ന്യൂദല്‍ഹി: പാത്രിബാല്‍ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. സൈനിക ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് വിധേയരാക്കണോ അതോ ക്രിമിനല്‍ കോടതിയില്‍ വിചാരണക്ക് വിധേയരാക്കണോയെന്ന് തീരുമാനിക്കാന്‍ കോടതി സൈന്യത്തിന് എട്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. സാധാരണ കോടതിയില്‍ ഇവരെ വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കോര്‍ട്ട് മാര്‍ഷലിന് സൈന്യം അനുകൂലമല്ലെങ്കില്‍ വിചാരണക്ക് നാലാഴ്ചക്കകം കേന്ദ്രത്തിന്റെ അനുമതി തേടണമെന്നും കേസ് അന്വേഷിച്ച സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചു.
കശ്മീരിലെ പാത്രിബാലില്‍ 12 വര്‍ഷം മുന്‍പാണ് അഞ്ചു പേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ ഉണ്ടായത്. 2000 മാര്‍ച്ചില്‍ തീവ്രവാദികള്‍ 35 പേരെ കൊലപ്പെടുത്തിയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഏഴ് പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു സൈന്യത്തിന്റെ ഭാഷ്യം. ജനപ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇവരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയും കൊല്ലപ്പെട്ടത് സാധാരണ പൗരന്‍മാരാണെന്ന് തെളിയുകയും ചെയ്തു.
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇവരെ വധിച്ചതെന്ന് സിബിഐയുടെ വാദിച്ചു. എന്നാല്‍ കൊലപ്പെട്ടത് വിദേശ തീവ്രവാദികളാണെന്നും പൊലീസ് നല്‍കിയ രഹസ്യവിവരമനുസരിച്ചായിരുന്നു ഏറ്റുമുട്ടലെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.
കശ്മീര്‍ കോടതിയില്‍ നടന്ന കേസ് വിചാരണ 2007 ല്‍ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍