വിമാന ടിക്കറ്റില്‍ പേര് മാറി; റിയാദ്-തിരുവനന്തപുരം യാത്രക്കാരന്‍ മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങി

വിമാന ടിക്കറ്റില്‍ പേര് മാറി; റിയാദ്-തിരുവനന്തപുരം യാത്രക്കാരന്‍ മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങി

മസ്കത്ത്: വിമാന ടിക്കറ്റില്‍ പേര് മാറിപോയതിനെ തുടര്‍ന്ന് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മലയാളി യുവാവ് മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാവിലെ റിയാദില്‍ നിന്ന് മസ്കത്ത് വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ കയറിയ ആലപ്പുഴ പുന്നപ്ര സ്വദേശി സജീര്‍ ബഷീര്‍ ഞായറാഴ്ച രാത്രിയിലും യാത്ര തുടരാനാകാതെ മസ്കത്ത് വിമാനത്താവളത്തില്‍ കഴിയുകയാണ്. റിയാദില്‍ നിന്ന് മസ്കത്തിലെത്തി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് സജീറിന്‍െറ ടിക്കറ്റിലെ പേര് മറ്റൊരാളുടേതാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ തിരിച്ചറിഞ്ഞത്.
റിയാദില്‍ നിന്ന് മസ്കത്തിലേക്ക് യാത്രചെയ്യുന്നതിന് ഉപയോഗിച്ച ബോര്‍ഡിങ് പാസിലും തുടര്‍ന്ന് യാത്രചെയ്യേണ്ട ടിക്കറ്റിലും ഇതേ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് മാറിപോയത് എവിടെ വെച്ചാണെന്ന് സജീറിനും അറിയില്ല. മറ്റൊരാളുടെ പേരിലെ ടിക്കറ്റാണ് തന്‍െറ കൈവശമുള്ളതെങ്കില്‍ താന്‍ എങ്ങനെ റിയാദില്‍ നിന്ന് മസ്കത്ത് വരെ യാത്ര ചെയ്തുവെന്ന് സജീര്‍ ബഷീര്‍ ചോദിക്കുന്നു. പ്രശ്നത്തെ തുടര്‍ന്ന് ഞാറാഴ്ച പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട സജീര്‍ റിപ്പോര്‍ട്ട് തയാറാക്കുമ്പോഴും മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുകയാണ്.
പുതിയ ടിക്കറ്റെടുത്ത് യാത്ര തുടരണമെന്നാണത്രെ ആദ്യം എയര്‍ലൈന്‍സ് അധികൃതര്‍ നിര്‍ദേശിച്ചത്. എന്നാല്‍, സൗദിയില്‍ നിന്ന് ‘ഹൂറൂജി’ല്‍ മടങ്ങുന്ന തൊഴിലാളിയാണെന്നും തന്‍െറ കൈവശം പുതിയ ടിക്കറ്റിന് പണമില്ലെന്നും ഇദ്ദേഹം അറിയിച്ചു. പിന്നീട്, ടിക്കറ്റ് എടുത്തു തരാന്‍ തങ്ങള്‍ തയാറാണെന്നും നാട്ടിലെത്തിയാല്‍ പണമടച്ചാല്‍ മതിയെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്രെ. തന്നെ, നാട്ടിലേക്ക് വിടാന്‍ എയര്‍ലൈന്‍സ് ശ്രമിക്കുന്നുണ്ടെങ്കിലും എപ്പോള്‍ യാത്രതിരിക്കാനാവില്ലെന്നും സജീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. എയര്‍പോര്‍ട്ട് അധികൃതര്‍ കൈവശം വച്ചിരുന്ന പാസ്പോര്‍ട്ട് രാത്രി തിരിച്ചുനല്‍കിയതിനാല്‍ യാത്ര തുടരാനാവുമെന്ന പ്രതീക്ഷയിലാണ് സൗദിയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന സജീര്‍.
യാത്ര തുടങ്ങിയ കേന്ദ്രത്തില്‍ അബദ്ധം സംഭവിച്ചായിരിക്കാം മറ്റൊരു ടിക്കറ്റില്‍ ഇദ്ദേഹം മസ്കത്തിലെത്തിയതെന്ന് ഒമാന്‍ എയര്‍ വൃത്തങ്ങള്‍ പറഞ്ഞു. റിയാദില്‍ നിന്ന് ഇദ്ദേഹത്തിന്‍െറ പേരില്‍ മറ്റൊരു ടിക്കറ്റ് ശരിയാക്കി രാത്രിയിലെ വിമാനത്തില്‍ കയറ്റി വിടാന്‍ ശ്രമം നടക്കുന്നുണ്ട്.
വിമാനത്തിലെ സീറ്റുകള്‍ എല്ലാം ബുക്കിങ് ആണ് എന്നതിനാല്‍ ആരെങ്കിലും യാത്ര റദ്ദാക്കിയാല്‍ മാത്രമേ ഇന്നത്തെ വിമാനത്തില്‍ അദ്ദേഹത്തിന് നാട്ടിലേക്ക് പോകാനാവൂ.
മറ്റൊരാളുടെ ടിക്കറ്റില്‍ യാത്രചെയ്യുന്നത് ക്രിമിനല്‍ കേസെടുക്കാവുന്ന കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus