ദുബൈ: ആനന്ദദായകമാകേണ്ട മധുവിധു നാളുകള്‍ സ്വപ്നത്തിലൊതുക്കി, ദുബൈയിലെ മുറിയില്‍ നിരാശനായി കഴിയുന്ന കമലേഷിന്‍െറ മനസ്സ് മുഴുവന്‍ നാടാണ്. എങ്ങിനെയെങ്കിലും എത്രയും പെട്ടെന്ന് വീടണയണം. അവിടെ, തനിക്ക് വേണ്ടി സഹോദരി മിന്നു ചാര്‍ത്തിയ പെണ്ണും കുടുംബവുമൊന്നടങ്കം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കഴിഞ്ഞ വ്യാഴാഴ്ച നാട്ടില്‍ തനിക്കായൊരുക്കിയ കതിര്‍ മണ്ഡപത്തിലേക്ക് വധു ശാരികൃഷ്ണ വലതുകാല്‍ വെച്ച് കടക്കുമ്പോള്‍ കമലേഷ് ദുബൈയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ അധികൃതരുടെ കരുണ യാചിക്കുകയായിരുന്നു, ജോലി ചെയ്യുന്ന കമ്പനി അധികൃതരുടെ പിടിവാശിയില്‍ നിന്ന് മോചിപ്പിച്ച് എങ്ങിനെയെങ്കിലും തന്നെ നാട്ടിലെത്തിച്ച് തരണമെന്ന്. പക്ഷേ, ഇന്നലെയെങ്കിലും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെ നിരാശനായി ദേരയിലെ മുറിയില്‍ കഴിയുകയാണ് കമലേഷ്. നാട്ടില്‍ നിന്ന് നിരന്തരമെത്തുന്ന അന്വേഷണ ഫോണ്‍ വിളികള്‍ക്ക് മറുപടി പറഞ്ഞ്.
മൂന്നര വര്‍ഷമായി ദുബൈ അല്‍ ബര്‍ഷയിലെ നൈഫ് ഫര്‍ണിച്ചര്‍ കമ്പനിയില്‍ കാര്‍പെന്‍ററായി ജോലി ചെയ്യുകയാണ് ആറാട്ടുപുഴ വട്ടച്ചാല്‍ കമലേഷ ്ഭവനത്തില്‍ ചന്ദ്രന്‍െറ മകന്‍ കമലേഷ്. ഈ മാസം മൂന്നിന് വിവാഹം നിശ്ചയിച്ചതായി വളരെ നേരത്തെ അറിയിച്ചിട്ടും വിവാഹ ദിവസം പോലും പാസ്പോര്‍ട്ട് നല്‍കി നാട്ടില്‍ വിടാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെന്ന് കമലേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മേയ് മൂന്ന് വ്യാഴാഴ്ച രാവിലെ 10നും 11നുമിടക്ക് മുതുകുളം പാണ്ഡവര്‍കാവ് ക്ഷേത്രത്തിലാണ് കമലേഷിന്‍െറയും മുതുകുളം തെക്ക് ചിറയത്തുപടീറ്റതില്‍ ഉത്തമന്‍െറ മകള്‍ ശാരികൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് പോകാമെന്ന് കമ്പനിയുടമ ഉറപ്പ് നല്‍കിയിരുന്നു. അതനുസരിച്ചാണ് തീയതി നിശ്ചയിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ പോയപ്പോഴാണ് പെണ്ണു കാണലും മറ്റും നടന്നത്. ഇതിന് ശേഷം വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു.
ശമ്പളത്തിന്‍െറയും വിസ പുതുക്കുന്നതിനുള്ള പണം നല്‍കുന്നതിന്‍െറയും കാര്യത്തില്‍ കമ്പനി ഉടമയുമായി ചെറിയ തര്‍ക്കം നിലനിന്നിരുന്നു. ഡിസംബറില്‍ വിസ പുതുക്കി നല്‍കുന്നതിനുള്ള ചാര്‍ജ് നല്‍കണമെന്ന് കമലേഷിനോട് ആദ്യം തൊഴിലുടമ ആവശ്യപ്പെട്ടിരുന്നു. പ്രയാസം അറിയിച്ചതോടെ മെഡിക്കല്‍ ടെസ്റ്റിനുള്ള 300 ദിര്‍ഹം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് ഇത് 600 ദിര്‍ഹമാക്കി. പല തവണ വിവിധ തുകയാണ് ആവശ്യപ്പെട്ടത്. വിവാഹ നാളുകള്‍ അടുത്തതോടെ കൂടുതല്‍ പണം ആവശ്യപ്പെട്ടു. അവസാനം, വിസയടിക്കാന്‍ വൈകിയ വകയില്‍ ചെലവായ പിഴയടക്കം 3,300 ദിര്‍ഹം നല്‍കണമെന്നായി. മറ്റ് വഴിയില്ലാതായതോടെ ഒരു പരിചയക്കാരന്‍െറ സഹായത്തോടെ തൊഴിലുടമയുമായി സംസാരിച്ച് ഈ തുക നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ ഇതനുസരിച്ച് പണം നല്‍കിയിട്ടും പാസ്പോര്‍ട്ട് നല്‍കാന്‍ ഇവര്‍ തയാറായില്ലെന്ന് കമലേഷ് പറയുന്നു. അതിനിടെ, തന്നോട് അനുഭാവപൂര്‍വം പെരുമാറിയ തൊഴിലുടമയുടെ ബന്ധുവിന്‍െറ നിര്‍ദേശ പ്രകാരം തൊഴില്‍ വകുപ്പിലും പരാതി നല്‍കി. എന്നാല്‍ ലേബര്‍ വകുപ്പിന്‍െറ സിറ്റിങില്‍
തൊഴിലുടമ പങ്കെടുത്തില്ല. ഇതിനിടെ തനിക്കെതിരെ ഇവര്‍ വ്യാജ ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. നാട്ടിലേക്ക് വിടാന്‍ കമ്പനി തയാറല്ലെന്ന് മനസ്സിലായതോടെ വിവാഹ ദിവസമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തിയത്. അവിടെ നിന്ന് വിളിച്ചതനുസരിച്ച് ഉടന്‍ നാട്ടിലേക്ക് വിടാനുള്ള സൗകര്യം ചെയ്യാമെന്ന് തൊഴിലുടമ അറിയിച്ചിട്ടുണ്ട്. ഇതിനിടെ തന്നെക്കൊണ്ട് ചില രേഖകളില്‍ ഒപ്പുവെപ്പിക്കാന്‍ കമ്പനിയുടമ ശ്രമം നടത്തിയിരുന്നുവെന്നും, ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്ന് മനസ്സിലായതിനാല്‍ അതിന് തയാറായില്ലെന്നും കമലേഷ് പറയുന്നു.
ഇന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍പര്യമെടുത്താല്‍ അടുത്ത ദിവസമെങ്കിലും തന്നെ കാത്തിരിക്കുന്ന പ്രിയതമയുടെയും ബന്ധുക്കളുടെയും അടുത്ത് എത്താമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍