12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കീടങ്ങള്‍, കീടനാശിനികള്‍

കീടങ്ങള്‍, കീടനാശിനികള്‍

ദല്‍ഹിയിലും സ്റ്റോക്ഹോമിലുമുള്ളവര്‍ക്ക് കാസര്‍കോട്ടെ മനുഷ്യരുടെ ദുരിതം മനസ്സിലായാലും തിരുവനന്തപുരത്തെ ഭരണാധികാരികള്‍ക്ക് മനസ്സിലാകുന്നില്ലെന്നോ? രണ്ടരപ്പതിറ്റാണ്ടുകാലം എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയേറ്റ് ജീവിതം നരകയാതനയായിപ്പോയവര്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരമോ വിഷമുക്തിയോ പോയിട്ട് ഇത്തിരി സഹാനുഭൂതിപോലും കേരള സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കേണ്ടെന്നോ? വിഷ ഉല്‍പാദകരുടെ പിടിയിലാണ് സര്‍ക്കാറെന്ന് വരുമ്പോള്‍ ഇരകള്‍ സ്റ്റോക്ഹോം മുതലിങ്ങോട്ടുള്ള തടസ്സങ്ങള്‍ മറികടന്ന് നേടിയ ഒരിത്തിരി കാരുണ്യംപോലും അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. കശുവണ്ടിത്തോട്ടങ്ങളിലെ കീടങ്ങളെപ്പോലെ കാസര്‍കോട്ടെ ആയിരക്കണക്കിന് മനുഷ്യരെയും ഉന്മൂലനം ചെയ്യാനും അവരുടെ യാതനകളില്‍നിന്ന് ലാഭം കൊയ്യാനും വിഷക്കച്ചവടക്കാര്‍ ശ്രമം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഒടുവില്‍ കണ്‍മുന്നിലെ യാഥാര്‍ഥ്യം നിഷേധിക്കാനാവാതെ വന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും ഇരകള്‍ക്ക് ആശ്വാസം നല്‍കാനും നിര്‍ബന്ധിതമായ സാഹചര്യത്തില്‍പോലും സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായി കൂടുതല്‍ തടസ്സം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ആകാശത്തുനിന്ന് തളിക്കരുതാത്ത എന്‍ഡോസള്‍ഫാന്‍ അങ്ങനെ തളിച്ച് (ജലാശയങ്ങള്‍പോലും സംരക്ഷിക്കാതെ) സംസ്ഥാന പ്ളാന്‍റേഷന്‍ കോര്‍പറേഷന്‍ 1976ല്‍ തുടങ്ങിയ ദുഷ്ചെയ്തി 2000 വരെ തുടര്‍ന്നു. മൃഗങ്ങളിലും മനുഷ്യരിലും അതിഭീകരമായ ആരോഗ്യപ്രശ്നങ്ങളും ജന്മവൈകല്യങ്ങളും കണ്ടുതുടങ്ങിയതോടെ അതിനെക്കുറിച്ച് പഠനങ്ങളും ആരംഭിച്ചു. നിഷ്പക്ഷ പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന്‍െറ ആവശ്യകതക്ക് അടിവരയിട്ടപ്പോഴും കീടനാശിനി ലോബി മറിച്ചുള്ള പ്രചാരണം തുടര്‍ന്നു. കേന്ദ്രസര്‍ക്കാറിനെവരെ അവര്‍ സ്വാധീനിച്ചതിനാല്‍ വര്‍ഷങ്ങളോളം പിന്നെയും നിരോധം നീണ്ടുപോയി. ലോകരാഷ്ട്രങ്ങളില്‍ മഹാഭൂരിപക്ഷം എന്‍ഡോസള്‍ഫാന്‍ നിരോധമാവശ്യപ്പെട്ടതോടെ അക്കാര്യം തീരുമാനിക്കാന്‍ സ്റ്റോക്ഹോമില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലേക്ക് ഇന്ത്യ അയച്ചത് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരുടെ പ്രതിനിധികളെയായിരുന്നു. കാസര്‍കോട്ടെയും മറ്റും മനുഷ്യരുടെ ഭാഗ്യത്തിന് ഇന്ത്യ അവിടെ തോറ്റു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ധാരണയായെങ്കിലും പൂര്‍ണമായും ആ വിഷം ഇല്ലാതാക്കാന്‍ ഇന്ത്യക്ക് 11 വര്‍ഷത്തെ സാവകാശം ലഭിച്ചു. അപ്പോഴും നിരോധത്തിന്‍െറ ഫലം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ താല്‍പരകക്ഷികള്‍ തുടര്‍ന്നു. പഠനങ്ങള്‍ക്കു പിറകെ പഠനങ്ങള്‍ നടത്തിച്ച് വിഷകമ്പനികളുടെ കച്ചവടം മുടങ്ങാതെ നോക്കുകയായിരുന്നു കേന്ദ്രം. ജനകീയ സമ്മര്‍ദം മുറുകുമ്പോള്‍ എന്തെങ്കിലും നടപടിയെടുക്കാമെന്ന തോന്നലുണ്ടാക്കുകയും കാര്യത്തോടടുക്കുമ്പോള്‍ കമ്പനികളുടെ കൂടെ നില്‍ക്കുകയുമായിരുന്നു തന്ത്രം. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച പ്രകാരം ഓക്യുപേഷനല്‍ ഹെല്‍ത് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ഐ.ഒ.എച്ച്) നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് സ്ഥിരീകരിച്ചപ്പോള്‍ കേന്ദ്രം അത് തള്ളി. കേരള സര്‍ക്കാറിനുവേണ്ടി ഡോക്ടര്‍ ശിവരാമന്‍ കമ്മിറ്റി നടത്തിയ പഠനത്തിലും അതുതന്നെ കണ്ടിരുന്നു. ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സ്വീകരിച്ച നടപടികളെപ്പോലും മറികടക്കാനാണ് പിന്നീട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യത്നിച്ചത്. വിഷകമ്പനികള്‍ക്കുവേണ്ടി നടത്തിയ സ്പോണ്‍സേഡ് പഠനങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകവരെ ചെയ്തു. എന്നാല്‍, സുപ്രീംകോടതി അത് അംഗീകരിച്ചില്ല. പുതിയ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലിന്‍െറ (ഐ.സി.എം.ആര്‍) വിദഗ്ധ സമിതിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഈ പഠനസമിതിക്കെതിരെയും കുപ്രചാരണങ്ങളുണ്ടായി. തല്‍പരകക്ഷികളുടെ ആശങ്ക കൃത്യമായിരുന്നു -സ്വതന്ത്രമായാണ് പഠനം നടത്തുന്നതെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് ഒരു ന്യായവും ഇല്ലാതാകും. അതുതന്നെയാണ് സംഭവിച്ചത്.
പക്ഷേ, വിഷകമ്പനിക്കുവേണ്ടിയുള്ള നഗ്നമായ ഇടപെടലാണ് പിന്നീട് സംസ്ഥാന സര്‍ക്കാറില്‍നിന്നുണ്ടായത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദക കമ്പനിയില്‍നിന്ന് സര്‍ക്കാറിലേക്ക് ഒരു നിവേദനമെത്തുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ വ്യാപാരത്തിന് ദോഷകരമാണ്, അത് തിരുത്തണം എന്ന്. നിയമവിരുദ്ധവും കോടതിയലക്ഷ്യത്തോളം വരുന്നതുമായ ഈ ആവശ്യം കൈയോടെ തള്ളുകയായിരുന്നു വേണ്ടത്. പകരം സര്‍ക്കാര്‍ അത് സ്വീകരിച്ച്, കമ്പനിയുടെ പ്രതിനിധിയുമായി സംസാരിക്കാനും റിപ്പോര്‍ട്ട് തിരുത്താനും പഠനസമിതിയോട് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ആരുടെ പക്ഷത്താണ് എന്ന ചോദ്യം ആദ്യമായല്ല ഉയരുന്നത്. ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ നേരിട്ട് പഠനം നടത്തിയ ശേഷം അടിയന്തര ആശ്വാസധനം നല്‍കാന്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. കമീഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞപ്പോള്‍ ആശ്വാസധനം നല്‍കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു; അപ്പോള്‍ വിഷലോബി കേസും മറ്റുമായി വേറെ തടസ്സങ്ങളുണ്ടാക്കി. ആശ്വാസധനംവരെ നിഷേധിക്കപ്പെട്ട ഇരകള്‍ ഇപ്പോളറിയുന്നു, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെപ്പോലും മറികടക്കാനാവുമോ എന്ന് നോക്കുകയാണെന്ന്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗവും അതിന്‍െറ മേധാവി ഡോ. പ്രഭാകുമാരിയും അവരെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സുമനസ്സുകളും ഇരകളെ ഒറ്റുകൊടുക്കാന്‍ തയാറില്ലെന്നതാണ് വിഷയത്തിലെ ശുഭസൂചകമായ വശം. കേരളസമൂഹം സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്്, കടല്‍ക്കൊല കേസിലെന്നപോലെ ഇതിലും വമ്പന്മാരുടെ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി പിണഞ്ഞ അബദ്ധങ്ങള്‍ ഇനിയെങ്കിലും തിരുത്തണമെന്നാണ്. കീടനാശിനി കമ്പനികള്‍ക്ക് മനുഷ്യരും വെറും കീടങ്ങളാകാം; സര്‍ക്കാറിന്് ആ നിലപാടു പറ്റില്ലല്ലോ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com