മനാമ: ആള്‍താമസമുള്ള ഫ്ളാറ്റില്‍ പട്ടാപകല്‍ മോഷണം. അറബി വേഷത്തിലെത്തിയ സ്വദേശിയാണ് അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഹമദ് ടൗണിലെ മെഗാമാര്‍ട്ടിന് സമീപം ഗാരേജ് ഗല്ലിക്കടുത്ത ഫ്ളാറ്റിലാണ് സംഭവം. രണ്ട് മുറികളിലായി നാല് മലയാളികളാണ് ഇവിടെ താമസിക്കുന്നത്. ഈസമയത്ത് താമസക്കാരെല്ലാം സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ സെയില്‍സ്മാന്മാരായി ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സവാദ് മുഹമ്മദിന്‍െറ 240 ദിനാറും സി.പി.ആറും എ.ടി.എം കാര്‍ഡും അടങ്ങുന്ന പേഴ്സും അനസ് റഹീമിന്‍െറ സി.പി.ആറും ബാങ്ക് കാര്‍ഡും മറ്റും അടങ്ങുന്ന പേഴ്സുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അടുത്ത മാസം നാട്ടില്‍ പോകാന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പലരില്‍നിന്ന് സ്വരൂപിച്ച പണമാണ് സവാദിന് നഷ്ടമായത്.
രണ്ട് നിലകളുള്ള കെട്ടിടത്തിന്‍െറ താഴേ നിലയിലാണ് ഇവര്‍ താമസിക്കുന്ന മുറി. രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞുവന്ന സവാദ് മുഹമ്മദും അനസ് റഹീമും നല്ല ഉറക്കത്തിലായിരുന്നു. തൊട്ടടുത്ത മറ്റൊരു മുറിയില്‍ കൊല്ലം കൊട്ടിയം സ്വദേശിയായ ശശിയും കൊല്ലം പുത്തൂരിലെ അഭിലാഷുമുണ്ടായിരുന്നു. ഈസമയം വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. ശശി ബാത്ത്റൂമിലായിരുന്നു. മുറിയിലേക്ക് കയറി വന്ന അറബി വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നയാളെ അന്വേഷിച്ചു. അങ്ങനെയൊരാള്‍ റൂമില്‍ ഇല്ലെന്ന് അഭിലാഷ് മറുപടി പറഞ്ഞു. അറബി തിരിച്ചു പോവുകയും ചെയ്തു. എട്ടര മണിയോടെ ഉറക്കമുണര്‍ന്ന സവാദും അനസും കുളി കഴിഞ്ഞ് ഷോപ്പിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ പാന്‍റ്സിന്‍െറ പോക്കറ്റ് തപ്പിയപ്പോഴാണ് പേഴ്സുകള്‍ കാണാതായത് അറിയുന്നത്. രണ്ട് പേരും ഉടനെ അടുത്ത റൂമിലുള്ളവരെ ബന്ധപ്പെട്ടപ്പോഴാണ് രാവിലെ അറബി കയറിവന്ന വിവരം പറയുന്നത്. സാധാരണ ബാങ്കിലിടാനുള്ള പണം അനസ് പേഴ്സില്‍ സൂക്ഷിക്കാറുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി കടയില്‍നിന്ന് പണം എടുക്കാതിരുന്നതിനാല്‍ വലിയ തുക നഷ്ടമായില്ല. സവാദിന്‍െറ പണമാണ് നഷ്ടപ്പെട്ടത്. ഇരുവരും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരുമാസം മുമ്പ് സര്‍ദാര്‍ താമസിക്കുന്ന വീട്ടില്‍ ഇതുപോലെ മോഷണം നടത്തിരുന്നു. ഉച്ചക്ക് വിശ്രമിക്കുന്നതിനിടെ മയങ്ങുന്ന സമയം നോക്കിയായിരുന്നു അന്ന് കവര്‍ച്ച നടത്തിയത്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പല രീതിയിലുള്ള മോഷണങ്ങള്‍ അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പുകളിലുമുള്ള മോഷണങ്ങള്‍ക്ക് പുറമെ വലിയ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍വരെ കുത്തിത്തുറന്ന് മോഷണം നടക്കുകയുണ്ടായി. ചിലയിടങ്ങളില്‍ എ.ടി.എം കൗണ്ടറുകളും കവര്‍ച്ചചെയ്യപ്പെട്ടു. വീടുകളും മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നതായാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍