മട്ടന്നൂര്‍: കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ്പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ കൊതേരിയില്‍ പൊട്ടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് പൈപ്പ്പൊട്ടിയിട്ടും പമ്പിങ് നിര്‍ത്താത്തതിനാല്‍ മണിക്കൂറുകളോളം ശുദ്ധജലം ഒഴുകി പാഴായി.
ചാവശ്ശേരിപ്പറമ്പ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ നിന്ന് വടുവന്‍കുളത്തെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന 500 എം.എം പൈപ്പാണ് പൊട്ടിയത്. വെള്ളം കിട്ടാതെ ജനം വലയുമ്പോള്‍ പൈപ്പ്പൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതിനു മുമ്പും ഇവിടെ പൈപ്പ്പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. രാവിലെ 9.30ന് വൈദ്യുതി നിലച്ചതിനാലാണ് പമ്പിങ് തടസ്സപ്പെട്ടതും വെള്ളം കൂടുതല്‍ പാഴാകുന്നത് ഒഴിവായതും. പൊട്ടിയ പൈപ്പ് നന്നാക്കിയെങ്കിലും പമ്പിങ് ചൊവ്വാഴ്ച രാവിലെ മാത്രമേ പുനരാരംഭിക്കൂ. പമ്പിങ് നിലച്ചതിനാല്‍ മട്ടന്നൂര്‍ നഗരസഭയിലും കീഴല്ലൂര്‍, കൂടാളി, മുണ്ടേരി, കുറ്റ്യാട്ടൂര്‍, മയ്യില്‍, നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെട്ടു.
ഒരാഴ്ച മുമ്പ് കൊതേരിയില്‍ തന്നെ മറ്റൊരിടത്ത് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചിരുന്നു. പെരളശ്ശേരി പദ്ധതിയില്‍ നിന്ന് ബൈപാസായി കൊളച്ചേരിക്ക് വെള്ളം നല്‍കുന്നതിന്‍െറ സമ്മര്‍ദം താങ്ങാനാവാത്തതാണ് പൈപ്പ് ഇടക്കിടെ പൊട്ടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍