12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

സര്‍വകലാശാലാ ഭൂമിദാനം; സിന്‍ഡിക്കേറ്റിന്റെ പങ്കിന് തെളിവുകള്‍

സര്‍വകലാശാലാ ഭൂമിദാനം;   സിന്‍ഡിക്കേറ്റിന്റെ പങ്കിന് തെളിവുകള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം സിന്‍ഡിക്കേറ്റിന്റെ ഒത്താശയോടെയാണെന്ന സംശയം ബലപ്പെടുന്നു. സര്‍വകലാശാലയില്‍ ഭൂമി നല്‍കുന്നുവെന്ന് ട്രസ്റ്റുകളെ സിന്‍ഡിക്കേറ്റ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് ഭൂമിദാനത്തില്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍തന്നെ പറയുന്നത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ച പ്രകാരമാണ് ട്രസ്റ്റുകള്‍ സര്‍വകലാശാലയിലെത്തിയതെന്നാണ് കേരള ഒളിമ്പിക്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. കോഴിക്കോട്ടെ ബാഡ്മിന്റണ്‍ അസോസിയേഷനും നേരത്തേ വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. സര്‍വകലാശാലക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൊടുക്കാന്‍ തീരുമാനിച്ചതെന്ന സിന്‍ഡിക്കേറ്റിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
സര്‍വകലാശാലക്ക് കിട്ടിയ അപേക്ഷകള്‍ പരിഗണിച്ചാണ് ഭൂമിയിടപാട് നടത്തിയതെന്നാണ് ഭൂമിദാനം റദ്ദാക്കി വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നത്. 93 കോടിയുടെ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഒളിമ്പിക്സ് അസോസിയേഷനെ ഉള്‍പ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു. ഏറെ മുതല്‍മുടക്കുള്ള പദ്ധതിയെ സഹായിക്കാമെന്ന് പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും ബന്ധപ്പെട്ടവരെല്ലാം മുസ്ലിംലീഗുമായി ബന്ധപ്പെട്ടവരായത് യാദൃച്ഛികമെന്നും വി.സി വിശദീകരിച്ചു.
എന്നാല്‍, ഈ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് ബാഡ്മിന്റണ്‍ ട്രസ്റ്റിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും വിശദീകരണങ്ങള്‍. കോഴിക്കോട് പെരുമണ്ണയില്‍ 45 കോടിയുടെ കോര്‍ട്ട് നിര്‍മിക്കാന്‍ പ്രയാസപ്പെടുമ്പോഴാണ് ബാഡ്മിന്റണ്‍ ട്രസ്റ്റിനെ സിന്‍ഡിക്കേറ്റിലെ ചിലര്‍ സമീപിച്ചത്. ട്രസ്റ്റിന്റെ പേരില്‍ അപേക്ഷ നല്‍കിയാല്‍ സൗജന്യമായി ഭൂമി വിട്ടുകിട്ടുമെന്നാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ പറഞ്ഞത്. അംഗങ്ങളുടെ പേര് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പറഞ്ഞില്ലെങ്കിലും സിന്‍ഡിക്കേറ്റോ വി.സിയോ ഇവരുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ചില്ല.
സമാന രീതിയിലാണ് ഒളിമ്പിക്സ് അസോസിയേഷനും ഇപ്പോള്‍ സര്‍വകലാശാലയുടെ പങ്ക് വെളിപ്പെടുന്ന രൂപത്തില്‍ രംഗത്തുവന്നത്. സിന്‍ഡിക്കേറ്റ്തന്നെ മുന്‍കൈയെടുത്ത് അപേക്ഷ വാങ്ങിയാല്‍ അതില്‍ തീരുമാനം ഉണ്ടാവാതിരിക്കുമോയെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭൂമിക്കാര്യം അറിയിച്ചത് സിന്‍ഡിക്കേറ്റ്
-ഒളിമ്പിക് അസോ.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയില്‍ പങ്കാളിത്തം തേടി സിന്‍ഡിക്കേറ്റും വി.സിയും ഇങ്ങോട്ട് സമീപിച്ചതാണെന്ന് കേരള ഒളിമ്പിക്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ പി.എ. ഹംസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്ട് അനുവദിച്ച അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സ്ഥലം അന്വേഷിച്ച് കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. പണിക്കരാണ് സര്‍വകലാശാലയിലെ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.എം. വേലായുധനെയാണ് സിന്‍ഡിക്കേറ്റംഗം വിളിച്ചത്. അതനുസരിച്ചാണ് ഞങ്ങള്‍ സര്‍വകലാശാലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ ബാഡ്മിന്റണ്‍ ട്രസ്റ്റിന് മൂന്നേക്കര്‍ സ്ഥലം നല്‍കാന്‍ ശ്രമിക്കുന്നുവെന്ന വിവരവും സിന്‍ഡിക്കേറ്റംഗം പറഞ്ഞു. അങ്ങനെയാണ് ഒളിമ്പിക്സ് അസോസിയേഷന്‍ സര്‍വകലാശാലക്ക് അപേക്ഷ നല്‍കിയത്. സര്‍വകലാശാലയുടെ 93 കോടിയുടെ പദ്ധതിയുമായി സഹകരിക്കണമെന്ന് വി.സിയും ആവശ്യപ്പെട്ടു. അങ്ങനെയാണ് 50 ഏക്കറിലെ പദ്ധതിയില്‍ അസോസിയേഷന്‍ പങ്കാളിയാവുന്നത്. പദ്ധതിപ്രദേശത്തിന്റെ അവകാശി പൂര്‍ണമായും സര്‍വകലാശാലയാണെന്നും ഭൂമി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വസ്തുത ഇതായിരിക്കെ ഒളിമ്പിക് അസോസിയേഷനെതിരെ ഭൂമിദാനമെന്ന് പറഞ്ഞ് കരിവാരിത്തേക്കുന്നത് ദുഃഖകരമാണ്. വിവാദത്തിന്റെ നിജസ്ഥിതി അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണമാവാമെന്നും അദ്ദേഹം പറഞ്ഞു.
92 പൈസ പോലുമില്ലാത്ത സംഘടനയാണ് അസോസിയേഷന്‍ എന്നാരോപിച്ച കായികമന്ത്രിയുടെ പ്രസ്താവനയോട് 600 കോടി ചെലവ് വരുന്ന ദേശീയ ഗെയിംസിന്റെ നടത്തിപ്പുകാര്‍ ഒളിമ്പിക്സ് അസോസിയേഷനാണെന്ന കാര്യം ആരും മറക്കരുതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.എം. വേലായുധന്‍, സെക്രട്ടറി വി.എം. മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com