സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് സിനിമയിലെ പരസ്യങ്ങള്‍ക്ക്. 1927ലെ നിശ്ശബ്ദചിത്രമായ ‘വിങ്സി’ല്‍ ഹെര്‍ഷെയ്സ് ചോക്കലേറ്റിന്‍െറ പരസ്യമുണ്ടായിരുന്നു. പിന്നീട് കച്ചവട സിനിമകളിലെല്ലാം അതൊരു പതിവായി. ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ ഉല്‍പന്നത്തെ പരിചയപ്പെടുത്തുമ്പോള്‍ കിട്ടുന്ന ഉപഭോക്താവിന്‍െറ കൂടിയ അളവിലുള്ള ശ്രദ്ധ തന്നെയാണ് ഈ പ്രചാരവേലയുടെ പ്രചോദനം. സിനിമയില്‍ കാണിക്കുന്ന ഉല്‍പന്നത്തിന്‍െറ ദൃശ്യത (visibility) നിമിഷാര്‍ധത്തില്‍ മിന്നിമറിയുന്ന ടി.വി പരസ്യത്തില്‍ കിട്ടില്ല. ടി.വി പരസ്യം വരുമ്പോള്‍ നമുക്ക് ചാനല്‍ മാറ്റാം. പക്ഷേ സിനിമ കാണുന്ന പ്രേക്ഷകര്‍ കാഴ്ചയുടെ തടവുകാരാണ്. പിടിച്ചുകൂട്ടിലിട്ട ഈ പ്രേക്ഷകസമൂഹത്തെ (captive audience)യാണ് ഇത്തരം പരസ്യങ്ങള്‍ ഉന്നംവെക്കുന്നത്. കഥാഗതിയോട് വിളക്കിച്ചേര്‍ത്തുകൊണ്ട് ഉല്‍പന്നങ്ങളെ അവതരിപ്പിക്കുന്നതാണ് ഇതിന്‍െറ രീതി. രാജ്ദൂതിനെ പ്രസിദ്ധമാക്കിയത് ‘ബോബി’യായിരുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കാം.

ചലച്ചിത്രങ്ങളിലെ ഉല്‍പന്നനിക്ഷേപം (product placement) ആഗോളീകരണാനന്തര ഇന്ത്യന്‍സിനിമയില്‍ ഒരു പതിവായി മാറിക്കഴിഞ്ഞു. മലയാളത്തില്‍ ‘കസ്തൂരിമാന്‍’ എന്ന ചിത്രത്തിലാണ് ഒരു സ്വര്‍ണവില്‍പനശാലയുടെ പരസ്യം കഥാഗതിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്. വിനോദത്തിനിടയിലെ ഈ വാണിജ്യവേലയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലാല്‍ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്. ലാല്‍ജോസ് ആദ്യമായി നിര്‍മാണം കൂടി നിര്‍വഹിക്കുന്ന ചിത്രമാണിത്. ബ്രാന്‍ഡ് പാര്‍ട്ണര്‍ ആയ സ്വര്‍ണവ്യാപാരിക്ക് കൊടുത്ത അമിതമായ പ്രധാന്യം ചിത്രത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെപ്പോലും ഒരു പരിധിവരെ ബാധിച്ചിട്ടുണ്ട്.

സിനിമ ഒരു കലാരൂപമായിരിക്കുമ്പോള്‍ തന്നെ മൂലധനതാല്‍പര്യങ്ങളുള്ള ഒരു വ്യവസായം കൂടിയാണ് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോള്‍ ലാല്‍ജോസിന്‍െറ ഈ സംരംഭത്തില്‍ വാണിജ്യതാല്‍പര്യങ്ങള്‍ക്കൊപ്പം എത്രത്തോളം കലാമൂല്യം ഉള്ളടങ്ങിയിരിക്കുന്നു എന്നു ചിന്തിക്കുന്നതാവും കൂടുതല്‍ ഉചിതം എന്നു തോന്നുന്നു.
ഒരു മറവത്തൂര്‍ കനവ് മുതല്‍ സ്പാനിഷ് മസാല വരെയുള്ള ചിത്രങ്ങളില്‍നിന്ന് ലാല്‍ജോസ് നടത്തുന്ന ചെറിയ ചുവടുമാറ്റം ഈ സിനിമയില്‍ പ്രകടമാണ്. നവധാരാ സിനിമയുടെ ചില ഈടുവെയ്പ്പുകളെ കൂടി ഉള്‍ച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. സംഭവബഹുലമായ കഥ, കോമഡിക്കായുള്ള താരങ്ങള്‍, സംഘട്ടനരംഗങ്ങള്‍ തുടങ്ങിയ പതിവുചേരുവകളില്‍നിന്ന് അദ്ദേഹം അകലം പാലിക്കുന്നു. ഒരു ചെറുകഥ പോലെ ചെറിയ കഥാതന്തുവില്‍നിന്ന് കെട്ടിപ്പൊക്കിയതാണ് ഈ ചിത്രം. സംഭാഷണങ്ങളില്‍ സ്വാഭാവികമായി കടന്നുവരുന്നതാണ് നര്‍മം. തിന്മക്കെതിരായ നായകന്‍െറ പോരാട്ടമോ പ്രതിനായകനോ ചിത്രത്തിലില്ല. ഒരു യുവാവ് ചെന്നുപെടുന്ന ചില അവസ്ഥകളാണ് ചിത്രത്തിന്‍െറ പ്രമേയം. താരങ്ങളെ മണ്ണിലിറക്കുന്ന നവധാരാ സിനിമകളുടെ പ്രവണതക്ക് ലാല്‍ജോസിനെപ്പോലെ മുഖ്യധാരയിലെ പ്രമുഖനായ ഒരു സംവിധായകന്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ആഹ്ളാദം പകരുന്ന കാര്യം തന്നെ.
ഫഹദ് ഫാസില്‍ എന്ന താരവും സമീര്‍ താഹിര്‍ എന്ന ഛായാഗ്രാഹകനും നവധാരാ സിനിമകളിലെ ശക്തമായ സാന്നിധ്യങ്ങളാണ്. ധീരോദാത്തനതിപ്രതാപഗുണവാന്‍ എന്ന സാമ്പ്രദായിക നായകസങ്കല്‍പത്തില്‍നിന്നുള്ള പ്രകടമായ വിച്ഛേദത്തിന് നാന്ദികുറിച്ച നടന്മാരില്‍ ഒരാളാണ് ഫഹദ്. ചാപ്പാകുരിശും 22 ഫീമെയില്‍ കോട്ടയവും അതിന് ഉദാഹരണങ്ങള്‍.

അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാത്ത മിതവും സാരവുമായ ശരീരഭാഷയില്‍ അടക്കിപ്പിടിച്ച അഭിനയശൈലിയാണ് അദ്ദേഹത്തിന്‍േറത്. സ്തോഭപ്രകടനത്തിനായി അയാളുടെ മുഖപേശികള്‍ വെറുതെ വലിഞ്ഞു മുറുകുന്നില്ല. വിദേശഭാഷാചിത്രങ്ങളുടെ കാഴ്ചാശിക്ഷണത്തില്‍നിന്നായിരിക്കണം ഫഹദ് ഇത്തരമൊരു അഭിനയശൈലി ഇവിടെ പരീക്ഷിക്കുന്നത്. അനായാസമായ ചില ഭാവപ്രകടനങ്ങള്‍ ഫഹദ് ഈ ചിത്രത്തില്‍ കാഴ്ചവെക്കുന്നു. മുന്‍ഗാമികളുടെ കാലടയാളങ്ങള്‍ നോക്കിയല്ല ഈ യുവാവിന്‍െറ നടപ്പ് എന്ന് ഈ സിനിമയും ഊന്നിപ്പറയും. മലയാളവും ഇംഗ്ളീഷും ഹിന്ദിയും തമിഴും ഒഴുക്കോടെ സംസാരിക്കുന്ന ഒരു വിദേശഇന്ത്യക്കാരനെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ഫഹദിനു കഴിഞ്ഞു.
ബിഗ് ബി, ഡാഡികൂള്‍, നിദ്ര തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സമീര്‍ താഹിര്‍ കാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകര്‍ ഉള്ളത് മലയാളത്തിലാണെന്നത് സര്‍വസമ്മതമായ യാഥാര്‍ഥ്യം. മധു അമ്പാട്ടിനും വേണുവിനും സന്തോഷ് ശിവനും രാജീവ് രവിക്കും രവി കെ ചന്ദ്രനുമൊക്കെ ശേഷം സമീറിന്‍െറ പേരും നമുക്ക് നിസ്സംശയം എഴുതിച്ചേര്‍ക്കാം. വിസ്മയിപ്പിക്കുന്ന ദൃശ്യവിന്യാസങ്ങളുമായി സമീര്‍ ഈ ചിത്രത്തില്‍ തന്‍െറ വേറിട്ട സാന്നിധ്യം അറിയിക്കുന്നു. ഫഹദിന്‍െറയും സമീറിന്‍െറയും സാന്നിധ്യംകൊണ്ട് ഒരു പക്ഷേ നവധാരാ സിനിമ എന്ന് ലേബല്‍ ചെയ്യപ്പെടുമായിരുന്ന ചിത്രത്തിന്‍െറ ആഖ്യാനത്തില്‍ പക്ഷേ വലിയ അഭ്യാസങ്ങള്‍ക്കൊന്നും സംവിധായകന്‍ മുതിര്‍ന്നിട്ടില്ല.

ഡോ. മുഹമ്മദ് ഇക്ബാല്‍ കുറ്റിപ്പുറം നിറം, മേഘമല്‍ഹാര്‍, ഗ്രാമഫോണ്‍, സ്വപ്നക്കൂട്, 4 ദ പീപ്പിള്‍, അറബിക്കഥ, സെവന്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രചന നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഡയമണ്ട് നെക്ലേസ്. കമലിന്‍െറ കൂടെയായിരുന്നു ഡോ. ഇക്ബാല്‍ ആദ്യകാലത്ത് സിനിമകള്‍ ചെയ്തിരുന്നത്. വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളില്‍ തികച്ചും സാധാരണമായ കഥകള്‍ സ്വാഭാവികത നിലനിര്‍ത്തി പറയുന്ന രീതിയാണ് അദ്ദേഹത്തിന്‍േറത്. ജൂതത്തെരുവിലെ ജീവിതങ്ങള്‍ ചിത്രീകരിച്ച ഗ്രാമഫോണ്‍ ഇക്ബാലിന്‍െറ മികച്ച രചനയായിരുന്നു. ദുര്‍ബലഹൃദയരായ പ്രേക്ഷകര്‍ക്കുവേണ്ടി കൈ്ളമാക്സ് മാറ്റുക എന്ന ചരിത്രപരമായ അപരാധം ചെയ്തില്ലായിരുന്നെങ്കില്‍ കുറേക്കൂടി ശ്രദ്ധിക്കപ്പെടുമായിരുന്നു ആ ചിത്രം. ജെന്നിഫര്‍ എന്ന ജൂതപെണ്‍കുട്ടി ഇസ്രായേലിലേക്കു മടങ്ങുന്ന കഥാന്ത്യം റിലീസിന്‍െറ അടുത്ത ആഴ്ച മാറ്റി ‘അനന്തരം നായകനും നായികയും സുഖമായി ജീവിച്ചു’ എന്ന പതിവ് ശുഭാന്ത്യത്തില്‍ അവസാനിപ്പിക്കുകയായിരുന്നു ഗ്രാമഫോണ്‍. സെവന്‍സ് എന്ന ജോഷിച്ചിത്രത്തില്‍ ഇക്ബാലിന് പക്ഷേ വേറിട്ട ഒരു സ്പര്‍ശം അനുഭവിപ്പിക്കാനായില്ല. കാല്‍പ്പന്തുകളിയോ ക്വട്ടേഷന്‍കഥയോ വേണ്ടത് എന്ന കണ്‍ഫ്യൂഷന്‍ കഥയിലുടനീളം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു തോന്നുന്നു. സെവന്‍സിന്‍െറ ക്ഷീണത്തില്‍നിന്ന് കരകയറും വിധമാണ് ഡയമണ്ട് നെക്ലേസിന് അദ്ദേഹം രചന നിര്‍വഹിച്ചിരിക്കുന്നത്. സംഭാഷണങ്ങളില്‍ സ്വാഭാവികമായി കടന്നുവരുന്ന നര്‍മം, ചെറിയ ഒരു കഥാതന്തുവിനെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിപ്പിക്കുന്ന രീതി എന്നിവ അദ്ദേഹം കൈയൊതുക്കത്തോടെ നിര്‍വഹിച്ചുകാണുന്നു. അറബിക്കഥയില്‍ ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങള്‍ സ്പര്‍ശിച്ച അദ്ദേഹം സാമ്പത്തിക അച്ചടക്കമില്ലാത്ത നാഗരികയൗവനത്തിന്‍െറ ജീവിതാവസ്ഥകളാണ് ഈ ചിത്രത്തില്‍ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. ഒരു സമ്പന്നയുവാവിന്‍െറ ബന്ധങ്ങള്‍, ആ കഥാപാത്രത്തിന്‍െറ പരിവര്‍ത്തനങ്ങള്‍ എന്നിവ സ്വാഭാവികമായ കഥാഗതികളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അതിലെവിടെയും തെല്ലുമില്ല ഉദ്ബോധനത്തിന്‍െറയോ സാരോപദേശത്തിന്‍െറയോ ലാഞ്ചനപോലും. ഒരു ഹ്രസ്വചിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇക്ബാല്‍ തിരക്കഥ തയാറാക്കിയിരിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രമായി ആ കഥാതന്തുവിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു. ലേബര്‍ക്യാമ്പിലെ ജീവിതവും ഗള്‍ഫിലെ മലയാളികള്‍ക്കിടയിലെ സാമ്പത്തിക അന്തരവും ചെറിയ സൂചനകളോ ധ്വനികളോ ആയി ചിത്രത്തിലുണ്ട്.

സംവൃത സുനിലും ഗൗതമി നായരും അനുശ്രീയും തങ്ങളുടെ വേഷങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു. സൂര്യാ ടി.വിയിലെ റിയാലിറ്റിഷോ വിജയിയായ അനുശ്രീയെ ഇനിയും കഥാപാത്രങ്ങള്‍ തേടിയെത്തും എന്ന് ഉറപ്പ്. സെക്കന്‍ഡ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗൗതമി ഒരു തമിഴ്പെണ്‍കുട്ടിയായി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്ഥിരം വില്ലനായി ഒതുക്കപ്പെടുന്ന ശിവജി ഗുരുവായൂരിന്‍െറ അഭിനയപ്രാധാന്യമുള്ള ഒരു വേഷം ചിത്രത്തില്‍ കാണാം. വിദ്യാസാഗര്‍ ഈണം പകര്‍ന്ന റഫീക്ക് അഹമ്മദിന്‍െറ ഗാനങ്ങളില്‍ ‘‘നിലാമലരേ...മികച്ചുനില്‍ക്കുന്നു.
പുതിയ പ്രമേയങ്ങളിലേക്കും കഥാപശ്ചാത്തലങ്ങളിലേക്കും ദൃശ്യപരിചരണത്തിലെ നവീനതകളിലേക്കും കണ്ണു തുറക്കുന്ന മലയാളസിനിമയെ പിന്നോട്ടു വലിക്കുന്നില്ല ലാല്‍ജോസിന്‍െറ പുതിയ ചിത്രം എന്നത് ആശ്വാസകരം തന്നെ. പതിവുവിജയഫോര്‍മുലകളെ ആവര്‍ത്തിച്ച് നാണംകെടാന്‍ താന്‍ തയാറല്ല എന്ന അദ്ദേഹത്തിന്‍െറ നിശ്ശബ്ദമായ പ്രഖ്യാപനവും ഈ ചിത്രത്തിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍