കൊച്ചി: കുടിവെള്ളം കിട്ടാതെ വീട്ടമ്മമാര്‍ പൈപ്പിന്‍ചുവടുകളില്‍ ആയുസ്സ് പാഴാക്കുമ്പോള്‍ ജലവിഭവ വകുപ്പ് പിന്‍വാതിലിലൂടെ കുടിവെള്ള വിതരണക്കാര്‍ക്ക് ജലം ഊറ്റി നല്‍കുന്നു.തോപ്പുംപടി പമ്പ്ഹൗസ്, പെരുമാനൂര്‍ പമ്പ് ഹൗസ് എന്നിവിടങ്ങളില്‍ നിന്നാണ് വാണിജ്യാവശ്യങ്ങള്‍ക്ക് ജലം വില്‍ക്കുന്നത്.
വ്യവസായ -വാണിജ്യാവശ്യങ്ങള്‍ക്ക് ആലുവ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ നിന്നാണ് ജലവിഭവ വകുപ്പ് ടാങ്കര്‍ ലോറികള്‍ക്ക് ജലം നല്‍കാറ്. നഗരത്തിലെ മറ്റ് പമ്പ് ഹൗസുകളില്‍നിന്ന് ഇങ്ങനെ ജലം കൊടുക്കരുതെന്നാണ് ചട്ടം.
പശ്ചിമകൊച്ചിയിലേക്ക് ആലുവയില്‍ നിന്നെത്തുന്ന 36 ഇഞ്ച് പൈപ്പ്ലൈനില്‍ നിന്നുള്ള ജലമാണ് വില്‍പ്പന നടത്തുന്നത്. വെള്ളം കിട്ടാതെ നരകിക്കുന്ന കൊച്ചി നിവാസികളെ ഈ നടപടി കൂടുതല്‍ കഷ്ടത്തിലാക്കുകയാണ്. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചുകൊടുക്കുന്നുണ്ട്. ഇവ ആലുവ ജലശുദ്ധീകരണശാലയില്‍നിന്ന് കൊണ്ടുവരുന്നതിനുള്ള തുക തദ്ദേശസ് ഥാപനങ്ങളില്‍ നിന്ന് ഈടാക്കി പകരം തോപ്പുംപടി, പെരുമാനൂര്‍ പമ്പ്ഹൗസുകളില്‍നിന്നാണ് ജലം ശേഖരിച്ച് വിതരണം ചെയ്യുന്നത്.
വാണിജ്യാവശ്യങ്ങള്‍ക്കും മറ്റും ജലം ശേഖരിക്കുന്ന ലോറികള്‍ ചെല്ലാനം കുടിവെള്ളം, കണ്ണമാലി കുടിവെള്ളം തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചാണ് പമ്പ്ഹൗസുകളില്‍ പ്രവേശിക്കുന്നത്. എന്നാല്‍, ഇവിടങ്ങളിലേക്കുള്ള കുടിവെള്ളവും ആലുവയില്‍നിന്നാണ് ശേഖരിക്കേണ്ടത്. പടിഞ്ഞാറന്‍ പ്രദേശവാസികള്‍ക്ക് പരിമിതതോതില്‍ ജലം എത്തുന്ന 36 ഇഞ്ച് പൈപ്പ്ലൈനില്‍നിന്ന് ഒരുകാരണവശാലും ടാങ്കര്‍ ലോറികള്‍ക്ക് ജലം നല്‍കരുതെന്ന വ്യവസ്ഥയാണ് കച്ചവടതാല്‍പ്പര്യത്തിന് മുന്നില്‍ കാറ്റില്‍പ്പറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍