തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ മാറുന്നത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ അത് തയാറാക്കുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരസമിതി ശിപാര്‍ശ ചെയ്തു. അന്യസംസ്ഥാനക്കാരുടെ സേവനം പരമാവധി ഒഴിവാക്കി കേരളത്തിലെ ഇതര സര്‍വകലാശാലകളിലെ അധ്യാപകരെ ഉപയോഗിക്കാനാണ് ധാരണ.
സിലബസിനു പുറത്തുനിന്ന് ചോദ്യങ്ങള്‍ വരുന്നത് ഒഴിവാക്കാന്‍ ചോദ്യബാങ്ക് തയാറാക്കും. ഇതിലേക്കുള്ള ചോദ്യങ്ങള്‍ ആവശ്യപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍വകലാശാല കത്തയച്ചു. ഏതാനും കോളജുകള്‍ ഇതിനകം ചോദ്യങ്ങള്‍ അയച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ ചോദ്യബാങ്കില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉപയോഗിച്ചുതുടങ്ങും.
അന്യസംസ്ഥാനത്തെ കോളജ് അധ്യാപകരാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിലവില്‍ ചോദ്യപേപ്പര്‍ തയാക്കുന്നത്. ഒരുവിഷയത്തിന്റെ മൂന്ന് സെറ്റ് ചോദ്യപേപ്പര്‍ മുദ്രവച്ച കവറില്‍ പരീക്ഷാഭവനിലേക്ക് അയക്കും. ഇതിലൊന്ന് പരീക്ഷാഭവന്‍ അന്യസംസ്ഥാനത്തെ സെക്യൂരിറ്റിപ്രസിലേക്ക് അയക്കും.
അച്ചടിച്ച ചോദ്യപേപ്പറുകള്‍ തിരികെയെത്തുന്നതും മുദ്രവെച്ച കവറിലാണ്. അതിനാല്‍ ചോദ്യപേപ്പര്‍ പഴയതോ പുതിയതോയെന്ന് മനസ്സിലാക്കാന്‍ പരീക്ഷാഭവന് സാധിക്കുന്നില്ലെന്നാണ് ചോദ്യപേപ്പര്‍ ആവര്‍ത്തിക്കുമ്പോഴെല്ലാം അധികൃതര്‍ വിശദീകരിക്കാറുള്ളത്.
ഇതൊഴിവാക്കാനാണ് ചോദ്യബാങ്ക് തയാറാക്കുന്നത്. ഒരു പ്രത്യേക വിഷയം പഠിപ്പിക്കുന്ന മുഴുവന്‍ കോളജുകളില്‍നിന്നും ചോദ്യബാങ്കിലേക്ക് ചോദ്യങ്ങള്‍ ആവശ്യപ്പെടും. ചോദ്യം തയാറാക്കാനായി നിയോഗിക്കപ്പെടുന്ന അധ്യാപകന്‍ ഇതില്‍നിന്ന് മൂന്ന് സെറ്റ് ചോദ്യപേപ്പര്‍ തയാറാക്കും. ഇത് അച്ചടിക്കാന്‍ അന്യസംസ്ഥാനത്തെ സെക്യൂരിറ്റിപ്രസിലേക്ക് അയക്കാനാണ് പരീക്ഷാസ്ഥിരസമിതി ശിപാര്‍ശ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍