തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഡിപാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് പി.ജി ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉള്ള അധ്യാപകര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. നോണ്‍ ഫോര്‍മല്‍ മോഡില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമായിരിക്കും ക്ളാസുകള്‍. അപേക്ഷാഫോറം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം രജിസ്ട്രേഷന്‍ ഫീസ് 100 രൂപ അടച്ചതിന്‍െറ രശീതും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഞ്ചു രൂപ സ്ററാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവറും വെക്കേണ്ടതാണ്. അപേക്ഷ ഹെഡ്, ഡിപാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് സര്‍വകലാശാല, പിന്‍ 673 635 എന്ന വിലാസത്തില്‍ മേയ് 19ന് അഞ്ചു മണിവരെ സ്വീകരിക്കും. ഡിഗ്രിയുടെ മാര്‍ക്കടിസ്ഥാനത്തില്‍ 50 അധ്യാപകര്‍ക്കായിരിക്കും കോഴ്സിന് പ്രവേശം ലഭിക്കുക. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിലവിലുള്ള പ്രവേശം സംബന്ധിച്ച റിസര്‍വേഷന്‍ നിയമങ്ങള്‍ ഈ കോഴ്സിനും ബാധകമായിരിക്കും. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. കോഴ്സ് ഫീസ് 9000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9847741786.
നിങ്ങളുടെ അഭിപ്രായങ്ങള്‍