Thu, 05/03/2012 - 00:17 ( 1 year 2 weeksago)
ലണ്ടനില്‍ സ്വര്‍ണത്തിലേക്ക് നീന്താന്‍ ഓയെനില്ല
(+)(-) Font Size
 ലണ്ടനില്‍ സ്വര്‍ണത്തിലേക്ക് നീന്താന്‍ ഓയെനില്ല

താന്‍ അതിരറ്റ് സ്നേഹിക്കുന്ന നോര്‍വീജിയന്‍ ജനതയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റി ലണ്ടന്‍ ഒളിമ്പിക്സിലെ നീന്തല്‍കുളത്തിലിറങ്ങാന്‍ കാത്തുനില്‍ക്കാതെ അലക്സാണ്ടര്‍ ഡേല്‍ ഓയെന്‍ എന്ന 26 കാരന്‍ വിടവാങ്ങി. അകാലത്തില്‍ വിടവാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിലെ പേരുകാരനായി മാറിയ ഓയെന്‍െറ അന്ത്യം അമേരിക്കയിലെ ഫ്ളാഗ്സ്റ്റാഫിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ബാത്ത് ടബ്ബില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാദേശിക സമയം രാത്രി ഒമ്പതോടെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.
2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് ഓയെനെ ലോകമറിയുന്നത്. ഈയിനത്തില്‍ 2011ലെ ഷാങ്ഹായ് ലോക ചാമ്പ്യന്‍ഷിപ് നേടി ലണ്ടനില്‍ സ്വര്‍ണ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്‍നിര സ്ഥാനത്തെത്തി യുവതാരം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഫ്ളാഗ്സ്റ്റാഫിലെ ക്യാമ്പില്‍ തീവ്രപരിശീലനത്തിലായിരുന്നു.

നോര്‍വേയുടെ അഭിമാനതാരം
മരണവാര്‍ത്ത ഏല്‍പിച്ച ഞെട്ടലില്‍ നിന്ന് നോര്‍വേക്കാര്‍ ഇനിയും മുക്തരായിട്ടില്ല. ധീരതയുടെയും ആത്മാര്‍ഥതയുടെയും പ്രതീകമായി കായികലോകം വിശേഷിപ്പിച്ച താരത്തെ നഷ്ടമായതോടെ ഒരു രാജ്യത്തിന്‍െറ ഒളിമ്പിക്സ് സ്വപ്നങ്ങളും ഇല്ലാതായി.
പരിശീലന ക്യാമ്പിലുണ്ടായിരുന്ന സഹതാരങ്ങള്‍ക്ക് ഓയെന്‍െറ വിടവാങ്ങല്‍ ഇനിയും വിശ്വസിക്കാനാവുന്നില്ല. തോള്‍ വേദനയുണ്ടെന്ന് ഇടക്കിടെ അദ്ദേഹം പറയുമായിരുന്നെങ്കിലും അമേരിക്കയില്‍ ലഭിച്ച ചികിത്സയില്‍ സംതൃപ്തനായിരുന്നു. പരിശീലനത്തിന് ശേഷം ബാത്ത്റൂമില്‍ കയറിയ ഓയെന്‍ ദീര്‍ഘനേരമായിട്ടും പുറത്തുവരാഞ്ഞതിനെത്തുടര്‍ന്ന് ചെന്നുനോക്കിയപ്പോള്‍ ടബ്ബില്‍ പകുതി വെള്ളത്തിനടിയിലും പകുതി മുകളിലുമായി കിടക്കുന്നതാണ് സുഹൃത്ത് കണ്ടത്.
ആ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ടീം ഡോക്ടര്‍ ഒലാ റോണ്‍സെണ്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

ഇരകളെയോര്‍ത്ത് കണ്ണീരോടെ
നോര്‍വേയിലെ 77 മനുഷ്യജീവനുകള്‍ ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെയ്വിക്ക് എന്ന യുവാവിന്‍െറ വെടിയുണ്ടകള്‍ക്കിരയായി മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ഓയെന്‍ ഷാങ്ഹായ്യില്‍ ലോകചാമ്പ്യനാവുന്നത്. സ്വര്‍ണമെഡല്‍ സ്വീകരിച്ചശേഷം തൊപ്പിയിലെ ദേശീയപതാകയിലേക്ക് ചൂണ്ടി അദ്ദേഹം കുറേനേരം കണ്ണീരൊഴുക്കി. തന്‍െറ നേട്ടം കൊല്ലപ്പെട്ട നിരപരാധികള്‍ക്ക് സമര്‍പ്പിച്ച ഓയെന്‍ അവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. ഇതാദ്യമായിരുന്നു ഒരു നോര്‍വേക്കാരന്‍ നീന്തലില്‍ ലോക ജേതാവാകുന്നത്.
1985 മേയ് 21ന് നോര്‍വീജിയന്‍ നഗരമായ ബെര്‍ഗെനില്‍ മൊണ ലില്ലിയാന്‍-ഇന്‍ഗോള്‍ഫ് ഓയെന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് അലക്സാണ്ടര്‍ ഡേല്‍ ഓയെന്‍െറ ജനനം. നാലാം വയസ്സില്‍ത്തന്നെ നീന്തല്‍ക്കുളത്തിലിറങ്ങിയ ഓയെന്‍ 2005ലാണ് ആദ്യമായി ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മോണ്‍ട്രിയലില്‍ നടന്ന ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍വരെ എത്താന്‍ ഓയെനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus