12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ദലിത് വിമോചനം എന്ന സമസ്യ

വരികള്‍ക്കിടയില്‍

ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖ പദവികളിലൊന്നിലും ഒരു ദലിതന്‍ നിയമിക്കപ്പെടുന്നില്ല. എന്തുകൊണ്ടാകാം ഈ ഉപേക്ഷ? ഈയിടെ ഒരു ആസ്ട്രേലിയന്‍ പത്രാധിപര്‍ ഉന്നയിച്ച ഈ ചോദ്യത്തിനുമുന്നില്‍ എനിക്ക് കൈമലര്‍ത്തേണ്ടിവന്നു. ആഴത്തില്‍ തറഞ്ഞുകയറി ഹൃദയത്തെ മുറിപ്പെടുത്തിയ ചോദ്യ ശരം. ദീര്‍ഘകാലംമുമ്പേ കണ്ടെത്തി ശരിപ്പെടുത്തേണ്ട ഒരു ന്യൂനതയാണ് ആ പത്രാധിപര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. വൈകാതെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ആ പ്രശ്നം പരിഹരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും ചെയ്തു.
എന്നാല്‍, ഇത്തരമൊരു പ്രത്യാശക്ക് മങ്ങലേല്‍പിക്കുന്ന അനുഭവമാണ് തുടര്‍ന്നുണ്ടായത്. ദലിതുകളുടെ ഗാന്ധിജിയായിരുന്ന ബി.ആര്‍. അംബേദ്കറുടെ 121ാം ജന്മ വാര്‍ഷികത്തോട് രാഷ്ട്രം കാണിച്ച അവഗണന കണ്ടപ്പോള്‍ ദലിതുകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അന്ത്യമുണ്ടാകാന്‍ ഇനിയും ദശകങ്ങള്‍തന്നെ വേണ്ടിവരുമെന്ന നൈരാശ്യമാണെനിക്കുണ്ടായത്. ഹൈന്ദവ സമുദായത്തിന്റെ ഏറ്റവും കീഴ്ത്തട്ടില്‍ കഴിയുന്നവരാണ് ദലിതുകള്‍. അവര്‍ക്കെതിരെ യുഗങ്ങളായി പക്ഷപാതപരമായി പെരുമാറുന്നതില്‍ സമുദായത്തിന് അശേഷവും ലജ്ജയില്ല. അവരെ അധഃസ്ഥിതരായി നിലനിര്‍ത്തുന്നതില്‍ പശ്ചാത്താപവുമില്ല.
അംബേദ്കറുടെ സ്മരണക്കായി പ്രമുഖ പത്രങ്ങളില്‍ ഒരു പരസ്യംനല്‍കി കേന്ദ്രസര്‍ക്കാര്‍ തടി കാത്തു. പാര്‍ലമെന്റ്ഹാളിനകത്ത് ചെറിയൊരു അനുസ്മരണ ചടങ്ങും നടന്നു-സാധാരണമനുഷ്യര്‍ക്ക് അപ്രാപ്യമാണ് ഇത്തരം വേദികള്‍. നൂറുകണക്കായ ചാനലുകളുണ്ടെങ്കിലും അവയിലൊന്നുപോലും നമ്മുടെ ഭരണഘടനാ ശില്‍പിയെ ഓര്‍മിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണയില്‍ പത്രങ്ങളിലൊന്നും മുഖപ്രസംഗങ്ങളോ എഡിറ്റ് പേജ് ലേഖനങ്ങളോ പ്രത്യക്ഷപ്പെട്ടതുമില്ല.
ഭരണഘടനാ ശില്‍പി എന്നതിനോടൊപ്പം ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയുടെ ആവിഷ്കര്‍ത്താവ് എന്ന നിലയിലും രാഷ്ട്രം അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. അയിത്തത്തിനെതിരെ കര്‍ശനമായ വകുപ്പിനുവേണ്ടി അദ്ദേഹം പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചു. അസ്പൃശ്യത തേഞ്ഞുമാഞ്ഞ് പോകുമെന്ന് അദ്ദേഹം പ്രതീക്ഷവെച്ചുപുലര്‍ത്തി. പക്ഷേ, ആ പ്രതീക്ഷ തെറ്റാണെന്ന് മേല്‍ജാതിക്കാര്‍ തെളിയിച്ചു. പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഈ സംവരണ സമ്പ്രദായത്തോട് അംബേദ്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. സംവരണം ഹീനതയുടെ മറ്റൊരു മുദ്രയാകും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും കോണ്‍ഗ്രസ് നേതാക്കളും സമ്മര്‍ദംചെലുത്തിയപ്പോള്‍ മാത്രമാണ് സംവരണ നിയമത്തിന് അംബേദ്കര്‍ വഴങ്ങിയത്.
പത്തു വര്‍ഷത്തേക്ക് സംവരണം നടപ്പാക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍, ഈ കാലയളവിനകം രാഷ്ട്രീയ പാര്‍ട്ടികളും ദലിത് വിഭാഗത്തിലെ ക്രീമിലെയര്‍ വര്‍ഗങ്ങളും രാഷ്ട്രീയ മുതലെടുപ്പിനായി സംവരണ സമ്പ്രദായം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്യമിക്കുമെന്ന് ഈ നേതാക്കള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞില്ല. അങ്ങനെ, പാര്‍ലമെന്റ് സെഷനുകളില്‍ ചര്‍ച്ചകള്‍പോലും നടത്താതെ സംവരണ പരിപാടി ഓരോ പുതിയ ദശകത്തിലും ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കുന്നു.
അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചതില്‍ ഹൈന്ദവസമൂഹം അവരോട് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. കടുത്ത വിവേചനങ്ങളാല്‍ പൊറുതിമുട്ടിയ ഒരു ഘട്ടത്തില്‍ താനും ദലിതുകളും കൂട്ടത്തോടെ ഇസ്ലാം ആശ്ലേഷിക്കുമെന്ന് അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രസ്തുത സന്ദര്‍ഭത്തില്‍ മഹാത്മാ ഗാന്ധിയാണ് അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും ഉപവാസ ഭീഷണിമുഴക്കി പിന്തിരിപ്പിക്കുകയും ചെയ്തത്.
ബുദ്ധമതം സ്വീകരിച്ചശേഷവും ദലിതുകളുടെ പതിത്വം നീങ്ങിയില്ല. ഹിന്ദു സമൂഹത്തില്‍ കഴിഞ്ഞപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന അത്തരം അവഗണനകള്‍ക്ക് പ്രമുഖ മതക്കാരില്‍നിന്നെല്ലാം അവര്‍ പാത്രീഭൂതരായി. ചെന്നേടങ്ങളിലെല്ലാം അവരില്‍ പതിത്വത്തിന്റെയും അധഃസ്ഥിതിയുടെയും മുദ്രകള്‍ പതിഞ്ഞു. ഇസ്ലാംആശ്ലേഷിച്ച ദലിതുകള്‍ക്കുപോലും കീഴാള വിവേചനം നേരിടേണ്ടിവന്നതായി സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി.
'ദൈവമക്കള്‍' എന്ന അര്‍ഥമുള്ള 'ഹരിജന്‍' എന്ന് നാമകരണംചെയ്ത് ദലിതുകളുടെ ഹീനത നീക്കിക്കളയാന്‍ മഹാത്മാ ഗാന്ധി ഒരു ശ്രമംനടത്തുകയുണ്ടായി. എന്നാല്‍, മേല്‍ജാതിക്കാരുടെ സംരക്ഷണം അര്‍ഹിക്കുന്നവര്‍ എന്ന പുതിയൊരു പതിതാവസ്ഥയുടെ സൂചകമായി മാറിയതിനാല്‍ ദലിതുകള്‍ ആ പ്രയോഗം കൈയൊഴിയുകയാണുണ്ടായത്. ജനസംഖ്യയുടെ 17 ശതമാനംവരും ദലിതുകള്‍. എന്നാല്‍, ഇത്രയേറെ അപമാനങ്ങളും വിവേചനങ്ങളും ഉണ്ടായിട്ടും അവര്‍ ഹിന്ദു സമുദായത്തില്‍ത്തന്നെ തുടരുന്നു എന്ന ചോദ്യത്തിന് എനിക്ക് വ്യക്തമായ ഉത്തരമില്ല.
ഏതാനും വര്‍ഷംമുമ്പ് കാന്‍ഷിറാമിന്റെ നേതൃത്വത്തില്‍ ദലിതുകള്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംനല്‍കുകയുണ്ടായി. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എന്ന പേരിലുള്ള ഈ സംഘടന രാഷ്ട്രീയാംഗീകാരവും ഭരണസിംഹാസനവുംവരെ നേടി. എന്നാല്‍, സാമൂഹിക പദവി അവര്‍ക്ക് ആരും ചാര്‍ത്തിക്കൊടുത്തില്ല. അഴിമതിക്കാരിയായിരുന്നെങ്കിലും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതി ദലിതുകളുടെ സ്വത്വബോധത്തെ ബലപ്പെടുത്തി. പൊലീസ് സ്റ്റേഷനുകളില്‍ പേടികൂടാതെ കയറിച്ചെന്ന് പരാതി നല്‍കാമെന്ന തോന്നലും ദലിതുകളില്‍ അവര്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു. ദശകങ്ങളോളം കോണ്‍ഗ്രസിന് വോട്ടുചെയ്തിട്ടും ലഭിക്കാത്ത മാറ്റങ്ങളായിരുന്നു അവ.
ഇപ്പോഴും മലം ചുമക്കുന്ന തോട്ടിപ്പണിക്കാരായ ദലിതുകള്‍ ഇന്ത്യയിലുണ്ട്. 50 വര്‍ഷം മുമ്പ് രാഷ്ട്രം നിരോധിച്ച ആ സമ്പ്രദായം തുടരുന്നു എന്ന് സാരം. തോട്ടിപ്പണി നിരോധം നടപ്പാക്കാന്‍ ഉത്തരവിട്ട ആഭ്യന്തരമന്ത്രാലയം ദലിതുകള്‍ക്ക് പകരമായി മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗങ്ങള്‍ അതിനാല്‍ പഴയ തൊഴില്‍ ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുന്നു.
ദലിതുകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും പീഡനങ്ങളിലും ഒട്ടും കുറവു സംഭവിച്ചില്ല. സ്വയം പ്രതിരോധത്തിന് ദലിതുകള്‍ക്ക് ആയുധം നല്‍കുക എന്നൊരു നിര്‍ദേശമുയര്‍ന്നെങ്കിലും നടപ്പാക്കപ്പെട്ടില്ല. പൗരന്മാരെ സംരക്ഷിക്കേണ്ട പൊലീസ്സേനയും സവര്‍ണ ഭൂവുടമസ്ഥര്‍ക്കൊപ്പംചേര്‍ന്ന് ദലിത് പീഡനത്തിന് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും. ദലിതുകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്പെഷല്‍ കോടതികളോ അതിവേഗ കോടതികളോ സ്ഥാപിച്ച് കേന്ദ്രസര്‍ക്കാറിന് മാതൃക സൃഷ്ടിക്കാനാകുമായിരുന്നു. നേര്‍ വിപരീതദിശയിലുള്ള സംഭവങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്. 21 ദലിതുകളെ കൂട്ടക്കുരുതി നടത്തിയ 23 സവര്‍ണരെ പൊലീസ് വേണ്ടത്ര തെളിവ് ഹാജരാക്കാത്തതിനാല്‍ പട്ന ഹൈകോടതി ഈയിടെ വെറുതെവിട്ട സംഭവം മാത്രം മതിയാകും ഇതിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാന്‍.
അയിത്തവും ഉച്ചനീചത്വ ചിന്താഗതിയും തുടച്ചുനീക്കാന്‍ നിയമങ്ങള്‍ക്കു കഴിയില്ലെന്ന് സ്പഷ്ടം. മനോഭാവം മാറാതെ ഒരു പരിവര്‍ത്തനവും സംഭവിക്കില്ല. പരമ്പരാഗതമായ മുന്‍വിധികളും പക്ഷപാതവും കൈയൊഴിയാന്‍ തയാറാകാത്തപക്ഷം പുതുതലമുറയിലും ഈ അസമത്വ ചിന്താഗതി വേരൂന്നും.
വന്‍ സാമൂഹികവിപ്ലവമാണ് നമ്മുടെ രാജ്യത്ത് അരങ്ങേറേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു വിപ്ലവദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തിയും ആര്‍ജവവുമുള്ള ഒറ്റ സംഘടനയെയും കാണ്മാനില്ല. പെണ്‍കുട്ടികള്‍ ഭാരമെന്ന് കരുതുന്നതിനാല്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ചേ ഛിദ്രീകരിക്കുന്ന സമ്പ്രദായം ആകര്‍ഷണീയമാണ് ഇന്ത്യക്കാര്‍ക്ക്! വടക്കേ ഇന്ത്യയിലാണ് ഇത്തരം സ്ത്രീ പീഡനങ്ങള്‍ ഏറെയും അരങ്ങേറുന്നത്.
അന്ധവിശ്വാസങ്ങളെ കുടഞ്ഞെറിഞ്ഞും സാമൂഹിക വിഭജന മനോഭാവത്തെ തിരുത്തിക്കുറിച്ചും മാത്രമേ ദേശവ്യാപകമായി നിലനില്‍ക്കുന്ന സാമൂഹിക തിന്മകളില്‍നിന്ന് നമുക്ക് മുക്തിനേടാന്‍ കഴിയൂ.
അത്തരമൊരു വിപ്ലവസമരത്തിന് നേതൃത്വംനല്‍കാന്‍ ഒറ്റപാര്‍ട്ടിയും രംഗത്തില്ലെന്നു തോന്നുന്നു. ആക്ടിവിസ്റ്റുകളാകട്ടെ, സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് ലക്ഷ്യംവെക്കുന്നത്. അതിനാല്‍, ഏറ്റെടുക്കാന്‍ ആളില്ലാതെ സാമൂഹികപ്രശ്നങ്ങള്‍ അനാഥാവസ്ഥയില്‍ കഴിയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com