തൃശൂര്‍: ആര്‍ത്തിരമ്പുന്ന അലകടല്‍ പോലെ ജനസഹസ്രം ആവേശാരവം ഉയര്‍ത്തുന്ന തെക്കോട്ടിറക്കത്തിന്‍െറ മത്സര പിരിമുറുക്കത്തിന്‍െറയും ഉദ്വേഗ മുഹൂര്‍ത്തങ്ങളുടെയും തരംഗദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഇക്കുറി എല്‍.ഇ.ഡി, ലേസര്‍ കുടകള്‍. മത്സരത്തിന് മാറ്റ് കൂട്ടാന്‍ കാളി -കാളിയന്‍ കുടകളും. വര്‍ണക്കാഴ്ചകള്‍ക്ക് പുതുഭേദമേകുന്ന കുടമാറ്റ മത്സരം ഇതോടെ തീ പാറുമെന്നുറപ്പ്.
കഴിഞ്ഞ വര്‍ഷം പാറമേക്കാവ് വിഭാഗമാണ് എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ച കുടകള്‍ ഉയര്‍ത്തി ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഇക്കുറി തിരുവമ്പാടിയും എല്‍.ഇ.ഡി കുടകള്‍ രംഗത്തിറക്കുകയാണ്. ഇത് മുന്‍കൂട്ടി കണ്ട് പാറമേക്കാവ് വിഭാഗം എല്‍.ഇ.ഡിക്ക് പുറമെ ലേസര്‍ കുടകളുമായാണ് എത്തുന്നത്.
തിരുവമ്പാടി ഒരു സെറ്റ് എല്‍.ഇ.ഡി കുടകളാണ് തയാറാക്കിയത്. 14 കരിച്ചുവപ്പ് കുടകളും നടുക്ക് റോസ് കുടയും ഇവയിലാണ് ചുവപ്പും നീലയും വര്‍ണത്തില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
അതേ സമയം രണ്ട് സെറ്റ് എല്‍.ഇ.ഡി കുടകളും ഒരു സെറ്റ് ലേസര്‍ കുടകളുമാണ് തയാറാക്കിയിരിക്കുന്നത്. എല്‍.ഇ.ഡി ബള്‍ബ് ഘടിപ്പിച്ച അയ്യപ്പ വിഗ്രഹമാണ് ഇവയിലൊന്ന്. ബള്‍ബുകള്‍ വിഗ്രഹത്തിന് ചുറ്റും പ്രഭാവലയം സൃഷ്ടിക്കും. മറ്റൊന്ന് 14 വെള്ളിക്കുടകളും നടുക്ക് ചുവപ്പ് കുടയുമാണ്. ഇവയില്‍ ചുവപ്പ്, നീല, വെള്ള നിറത്തില്‍ ബള്‍ബുകള്‍ മിന്നും
പട്ട് കുടയുടെ മുകളില്‍ ലേസര്‍ സ്റ്റിക്കര്‍ പതിപ്പിച്ച് അകത്ത് എല്‍.ഇ.ഡി ബള്‍ബുകള്‍ കത്തിക്കുന്നതാണ് പാറമേക്കാവിന്‍െറ തുറുപ്പ് ശീട്ട്. കുടയുടെ അകത്ത് ബള്‍ബുകള്‍ കത്തുമ്പോള്‍ ലേസര്‍ സ്റ്റിക്കര്‍ വര്‍ണരാജി വിതറും. കാണികളുടെ ആവേശം വാനോളം ഉയര്‍ത്താന്‍ പോന്ന അദ്ഭുത കാഴ്ചയൊരുക്കാനാണ് പാറമേക്കാവ് ഒരുങ്ങിയത്.
കാളിയും -കാളിയനുമാണ് പാറമേക്കാവിന്‍െറ മറ്റൊരു നമ്പര്‍. സ്വര്‍ണ ത്രിശൂലത്തില്‍ ശിവ -പാര്‍വതിമാരുടെ മുഖവും അതിനടിയില്‍ രൗദ്ര ഭാവത്തോടെ കാളിയെയും പിന്നില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന കാളിയനെയുമാണ് അവതരിപ്പിക്കുന്നത്. എട്ടടി ഉയരവും അഞ്ച് അടി വീതിയുമുള്ള കുടകളില്‍ 14 എണ്ണത്തില്‍ കാളിയന് ഏഴ് തലയാണുള്ളത്. നടുവില്‍ ഒമ്പത് തലയും. നടുവിലെ കുടക്ക് കാളിക്ക് കസവു പാവാട ഞൊറിയുമുണ്ടാകും. മറ്റുള്ളവയില്‍ ഇത് ചുവപ്പ് ഞൊറിയാണ്. കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷും സംഘവും 10 ദിവസമെടുത്താണ് ഫൈബറും തെര്‍മോക്കോളും ഉപയോഗിച്ച് ഈ കുട പണി തീര്‍ത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍