12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഒടുവില്‍ കൊമ്മഞ്ചേരിയില്‍ അധികൃതരെത്തി

സുല്‍ത്താന്‍ ബത്തേരി: കോളനി നിറയെ ഏമാന്മാര്‍. പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ജനപ്രതിനിധികള്‍. വനംവകുപ്പ്, ട്രൈബല്‍, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍. വയര്‍നിറച്ച് ചോറും കോഴിക്കറിയും.
രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ആരോഗ്യ പരിശോധന. ചികിത്സ, മരുന്ന്, ക്ഷീണം മാറാന്‍ ടോണിക്. ജനന മരണ രജിസ്ട്രേഷന്‍. ഓരോ കുടുംബത്തിനും തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്. ആശ്രയമറ്റവര്‍ക്കുള്ള അവസാനത്തെ ആശ്രയമായ ‘ആശ്രയ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വസ്ത്രങ്ങള്‍, മരുന്ന്, നിത്യോപയോഗ സാധനങ്ങള്‍. അവസാനം, നാമമാത്രമായ മേല്‍ക്കൂരക്കുമീതെ പുതിയ സില്‍പോളിന്‍ ഷീറ്റുകള്‍ കെട്ടിക്കൊടുക്കുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട കാനന വാസത്തിനിടയില്‍ ആദ്യമായിട്ടാണ് കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനി നിവാസികള്‍ക്ക് ഇത്തരത്തില്‍ ഒരനുഭവം .
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. അയ്യൂബിന്‍െറ നേതൃത്വത്തില്‍ 50 അംഗ സംഘം ചൊവ്വാഴ്ച രാവിലെയാണ് കാനന മധ്യത്തിലെ കാട്ടുനായ്ക്ക കോളനിയിലെത്തിയത്.
ചെതലയത്തെ സാമൂഹിക പ്രവര്‍ത്തകന്‍ തോട്ടക്കര കുഞ്ഞുമുഹമ്മദ് അല്ലാതെ ഇതുവരെ ഇവരെ അന്വേഷിച്ച് ആരും എത്തിയിരുന്നില്ല.
സംഘത്തെ കണ്ട് കുട്ടികള്‍ പലരും ഉള്‍വനത്തില്‍ ഓടിയൊളിച്ചു. മണ്ണിളകിയ മുളചീന്തുകള്‍ക്കിടയിലൂടെ പെണ്ണുങ്ങള്‍ പാളി നോക്കി. കുഴപ്പക്കാരല്ലെന്ന് തോന്നിയപ്പോള്‍ പുരുഷന്മാര്‍ ഇറങ്ങിവന്നു. നിനച്ചിരിക്കാതെ വയര്‍ നിറച്ച് ഭക്ഷണം കിട്ടിയപ്പോള്‍ കോളനി നിവാസികള്‍ക്ക് പെരുത്ത് സന്തോഷം. ഓടി ഒളിച്ച മക്കളെ നീട്ടിവിളിച്ചു. എല്ലാവരും ചേര്‍ന്നപ്പോള്‍ ഉത്സവപ്രതീതി.
ജനനവും മരണവും ഒരിക്കലും പുറംലോകമറിയാത്ത കോളനിയില്‍ ജനന-മരണ രജിസ്ട്രേഷനുവേണ്ടി ഉദ്യോഗസ്ഥന്മാര്‍ ‘കടലാസും പൊസ്തക’വുമെടുത്തപ്പോള്‍ എല്ലാവരും രജിസ്ട്രേഷനു റെഡി. ഇതുവരെ ഇവിടെ ആരും ജീവിച്ചിരിക്കുന്നതായി ഒരു രജിസ്റ്റര്‍ പുസ്തകത്തിലുമില്ല.
’ചൂക്കോട്’ ഒന്നുമില്ല. ഞങ്ങള്‍ക്ക് നിങ്ങടെ മരുന്ന് വേണ്ടയോ’ എന്നായിരുന്നു മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്താന്‍ പറഞ്ഞപ്പോള്‍ കോളനി നിവാസികളുടെ മറുപടി. മരുന്നും ചികിത്സയും ഇന്നേവരെ അവര്‍ക്ക് പരിചയമില്ല.
വീടില്ല, റോഡില്ല, വൈദ്യുതിയില്ല, ശുദ്ധജലമില്ല. സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി, സംസ്ഥാന പാതയില്‍ ചെതലയം ആറാം മൈലില്‍നിന്ന് കൊടും വനത്തിലൂടെ മൂന്നര കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ കൊമ്മഞ്ചേരി കോളനിയിലെത്താനാവൂ. താമസം തുടങ്ങി തലമുറകള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് വീട്ടുനമ്പരും തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചത് കഴിഞ്ഞവര്‍ഷമാണ്. ആറ് കുടുംബങ്ങളിലായി 21 പേര്‍. ആരും സ്കൂളിന്‍െറ പടി കയറിയിട്ടില്ല.
വന്യജീവികള്‍ക്കു നടുവില്‍ കൊച്ചുകൂരക്കുള്ളിലും മരത്തില്‍ വലിച്ചുകെട്ടിയ പ്ളാസ്റ്റിക് ഷീറ്റിനു താഴെയുമായാണ് താമസം. കേന്ദ്ര സര്‍ക്കാറിന്‍െറ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വന്നപ്പോള്‍ പ്രഥമ പരിഗണന ഇവര്‍ക്കാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പരിഗണിക്കപ്പെട്ട 112 വനഗ്രാമങ്ങളില്‍ കൊമ്മഞ്ചേരിയുടെ പേരില്ല. കടുത്ത വിമര്‍ശമുയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം നേരിട്ട് ട്രൈബല്‍ ഫണ്ട് ഉപയോഗപ്പെടുത്തി വനത്തിനുപുറത്ത് അര ഏക്കര്‍ ഭൂമി വാങ്ങി വീടുവെച്ചു കൊടുത്ത് ഇവരെ പുനരധിവസിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമെത്തിയത്. ഇവരെ എവിടേക്കാണ് പുനരധിവസിപ്പിക്കുകയെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല.
പഞ്ചായത്ത് പ്രസിഡന്‍റിനു പുറമെ വൈസ് പ്രസിഡന്‍റ് രാധാ രാഘവന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സി.വി. ജോയി, വനംവകുപ്പ്, ട്രൈബല്‍, റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ടീം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കൊമ്മഞ്ചേരി കോളനി നിവാസികളുടെ ദുരിതങ്ങള്‍ പുറംലോകത്തെത്തിച്ച തോട്ടക്കര കുഞ്ഞുമുഹമ്മദും സ്ഥലത്തെത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com