കൊല്‍ക്കത്ത: സ്വദേശത്തേക്ക് മഹാരാജാ സൗരവ് ഗാംഗുലി പുണെ പോരാളികളെ നയിച്ചെത്തുമ്പോള്‍ വംഗനാട്ടുകാര്‍ക്ക് പ്രതീക്ഷയേറെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് എന്ന തങ്ങളുടെ സ്വന്തം ടീമിനെതിരെ അവര്‍ ഈഡന്‍ ഗാര്‍ഡന്‍െറ നടുത്തളത്തില്‍ സൗരവിനും കൂട്ടുകാര്‍ക്കും അകമഴിഞ്ഞ പിന്തുണ നല്‍കിയെങ്കിലും വിജയവഴിയിലേക്ക് പുണെ തിരിച്ചെത്തിയില്ല. ഐ.പി.എല്ലില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ പുണെ വാരിയേഴ്സ് ഏഴു റണ്‍സിന് കീഴടങ്ങി. തുടക്കത്തില്‍ വിജയക്കുതിപ്പുമായി ശ്രദ്ധ നേടിയ വാരിയേഴ്സിന്‍െറ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത് കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ പുണെയുടെ മറുപടി എട്ടുവിക്കറ്റിന് 143 റണ്‍സിലൊതുങ്ങി. ക്യാപ്റ്റന്‍ഗൗതം ഗംഭീറും (36 പന്തില്‍ 56) ബ്രന്‍ഡണ്‍ മക്കല്ലവും (43 പന്തില്‍ 42) ആതിഥേയ നിരയില്‍ തിളങ്ങി. കൊല്‍ക്കത്ത രണ്ടും പുണെ എട്ടും സ്ഥാനത്താണിപ്പോള്‍.
തുടക്കം തകര്‍ന്ന പുണെ ഒമ്പതാം ഓവറില്‍ അഞ്ചു വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ അപകടമുനമ്പില്‍ നില്‍ക്കെ ക്രീസില്‍ ഒന്നിച്ച ഏയ്ഞ്ചലോ മാത്യൂസും (27 പന്തില്‍ മൂന്ന്) ഗാംഗുലിയും (35 പന്തില്‍ 36) 67 റണ്‍സ് കൂട്ടുകെട്ടുമായി പ്രതീക്ഷ നല്‍കിയിരുന്നു. യൂസുഫ് പത്താന്‍ എറിഞ്ഞ ഒരോവറില്‍ മാത്യൂസ് തുടരെ മൂന്ന് സിക്സറുതിര്‍ത്തു. ജയിക്കാന്‍ 23 റണ്‍സ് വേണ്ടിയിരിക്കേ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഗാംഗുലി പുറത്തായതാണ് പുണെക്ക് തിരിച്ചടിയായത്. പിന്നീട് വന്നവര്‍ക്ക് മാത്യൂസിന് ഉറച്ച പിന്തുണ നല്‍കാന്‍ കഴിയാതെ പോയപ്പോള്‍ കൊല്‍ക്കത്ത ജയത്തിലെത്തുകയായിരുന്നു. ഗാംഗുലി നാലു ഫോറും ഒരു സിക്സുമുതിര്‍ത്തു.
റോബിന്‍ ഉത്തപ്പയും മനീഷ് പാണ്ഡെയും 17 റണ്‍സ് വീതമെടുത്തപ്പോള്‍ ഓപണറായി പാഡുകെട്ടിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് ഒരു റണ്ണെടുത്ത് പുറത്തായി. സ്റ്റീവന്‍ സ്മിത്ത് 14ഉം മിഥുന്‍ മന്‍ഹാസ് ഒന്നും റണ്ണെടുത്തു. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നാരായനാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെതുടക്കം അത്യുജ്ജ്വലമായിരുന്നു. പുണെയുടെ ഇളംനീലക്ക് മുന്‍തൂക്കമുള്ള ഈഡന്‍ ഗാര്‍ഡനിലെ ഗാലറിക്കുകീഴെ പുല്‍ത്തകിടിയില്‍ ഗംഭീറും മക്കല്ലവും അരങ്ങുവാണപ്പോള്‍ നൈറ്റ്റൈഡേഴ്സിന്‍െറ സ്കോര്‍ബോര്‍ഡിന് വെച്ചടി കയറ്റമായി. അശോക് ദിന്‍ഡ എറിഞ്ഞ ബൗണ്‍സര്‍ സിക്സിന് പറത്തി ആക്രമണവീര്യം കാട്ടിയ ഗംഭീര്‍ അതേ ബൗളറെ വീണ്ടും മിഡ്വിക്കറ്റിന് മുകളിലൂടെ നിലംതൊടാതെ അതിര്‍ത്തി കടത്തി.
മറുവശത്ത് മക്കല്ലവും മിടുക്കുകാട്ടിയതോടെ നൈറ്റ്റൈഡേഴ്സ് 30 പന്തില്‍ അമ്പതും 61 പന്തില്‍ നൂറും കടന്നു. നാലു ഫോറും രണ്ടു സിക്സുമടക്കം അര്‍ധശതകം കടന്ന ഗംഭീര്‍ മുരളി കാര്‍ത്തികിന്‍െറ പന്തില്‍ ലോങ് ഓഫില്‍ മന്‍ഹാസിന് പിടി കൊടുത്തതോടെയാണ് 113 റണ്‍സ് പിറന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അന്ത്യമായത്.
പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. മക്കല്ലത്തിന് പിറകെ നാലു പന്തില്‍ ഒരു റണ്ണെടുത്ത് ജാക് കാലിസും 15 പന്തില്‍ 11 റണ്‍സുമായി പത്താനും കൂടാരം കയറി. ലക്ഷ്മീ രത്തന്‍ ശുക്ള റണ്ണെടുക്കാതെ പുറത്തായി.
സ്കോര്‍ബോര്‍ഡ്
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്: ഗംഭീര്‍ സി മന്‍ഹാസ് ബി കാര്‍ത്തിക് 56, മക്കല്ലം എല്‍.ബി.ഡബ്ള്യു ബി മാത്യൂസ് 42, യൂസുഫ് പത്താന്‍ സി സ്മിത്ത് ബി ഭുവനേശ്വര്‍ 11, കാലിസ് ബി മാത്യൂസ് 1, ദാസ് നോട്ടൗട്ട് 15, ശുക്ള സി ഗാംഗുലി ബി ഭുവനേശ്വര്‍ 0, തിവാരി നോട്ടൗട്ട് 6, എക്സ്ട്രാസ് 19, ആകെ (20 ഓവറില്‍ അഞ്ചു വിക്കറ്റിന്) 150.
വിക്കറ്റ് വീഴ്ച: 1-113, 2-115, 3-122, 4-134, 5-141.
ബൗളിങ്: മുരളി കാര്‍ത്തിക് 4-0-22-1, അശോക് ദിന്‍ഡ 2-0-28-0, ഭുവനേശ്വര്‍ കുമാര്‍ 4-0-26-2, വെയ്ന്‍ പാര്‍നെല്‍ 4-0-37-0, മൈക്കല്‍ ക്ളാര്‍ക്ക് 2-0-14-0, ഏയ്ഞ്ചലോ മാത്യൂസ് 4-0-17-2.
പുണെ വാരിയേഴ്സ്: ഉത്തപ്പ സി ശുക്ള ബി ഡി ലാംഗെ 16, ക്ളാര്‍ക്ക് ബി ഡി ലാംഗെ, പാണ്ഡെ സി ദാസ് ബി ഇഖ്ബാല്‍ അബ്ദുല്ല 17, സ്റ്റീവന്‍ സ്മിത്ത് എല്‍.ബി.ഡബ്ള്യു ബി നാരായന്‍ 14, മന്‍ഹാസ് സി അബ്ദുല്ല ബി കാലിസ് 1, മാത്യൂസ് സി ശുക്ള ബി ഡി ലാംഗെ 35, ഗാംഗുലി സി അബ്ദുല്ല ബി ഭാട്ടിയ 36, പാര്‍നെല്‍ റണ്ണൗട്ട് 1, ഭുവനേശ്വര്‍ നോട്ടൗട്ട് 11, കാര്‍ത്തിക് നോട്ടൗട്ട് 0, എക്സ്ട്രാസ് 10, ആകെ (20 ഓവറില്‍ എട്ടു വിക്കറ്റിന്) 143.
വിക്കറ്റ് വീഴ്ച: 1-10, 2-28, 3-49, 4-53, 5-55, 6-128, 7-131, 8-139.
ബൗളിങ്: ഇഖ്ബാല്‍ അബ്ദുല്ല 4-0-26-1, മെര്‍ച്ചന്‍റ് ഡി ലാംഗെ 4-0-34-3, ജാക് കാലിസ് 2-0-16-1, സുനില്‍ നാരായന്‍ 4-1-13-1, രജത് ഭാട്ടിയ 4-0-27-1, യൂസുഫ് പത്താന്‍ 2-0-23-0.
നിങ്ങളുടെ അഭിപ്രായങ്ങള്‍