയില്‍ പാകിസ്ഥാന്‍ പട്ടാള വേഷം ധരിച്ച് മാര്‍ച്ച് നടത്തി രാജ്യത്തെ വെല്ലുവിളിക്കാനും നബിദിന റാലിക്കാര്‍ ശ്രമം നടത്തിയെന്നാണ് ആക്ഷേപം. പട്ടാളത്തെ അപമാനിക്കുന്നതിനുള്ള 124 എ, രാജ്യദ്രോഹത്തിനുള്ള ഗൂഢാലോചന 120 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഈ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരിക്കയാണ്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചില്ല. കേസ് ഡയറി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കാത്തതാണ് ജാമ്യാപേക്ഷ നീക്കുന്നതിന് തടസ്സം. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മുന്‍ എം.പി ടി. ഗോവിന്ദന്‍െറ മകനാണെന്നും ബോധപൂര്‍വം ജാമ്യം ലഭിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.
പട്ടാള വേഷ വിവാദം ന്യൂനപക്ഷ വിരുദ്ധരായ പൊലീസുകാര്‍ സൃഷ്ടിച്ചതാണെന്നാണ് ലീഗ് ആരോപണം. ഇത്തരം വേഷങ്ങള്‍ വര്‍ഷങ്ങളായി റാലികളില്‍ ഉപയോഗിക്കുന്നുണ്ട്. യു.എ.ഇ പട്ടാളത്തിന്‍െറ വേഷം ഇളം നീലയാണ്. അത് ഉപയോഗിക്കുന്നതിന് എവിടെയും നിയന്ത്രണമില്ല. യു.എ.ഇ മലയാളികളുടെ ഇടപെടലിന്‍െറ ഭാഗമായാണ് അത്തരം വേഷം നബിദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്. വേഷത്തിന് പട്ടാളത്തിന്‍െറ ചിഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ജാഥ നടത്തിയവരില്‍ സി.പി.എമ്മുകാരും ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
130 പേരാണ് പട്ടാള വേഷം ധരിച്ചത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, എഫ്.ഐ.ആര്‍ അവസാനിപ്പിച്ചില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കാഞ്ഞങ്ങാട് നടന്ന സാമുദായിക കലാപത്തിന്‍െറ തുടര്‍ച്ചയാണ് കേസെന്നും ലീഗ് ആരോപിക്കുന്നു. കാഞ്ഞങ്ങാട് കലാപത്തിന് തുടക്കമിട്ട മോട്ടോര്‍ തൊഴിലാളികളുടെ മാര്‍ച്ച് വര്‍ഗീയവുമായി ബന്ധപ്പെട്ട 163 എ പ്രകാരമല്ല കേസെടുത്തത്. എന്നാല്‍, മറുപക്ഷത്തിനെതിരെ ഈ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് മുന്നില്‍ നിരത്തും.
കാഞ്ഞങ്ങാട് കലാപത്തിന് കാരണം മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണ യോഗമാണെന്ന് അന്നത്തെ എസ്.പി ശ്രീശുകന്‍ നല്‍കിയ റിപ്പോര്‍ട്ട് ലീഗിനെ പ്രകോപിപ്പിച്ചിരുന്നു. ശ്രീശുകന്‍ സ്ഥലം മാറ്റപ്പെടുകയും ജില്ലാതല പൊലീസില്‍ ലീഗ് പിടിമുറുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച്, സ്പെഷല്‍ബ്രാഞ്ച്, ഡി.സി.ആര്‍.ബി, പൊലീസ് എന്നിവയില്‍ സി.പി.എം, ബി.ജെ.പി സ്വാധീനമാണ് നിലനില്‍ക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. വ്യാഴാഴ്ചത്തെ യോഗം ജില്ലയിലെ പൊലീസ് സംവിധാനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍