ഹജ്ജ് സബ്സിഡി അടുത്ത പത്ത് വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്നും പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘം ഭരണഘടനാ വിരുദ്ധവുമാണെന്നുമുള്ള, ജസ്റ്റിസുമാരായ ആഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ചിന്‍െറ വിധി എല്ലാ അര്‍ഥത്തിലും സ്വാഗതാര്‍ഹമാണ്. ഹജ്ജ് സബ്സിഡിയെന്ന പേരില്‍ കോടിക്കണക്കിന് രൂപയാണ് വര്‍ഷങ്ങളായി എയര്‍ ഇന്ത്യ കമ്പനിക്ക് സര്‍ക്കാര്‍ നിര്‍ലോഭമായി നല്‍കുന്നത്. അതായത്, വിശ്വാസികളുടെ പേരുപറഞ്ഞ് നഷ്ടത്തിലോടുന്ന വിമാനക്കമ്പനിയെ തീറ്റുന്ന ഏര്‍പ്പാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്. അടിച്ചേല്‍പിക്കപ്പെട്ട ഈ സബ്സിഡി ആവശ്യമില്ളെന്ന് മുസ്്ലിം സംഘടനകള്‍ പലതവണ വ്യക്തമാക്കിയതാണ്. എന്നാല്‍, ഹാജിമാരെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് മുസ്ലിംകളുടെ അനുഭാവം പിടിച്ചു പറ്റുകയും കെടുകാര്യസ്ഥതകൊണ്ട് ഉഴലുന്ന വിമാനക്കമ്പനിയെ രക്ഷിക്കുകയുംചെയ്യുക എന്ന വഞ്ചനാത്മകമായ ഇരട്ടത്താപ്പാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം, രാജ്യത്ത് മുസ്്ലിം പ്രീണനം നടക്കുന്നുവെന്ന പ്രചാരണം സൃഷ്ടിച്ച് വര്‍ഗീയത വളര്‍ത്താന്‍ ബി.ജെ.പി-ആര്‍.എസ്.എസ് സംഘത്തിന് ഇത് അവസരമുണ്ടാക്കുകയും ചെയ്തു.
സ്വന്തമായി പണമുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായിട്ടുള്ള കര്‍മമാണ് ഹജ്ജ്. നാട്ടില്‍ വര്‍ഗീയപ്രചാരണത്തിന് നിമിത്തമുണ്ടാക്കി, സര്‍ക്കാറിന്‍െറ സൗജന്യത്തില്‍ ചെയ്യേണ്ട കര്‍മമല്ല അത്. ഇക്കാര്യമാണ് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയത്. അതേസമയം, വിശ്വാസികളുടെ വിശ്വാസപരമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നത് ഭരണഘടനാപരമായി തെറ്റല്ളെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. യുക്തിവാദികളും തീവ്ര മതേതരവാദികളും കാലങ്ങളായി ഉയര്‍ത്തുന്ന ഒരു ആശയത്തെയാണ് സുപ്രീംകോടതി ഇവിടെ ഖണ്ഡിച്ചിരിക്കുന്നത്.
സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നപേരില്‍ പ്രധാനമന്ത്രിയുടെ ഹജ്ജ് പ്രതിനിധിസംഘം എന്ന വ്യാജേന രാഷ്ട്രീയക്കാരെയും സില്‍ബന്തികളെയും സൗദിയിലേക്ക് കയറ്റി അയക്കുന്ന വഷളന്‍ ഏര്‍പ്പാടിനെയും കോടതി ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്. അങ്ങനെ വല്ല സൗഹൃദ സംഘവും പോവേണ്ടതുണ്ടെങ്കില്‍ ഒരു നേതാവും ഉപനേതാവുമടങ്ങുന്ന സംഘം മതിയെന്നും സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. രസകരമായ കാര്യം, മേല്‍പറഞ്ഞ സബ്സിഡി പണം ഉപയോഗിച്ചാണ് ഈ രാഷ്ട്രീയ ഹാജിമാരെയും ഇക്കാലമത്രയും തീറ്റിപ്പോറ്റിയത് എന്നാണ്.
വിശ്വാസികള്‍ ഏറ്റവും മഹത്തരമായി കരുതുന്ന ഹജ്ജിന്‍െറ കാര്യത്തില്‍ ദൗര്‍ഭാഗ്യവശാല്‍, വൃത്തികെട്ട കച്ചവടതാല്‍പര്യങ്ങള്‍ പലതും വന്നുചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ഹജ്ജ് സംവിധാനത്തെയാകമാനം അഴിച്ചു പണിയുന്ന ബൃഹത്തായ ഒരു പ്രക്രിയ നടക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ ഇടപെടലുകള്‍ അതിന് പ്രേരകമാവുമെന്ന് വിശ്വസിക്കാം. വിശ്വാസികളും മുസ്്ലിം സംഘടനകളും ഇക്കാര്യത്തില്‍ കനത്ത ജാഗ്രത കാണിക്കേണ്ടതുണ്ട്. വിശ്വാസികളെ വഞ്ചിച്ച് ഹജ്ജിനെ കച്ചവടവത്കരിക്കുന്നവരെ തുറന്നുകാട്ടാനും നിലക്കുനിര്‍ത്താനുമുള്ള ബാധ്യത വിശ്വാസികള്‍ക്കുണ്ട്. അതേസമയം, കഷ്ടപ്പെട്ട് പണം സ്വരുക്കൂട്ടിയശേഷവും കാലങ്ങളായി ആഗ്രഹം കൊണ്ടുനടന്നിട്ടും ഹജ്ജിന് പോകാന്‍ അവസരം ഒത്തുകിട്ടാത്ത വിശ്വാസികള്‍ ധാരാളമുണ്ട്. അവരുടെ വികാരങ്ങളെ മനസ്സിലാക്കി പരമാവധി ആളുകള്‍ക്ക് ഹജ്ജിന് പോകാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മലേഷ്യയില്‍ നിലനില്‍ക്കുന്ന പില്‍ഗ്രിംസ് മാനേജ്മെന്‍റ് ഫണ്ട് പോലെയുള്ള സംവിധാനങ്ങളെക്കുറിച്ച് നമുക്കും ആലോചിക്കാവുന്നതാണ്. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരുടെ പണം നിക്ഷേപമായി സ്വീകരിച്ചു കൊണ്ട് ഹജ്ജ് നടത്തിപ്പ് തന്നെ നിര്‍വഹിക്കുന്ന മഹത്തായ സംരംഭമാണത്. ഭാവനയും താല്‍പര്യവുമുണ്ടെങ്കില്‍ നമ്മുടെ നാട്ടിലും നടപ്പാക്കാന്‍ പറ്റുന്നത് മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍. ഹജ്ജിനെയും വിറ്റ് കാശാക്കാന്‍ വിചാരിക്കുന്നവരില്‍നിന്ന് പക്ഷേ ഇതൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍