കൊച്ചി: കൊച്ചിയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന ലക്ഷദ്വീപ് നിവാസികള്‍ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ സി.ഐ.എസ്.എഫിന്‍െറ പീഡനത്തിനിരയാകുന്നതായി പരാതി. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം കപ്പല്‍ കയറാന്‍ എത്തുന്ന യാത്രക്കാരെ ഭീകരരോടെന്ന നിലയിലാണ് സി.ഐ.എസ്.എഫുകാര്‍ പെരുമാറുന്നത്. കൊച്ചി തുറമുഖത്തിന്‍െറ സംരക്ഷണച്ചുമതല സി.ഐ.എസ്.എഫിനാണ്.
ചികിത്സക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റും ദ്വീപുകാര്‍ ആശ്രയിക്കുന്നത് കൊച്ചി നഗരത്തെയാണ്. ഇവിടെനിന്ന് മടങ്ങുമ്പോള്‍ എമിഗ്രേഷന്‍ ചെക്കിങ്ങിന് സമാനമാണ് പരിശോധന. ഇന്ത്യയുടെ ടെറിറ്റോറിയല്‍ മേഖലയായ ദ്വീപ് വിദേശരാജ്യമെന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പരിശോധനയുടെ പേരില്‍ സ്ത്രീകളോട് മോശമായാണ് ഇവര്‍ പെരുമാറുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്നവരെ മണിക്കൂറുകളോളം നിര്‍ത്തിയാണ് പരിശോധനയും കഴിഞ്ഞ് കടത്തിവിടുക. ഭാഷയാണ് പ്രധാന പ്രശ്നം. മലയാളമറിയാത്ത ഇതര സംസ്ഥാനത്തുനിന്നുള്ള സി.ഐ.എസ്.എഫുകാരോട് കാര്യങ്ങള്‍ എങ്ങനെയാണ് പറഞ്ഞുമനസ്സിലാക്കേണ്ടതെന്ന് ഇവര്‍ ചോദിക്കുന്നു.
ശനിയാഴ്ച കൊച്ചിയില്‍നിന്ന് ദ്വീപിലേക്ക് രണ്ട് കപ്പലാണ് പുറപ്പെട്ടത്. 650 യാത്രക്കാരുമായി എം.വി. കവരത്തിയും 255 യാത്രക്കാരുമായി എം.വി. ലക്ഷദ്വീപ് സീയുമാണ് യാത്രയായത്. ആയിരത്തോളം യാത്രക്കാര്‍ ടിക്കറ്റിനും ചെക്കിങ്ങിനുമായി മണിക്കൂറുകളോളം ക്യൂ നിന്നു. വൃദ്ധരും അവശരുമായവര്‍ തളര്‍ന്നുവീണ സംഭവവുമുണ്ടായി. പരിശോധനാ ഉദ്യോഗസ്ഥര്‍ ഉച്ചക്ക് ഒന്നിന് ഭക്ഷണശേഷം മടങ്ങിയെത്തിയത് വൈകുന്നേരം മൂന്ന് കഴിഞ്ഞാണ്.
യാത്രക്കാരുടെ തിരക്കും മറ്റ് അസൗകര്യങ്ങളുമൊന്നും ഉദ്യോഗസ്ഥര്‍ കാര്യമാക്കിയില്ല. പരിശോധനക്ക് കാത്തുനിന്നവര്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലായി. ഉദ്യോഗസ്ഥരുടെ അവഹേളനാപരമായ സമീപനം തിരുത്തണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍