തൃശൂര്‍: എല്‍.ഡി.എഫിലോ സി.പി.എമ്മിനുള്ളിലോ ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏത് സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ചോദ്യം ചോദിച്ചതെന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു.
തൃശൂര്‍ പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ കുലംകുത്തികളെന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന് പിണറായി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കുലംകുത്തിഎന്നും കുലംകുത്തി തന്നെ. കുടുംബ്ധിന് എതിരെ നിലപാട് സ്വീകരിക്കുന്നവരെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചോദിക്കുന്നത് സങ്കുചിത മനഃസ്ഥിതിയാണ് -അദ്ദേഹം പറഞ്ഞു.
സി.പി.എം ഒറ്റപ്പെട്ടുവെന്ന പ്രചാരണം ശരിയല്ലെന്നും തങ്ങള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച വിശദീകരണം പൂര്‍ണമായി സമൂഹം സ്വീകരിച്ചെന്നും പിണറായി അവകാശപ്പെട്ടു. ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ച വി.എസിന്റെ നിലപാട് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതിന്റെ വിശദീകരണം അദ്ദേഹത്തോട് തിരക്കണമെന്നായിരുന്നു മറുപടി. സി.പി.ഐ നേതാക്കള്‍ നല്‍കിയ പ്രസ്താവനകളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല.
ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്ന വിഷയത്തില്‍ പ്രായോഗികമായ നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. മുമ്പ് മാറാട് കലാപസമയത്ത് മരണവീട് സന്ദര്‍ശിച്ച തന്നോട് ഇങ്ങനെ പറഞ്ഞ സംഭവമുണ്ട് -അദ്ദേഹം വിശദീകരിച്ചു.തീവ്രവാദ ബന്ധം അന്വേഷിക്കണം -പിണറായി
തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ ഏതെങ്കിലും തരത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും ഒരു തരത്തിലും ഭയപ്പാടില്ലെന്നും ആവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടുപോയവരെ കൊലപ്പെടുത്തുന്നരീതി തങ്ങള്‍ക്കില്ലെന്നും വെളിപ്പെടുത്തി. ചന്ദ്രശേഖരനെ സ്നേഹിക്കുന്നവര്‍ക്ക് സ്വഭാവികമായും ഏറെ വിഷമമുണ്ടാക്കുന്നതാണ് സംഭവം. കുറച്ചുനാള്‍ കഴിഞ്ഞ് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുമ്പോള്‍ സി.പി.എമ്മുകാര്‍ക്കും അവരുടെ കടകള്‍ക്കും വീടുകള്‍ക്കും നേരെ നടത്തിയ അക്രമങ്ങളില്‍ പശ്ചാത്തപിക്കേണ്ടിവരും.
തൃശൂര്‍ പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കൊലപാതകം പരിശോധിക്കുമ്പോള്‍ തീവ്രവാദികളുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ല. തീവ്രവാദികള്‍ പ്രയോഗിക്കുന്ന രീതികള്‍ ഈ സംഭവത്തില്‍ പ്രകടമാണ്. പക്ഷേ, ഏത് രീതിയിലെന്ന് പറയാന്‍ കഴിയില്ല. ചന്ദ്രശേഖരന്റെ കൊലപാതകം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന കാര്യം ആലോചിക്കണം. അഞ്ചാം മന്ത്രി ഉള്‍പ്പെടെ വിഷയങ്ങളില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതുമൂലം സാമുദായിക സന്തുലനം തകര്‍ന്നു എന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് നായരും ഈഴവനുമെന്ന് പറഞ്ഞ് മന്ത്രിമാരെ നിശ്ചയിച്ചു. തിരുവഞ്ചൂരിനെ ജാതിക്കാരനായി അധഃപതിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കത്തി കാണിച്ചാണ് ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി -അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം യഥാര്‍ഥ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പിണറായി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വെളിയില്‍ വന്നിട്ടും എന്തുകൊണ്ട് ആരും കസ്റ്റഡിയില്‍ ആകുന്നില്ലെന്നത് ആശ്ചര്യജനകമാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വരെ കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകുക എന്ന ദുഷ്ടലാക്കാണ് നടക്കുന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നത്് ഭീമനെന്ന മട്ടില്‍ സി.പി.എമ്മിന് മേല്‍ കെട്ടിവെക്കാനുള്ള ശ്രമം അനുവദിക്കില്ല. കാറിന്റെ ഉടമ നവീന്‍ദാസോ മുഖ്യ പ്രതി റഫീക്കോ സി.പി.എമ്മുമായി ബന്ധമുള്ളവരല്ല. അതേസമയം, നവീന്‍ദാസിന്റെ ബന്ധുവായ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലെ എല്ലാ ചടങ്ങുകളിലും കേന്ദ്രമന്ത്രി വയലാര്‍ രവി പങ്കെടുക്കാറുണ്ട്. എന്ന് കരുതി അവര്‍ക്ക് ബന്ധമുണ്ടെന്ന് ഞങ്ങള്‍ പറയില്ല -അദ്ദേഹം തുടര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍