12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഹിലരി പ്രധാനമന്ത്രിയെയും സോണിയയെയും കണ്ടു

 ഹിലരി  പ്രധാനമന്ത്രിയെയും സോണിയയെയും കണ്ടു

ന്യൂദല്‍ഹി: ഇറാനുമായി അകലം പാലിക്കാന്‍ ഇന്ത്യക്കുമേല്‍ അമേരിക്ക സമ്മര്‍ദം മുറുക്കി. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറക്കണമെന്ന ആവശ്യം ഹിലരി ഉന്നയിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഹിലരിക്ക് നല്‍കിയ മറുപടി അറിവായിട്ടില്ല. ചൊവ്വാഴ്ച വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരും.
ഇന്ത്യ-ഇറാന്‍ ബന്ധത്തിന്‍െറ പ്രധാന മേഖല എണ്ണവ്യാപാരമാണ്. ഇന്ത്യയുടെ ഇന്ധന ആവശ്യത്തില്‍ നല്ലൊരു ശതമാനം നല്‍കുന്നത് ഇറാനാണ്. ഇന്ത്യക്ക് ആവശ്യമായ എണ്ണ നല്‍കുന്നതില്‍ സൗദി അറേബ്യക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇറാന്‍. അത് തിരിച്ചറിഞ്ഞ് ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ വ്യാപാരബന്ധം സാധ്യമാകുന്നേടത്തോളം മുറിക്കാനാണ് അമേരിക്കയുടെ ശ്രമം. ഹിലരിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ മുഖ്യഅജണ്ട ഇറാന്‍- ഇന്ത്യ വ്യാപാരബന്ധം കുറക്കുകയാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് കൊല്‍ക്കത്തയില്‍ ഇക്കാര്യം ഹിലരി തന്നെ തുറന്നുപറഞ്ഞത് യു.പി.എ സര്‍ക്കാറിനെ വെട്ടിലാക്കി. യു.എസ് സര്‍ക്കാറിന്‍െറ ആവശ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഇതിനകം തന്നെ ഇറാന്‍ എണ്ണയുടെ ഇറക്കുമതി കുറച്ചിട്ടുണ്ട്. അതുപോരെന്നും ഗണ്യമായ കുറവ് വരുത്തണമെന്നുമാണ് ഹിലരിയുടെ ആവശ്യം.
അമേരിക്കയുമായി അടുത്തബന്ധം ആഗ്രഹിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഹിലരിയുടെ ആവശ്യം തള്ളിക്കളയാനാവില്ല. ബദല്‍ സ്രോതസ്സ് കണ്ടെത്താതെ ഇറാന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അമേരിക്കന്‍ താല്‍പര്യത്തിനുവേണ്ടി മാത്രം ഇറാനുമായി അകലുന്നതിന്‍െറ രാഷ്ട്രീയചോദ്യങ്ങളും മന്‍മോഹന്‍സിങ് നേരിടേണ്ടിവരും. ഇന്ത്യക്ക് ഗുണകരമായ ഇന്ത്യ-ഇറാന്‍ എണ്ണ പൈപ്പ്ലൈന്‍ പദ്ധതിക്കു മുന്നില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നതില്‍ അമേരിക്കന്‍ സമ്മര്‍ദമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com