ചോരക്കൊതി പൂണ്ട രാഷ്ട്രീയ കൊലവെറിയുടെ പേയിളകിപ്പാച്ചലില്‍നിന്നു കേരളത്തിനു രക്ഷപ്പെടാനാകുന്നില്ലെന്നാണ് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശില്‍പികളിലൊരാളും ഇടതുപക്ഷ ഏകോപനസമിതിയുടെ കാര്യദര്‍ശിയുമായ ടി.പി ചന്ദ്രശേഖരനെ അറുകൊല ചെയ്ത പൈശാചിക ഭീകരത നല്‍കുന്ന വിപത്സന്ദേശം. മൃഗീയതയെ പോലും തോല്‍പിച്ച് ഒരു പറ്റം പിശാചുക്കള്‍ ഇരുളിന്റെ മറവില്‍ ഒരു പച്ചമനുഷ്യനെ വെട്ടിനുറുക്കി. പൈശാചികതയുടെ ഇരയാകാന്‍ ചന്ദ്രശേഖരന്‍ ചെയ്ത അപരാധമെന്ത് എന്ന ചോദ്യത്തിന് സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങളൊന്നും പറഞ്ഞുകേട്ടില്ല. നാട്ടിന്‍പുറത്തിന്റെ നന്മകളുമായി ജീവിച്ച, പരോപകാരിയായ മനുഷ്യസ്നേഹിയായിരുന്നു ഒഞ്ചിയത്തിനും അയല്‍നാട്ടുകാര്‍ക്കും അയാള്‍. ഭാര്യയും ഏകമകനുമടങ്ങുന്ന കുഞ്ഞുകുടുംബ്ധിന് അരുമയായ നാഥന്‍. കലഹവും കാലുഷ്യവും എതിരെ വരുമ്പോള്‍ പോലും ഏറ്റുമുട്ടലിനു മുതിരാതെ സൗമ്യമായി സംയമനത്തിന്റെ മാര്‍ഗം അവലംബിച്ച പൊതുപ്രവര്‍ത്തകന്‍. സ്നേഹിച്ചാരാധിച്ച തത്ത്വശാസ്ത്രവും ആദര്‍ശമൂല്യങ്ങളും ഒരു പിടി നേതാക്കളുടെ കൈയേറ്റത്തിനു വിധേയമാകുന്നു എന്ന ആധിയില്‍ അതിനെതിരെ ആശയസമരം നയിച്ച പ്രതിബദ്ധതയുള്ള സംഘടനാപ്രവര്‍ത്തകന്‍. അകത്തുനിന്നു തിരുത്തിനു വകയില്ലെന്നു വന്നപ്പോള്‍ പാര്‍ട്ടിക്കൂടു വിട്ടു പുറത്തിറങ്ങിയപ്പോഴും അവിടെ നിന്നു ചൊല്ലിപ്പഠിച്ച തത്ത്വങ്ങളുടെ അടിത്തറയില്‍ സമാന്തരമായൊരു ആവിഷ്കാരത്തിനു മുതിര്‍ന്ന ചുറുചുറുക്കും സാഹസികതയുമുള്ള രാഷ്ട്രീയക്കാരന്‍. കൂടിയോ കുറഞ്ഞോ അളവില്‍ ഇതൊക്കെയായിരുന്നു ടി.പി. ചന്ദ്രശേഖരന്‍. ഇങ്ങനെയൊരാള്‍ക്ക് വധശിക്ഷ വിധിക്കാന്‍ മാത്രം അധമമാണ് രാഷ്ട്രീയകേരളം എന്നു വരുകില്‍ അതിലും വലിയൊരു ദുരന്തമുണ്ടോ? ശരിയെന്നു തോന്നുന്ന വഴി തിരഞ്ഞെടുക്കാനും ആ വഴി മുന്നോട്ടുപോകാനും ഒരാള്‍ക്ക് സഞ്ചാരസ്വാതന്ത്രൃം നല്‍കാത്ത കാട്ടാളമനസ്സിനെ ഏതു രാഷ്ട്രീയത്തിന്റെ, തത്ത്വശാസ്ത്രത്തിന്റെ പേരിലാണു ന്യായീകരിക്കുക? സ്വന്തം പാളയത്തില്‍നിന്നു വിട്ടവരെ കൊലയാളിക്കൂട്ടങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന 'സദാചാര പൊലീസിങ്ങി'ലും കൊടിയ ഫാഷിസം മറ്റെന്തുണ്ട്?
ചന്ദ്രശേഖരന്റെ ജീവന്‍ കവര്‍ന്ന പിശാചുക്കളാരെന്നും അവരെ അഴിച്ചുവിട്ടതാരെന്നും തെളിയാനിരിക്കുന്നേയുള്ളൂ. പൊലീസിന്റെ പ്രാഥമികനിഗമനങ്ങളും വെളിപ്പെട്ടിടത്തോളം സാഹചര്യത്തെളിവുകളും സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് അക്രമരാഷ്ട്രീയത്തില്‍ എന്നും കക്ഷിചേര്‍ക്കപ്പെട്ടിട്ടുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേര്‍ക്കാണ്, പാര്‍ട്ടി നേതൃത്വം അത് ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും. പ്രതിയോഗികളെ 'കൈകാര്യം' ചെയ്യുന്ന വിഷയത്തില്‍ പാര്‍ട്ടി ഇന്നോളം സ്വീകരിച്ചുപോന്ന മനുഷ്യത്വരഹിതമായ ഭീകരശൈലികള്‍ മുന്നിലിരിക്കെ, കേരളത്തിന്റെ സാമാന്യബോധത്തിന് ആ നിഷേധം സ്വീകാര്യമാവില്ല. പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തുവന്ന് വിപ്ലവാത്മക കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത ചന്ദ്രശേഖരനെയും കൂട്ടരെയും പാര്‍ട്ടി കുലംകുത്തികളായി ചാപ്പകുത്തിയതാണ്. 'വിമതരെ' നേരിടുന്ന സ്റ്റാലിനിസ്റ്റ് പതിവുരീതിതന്നെയാണ് അവരോട് നാളിന്നോളം പാര്‍ട്ടി അവലംബിച്ചതും. തന്റെ വേറിട്ട നടത്തത്തിനു നല്‍കേണ്ടിവരാവുന്ന പരമാവധി വില സ്വന്തം ജീവനാവും എന്ന കാര്യം ചന്ദ്രശേഖരന്‍ സഹപ്രവര്‍ത്തകരോട് പങ്കുവെച്ചിരുന്നതാണ്. ഒരു മാസം മുമ്പുപോലും ഇക്കാര്യം പാര്‍ട്ടിക്കാര്‍ മുദ്രാവാക്യങ്ങളിലൂടെ തെളിച്ചുപറയുകയും ചെയ്തു. കടത്തനാടിന്റെയും കണ്ണൂരിന്റെയും മണ്ണില്‍ പാര്‍ട്ടിക്ക് കാപാലിക പ്രതിച്ഛായ നല്‍കിയ അക്രമപാരമ്പര്യവും കൂടി ഇതിനോടു ചേര്‍ത്തു വായിച്ചാല്‍ സി.പി.എം പ്രതിക്കൂട്ടിലാവാതെ തരമില്ല. അതില്‍നിന്നു കൈകഴുകണമെങ്കില്‍ പാര്‍ട്ടി വേറെത്തന്നെ ഗൃഹപാഠം ചെയ്യേണ്ടിവരും. പുരോഗമന നവോത്ഥാനപ്രവര്‍ത്തനങ്ങളിലും സര്‍ഗാത്മകമായ സാംസ്കാരിക ആവിഷ്കാരങ്ങളിലും പേരെടുത്ത ഒരു പ്രബല രാഷ്ട്രീയകക്ഷിക്ക് പാര്‍ട്ടി ഗ്രാമം, പാര്‍ട്ടി കോടതി, പാര്‍ട്ടി കട്ട്, ചൊക്ളി മോഡല്‍ വെട്ട് എന്നൊക്കെയായി രാഷ്ട്രീയഭീകരതയുടെ പുതുപുത്തന്‍ ശൈലികളുടെ പേറ്റന്റ് പേറേണ്ട ദുര്യോഗം എങ്ങനെ വന്നുചേര്‍ന്നുവെന്ന് അവര്‍ സ്വയം വിമര്‍ശം നടത്തുമോ? അതില്‍നിന്നു കര കയറുന്നതിനെക്കുറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആലോചിക്കുമോ? എങ്കില്‍ അത് കേരളത്തിന്റെ രാഷ്ട്രീയഗതിയെത്തന്നെ മാറ്റും എന്ന കാര്യത്തില്‍ സംശയമില്ല.
അധികാരം കൈയേല്‍പിക്കപ്പെട്ടവരുടെ പ്രാഥമിക ഉത്തരവാദിത്തമാണ് സ്വന്തം പൗരന്മാരുടെ ജീവിതസുരക്ഷ. കൊലയുടെ പേരില്‍ സി.പി.എമ്മിനെതിരെ പടനയിക്കുന്ന ഭരണമുന്നണി ചന്ദ്രശേഖരനെ രാഷ്ട്രീയപ്രതിയോഗികളുടെ നായാട്ടിനു വിട്ടുകൊടുക്കുകയായിരുന്നു എന്ന ആക്ഷേപത്തിനു മറുപടി പറഞ്ഞേ തീരൂ. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഭീഷണിയുള്ള കാര്യം അദ്ദേഹംതന്നെ മുഖ്യമന്ത്രിയെയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെയും ഭരണ തലപ്പത്തുള്ളവരെയുമെല്ലാം മുന്‍കൂട്ടി അറിയിച്ചിരുന്നുവത്രേ. തുടരത്തുടരെ രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടായിട്ടും അധികൃതര്‍ വിഷയം അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തില്ല എന്നതു നിസ്സാരവീഴ്ചയല്ല. കാര്യങ്ങള്‍ കൈവിട്ടുപോയി. ഇനി പഴുതടച്ചുള്ള നേരന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് ഭരണകൂടത്തിന്റെ മുന്നിലുള്ള വഴി.
നിരപരാധിയുടെ ചോരക്കും സന്തപ്തകുടുംബങ്ങളുടെ കണ്ണീരിനും വിലപേശി അതില്‍നിന്നു സ്വന്തം നേട്ടങ്ങള്‍ക്കു മുതല്‍ക്കൂട്ടുന്ന അധമവൃത്തിയില്‍ നിന്നു രാഷ്ട്രീയക്കാര്‍ പിന്തിരിയണം. കാപാലികരാഷ്ട്രീയത്തിന്റെ ഇരയെ 'തനിക്കാക്കി' നേട്ടം കൊയ്യാനുള്ള തിരക്കിലാണിപ്പോള്‍ പാര്‍ട്ടികള്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സംഭവം യു.ഡി.എഫ് പ്രചാരണായുധമാക്കും എന്നിടത്തോളമെത്തിയിരിക്കുന്നു അവരുടെ നീചബുദ്ധി. തന്റെയും പാര്‍ട്ടിയുടെയും നിലപാടുകളുടെ പേരില്‍ ജയിപ്പിച്ചുവിട്ട ജനത്തിന്റെ മുഖത്തടിച്ച് കാലുമാറി തെരഞ്ഞെടുപ്പിന്റെ ഭാരം ഖജനാവിനും ജനത്തിനും മേല്‍ കെട്ടിവെച്ച ഒരു അവസരവാദിക്ക് ജയിച്ചുകയറാന്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകള്‍ക്കു ജീവന്‍ വിലയായി നല്‍കിയ ഒരു മനുഷ്യന്റെ ചോരയും കണ്ണീരുംതന്നെ വേണം എന്നുവരുന്നത് എന്തൊരു നാണക്കേടാണ്! ചില്ലറ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ ഇത്തരം പൊക്കണക്കേടുകളാണ് കേരളത്തെ പിശാചുക്കളുടെ സ്വന്തം നാടാക്കി മാറ്റുന്നത്. അതുകൊണ്ട് അനുയായികളുടെ ചോരയും കണ്ണീരും കുടിച്ചു ചീര്‍ത്തുവീര്‍ക്കുന്ന കാപാലികതക്കെതിരെ ചേരിതിരിഞ്ഞ് ഒച്ചവെക്കുന്നവര്‍ സ്വന്തം പാളയത്തിലെ പിശാചുക്കളെ ആദ്യം ആട്ടിപ്പായിക്കട്ടെ. അക്രമരാഷ്ട്രീയത്തിനെതിരായ അടിച്ചുതെളി ഓരോരുത്തരും സ്വന്തം അകത്തുനിന്ന് ആരംഭിക്കട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍