ചാരുംമൂട്: വിവരാവകാശ നിയമപ്രകാരം തപാലില്‍ ലഭിച്ച രേഖകള്‍ക്ക് 16 കിലോ തൂക്കം. പാലമേല്‍ പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെയും മറ്റ് അനുബന്ധ രേഖകളും ആവശ്യപ്പെട്ട് പഞ്ചായത്ത് മുന്‍ അംഗം ആദിക്കാട്ടുകുളങ്ങര ഷാനവാസ് വില്ലയില്‍ പി.എം. ഷാജഹാന്‍ നല്‍കിയ അപേക്ഷയിലാണ് 16 കിലോ വരുന്ന രേഖകള്‍ രജിസ്ട്രേര്‍ഡ് തപാലില്‍ ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 22നാണ് 2010-11, 2011-12 വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റും അപേക്ഷകളും ഗ്രാമസഭാ തീരുമാനവും മിനുട്സ് ബുക്കിന്‍െറ കോപ്പികളും ആവശ്യപ്പെട്ട് ഷാജഹാന്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ അപ്പീല്‍ അധികാരിക്ക് പരാതി നല്‍കുകയും രേഖകള്‍ 10ദിവസത്തിനകം അപേക്ഷകന് സൗജന്യമായി നല്‍കണമെന്ന് ഡി.ഡി.പി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് കാലതാമസം വരുത്തിയതിന് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, പകര്‍പ്പുകള്‍ ഏപ്രില്‍ 17ന് നല്‍കാമെന്ന് സെക്രട്ടറി രസീത് നല്‍കിയെങ്കിലും വീണ്ടും രേഖകള്‍ ലഭിക്കാതെ വന്നതോടെ വിവരാവകാശ കമീഷന് പരാതി നല്‍കി കാത്തിരിക്കുമ്പോഴാണ് ശനിയാഴ്ച പാര്‍സലായി 16 കിലോ വരുന്ന രേഖകള്‍ ലഭിച്ചത്. തപാല്‍ ചെലവായി 568 രൂപ നല്‍കിയാണ് രേഖകള്‍ കൈപ്പറ്റിയത്. ആവശ്യപ്പെട്ട രേഖകള്‍ പലതും ലഭിച്ചില്ലെന്നും ചിലത് വ്യാജമാണെന്നും രേഖകള്‍ തരാന്‍ കാലതാമസം നേരിട്ടതിന് പിന്നില്‍ കൃത്രിമരേഖകള്‍ ചമക്കാനായിരുന്നുവെന്നും ഷാജഹാന്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍