റോം: പ്രമുഖ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ഇടതു സോഷ്യലിസ്റ്റ് ചായ്വ് ഇറ്റാലിയന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസം ദൃശ്യമായി. 900ത്തോളം നഗരങ്ങളിലേയും പട്ടണങ്ങളിലേയും ഭരണ സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോനിയുടെ പീപ്പ്ള്‍ ഓഫ് ഫ്രീഡം പാര്‍ട്ടി 12 ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രംനേടി ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങി.
യൂറോസോണ്‍ രാഷ്ട്ര സാരഥികള്‍ വിഭാവനം ചെയ്ത കര്‍ക്കശമായ സാമ്പത്തിക അച്ചടക്ക നടപടികളോടും പൊതുജനക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കിയതിനോടുമുള്ള ജനങ്ങളുടെ നീരസമാണ് ഇറ്റാലിയന്‍ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തി.
രാഷ്ട്രീയ വരേണ്യവര്‍ഗ നിലപാടുകളോടുള്ള പ്രതിഷേധമെന്ന നിലയില്‍ രൂപം കെണ്ട ‘ഫൈവ് സ്റ്റാര്‍’ പാര്‍ട്ടി വിസ്മയകരമായ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹാസ്യതാരം ബെപ്പി ഗ്രില്ളോയാണ് ഈ സംഘടനക്ക് രൂപം നല്‍കിയത്. പ്രധാന നഗരങ്ങളില്‍ ഇടതുപക്ഷ, മധ്യപക്ഷ പാര്‍ട്ടികളാണ് നേട്ടം കൊയ്തത്.
ഇറ്റലിയില്‍ യുഗപ്പകര്‍ച്ച സംഭവിച്ചിരിക്കുകയാണെന്ന്് ബെപ്പി ഗ്രില്ളോ യൂട്യൂബിലൂടെ നല്‍കിയ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ഇത് മാറ്റത്തിന്‍െറ തുടക്കമാണെന്നും രാഷ്ട്രീയ അതിസാരം ബാധിച്ച പാര്‍ട്ടികള്‍ കളംവിടുകയാണെന്നും ജനകീയ ശക്തികള്‍ അധികാര സിംഹാസനങ്ങളില്‍ സ്ഥാനം പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം രാജ്യത്ത് പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളെ ദിശാ സൂചനയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഒബാമയുടേതാകാം അടുത്ത പതനം
വാഷിങ്ടണ്‍: തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് വോട്ടര്‍ കടുത്ത പ്രഹരം നല്‍കിക്കൊണ്ടിരിക്കെ അടുത്ത തിരിച്ചടിയുടെ ഇര യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആയേക്കുമെന്ന് നിരീക്ഷകര്‍. ഒബാമയുടെ ഉറ്റ തോഴനായ നികളസ് സാര്‍കോസിക്ക് പ്രസിഡന്‍റ് പദം നഷ്ടമായതോടെ ഒബാമയുടെ നില പരുങ്ങലിലായെന്നാണ് വിലയിരുത്തല്‍. ബ്രിട്ടനിലെ ഗോര്‍ഡണ്‍ ബ്രൗണും ഇറ്റലിയിലെ ബെര്‍ലുസ്കോനിയും പടിയിറങ്ങിയത് നവംബറില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒബാമക്കെതിരായ സന്ദേശമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
യൂറോപ്യന്‍ നേതാക്കള്‍ നേരിടുന്ന അതേ വെല്ലുവിളികളാണ് സ്വന്തം മണ്ണില്‍ ഒബാമയും അഭിമുഖീകരിക്കുന്നത്. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, സാമ്പത്തിക മാന്ദ്യം, വര്‍ധിച്ചുവരുന്ന കടബാധ്യത, മധ്യവര്‍ഗ വിഭാഗങ്ങളുടെ അസംതൃപ്തി തുടങ്ങിയവ. ജനപ്രീതിയില്‍ റിപ്പബ്ളിക്കന്‍ പ്രതിയോഗിയേക്കാള്‍ ഒബാമക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും നിര്‍ണായകമായ ദിവസങ്ങളിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രയാണമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍