അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കം

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കം

ദുബൈ: 19ാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എ.ടി.എം) ദുബൈ രാജ്യാന്തര കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പവലിയനുകള്‍ അദ്ദേഹം ചുറ്റിക്കണ്ടു. യു.എ.ഇയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നാലു ദിവസത്തെ മേളയില്‍ ഇന്ത്യയടക്കമുള്ള 87 രാജ്യങ്ങളില്‍നിന്നായി 2,400ലേറെ പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ എ.ടി.എമ്മില്‍ ഈ വര്‍ഷം പ്രദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. സന്ദര്‍ശകരുടെ എണ്ണവും ഏറെ വര്‍ധിക്കുമെന്നാണ് മുഖ്യ സംഘാടകരായ റീഡ് ട്രാവല്‍ എക്സിബിഷന്‍സിന്‍െറ കണക്കുകൂട്ടല്‍.
ആഗോള തലത്തില്‍ ട്രാവല്‍ ആന്‍റ് ടൂറിസം രംഗത്തെ നിക്ഷേപം വന്‍ തോതില്‍ വര്‍ധിക്കുന്നതായി റീഡ് ട്രാവല്‍ എക്സിബിഷന്‍സ് പോര്‍ട്ഫോളിയോ ഡയറക്ടര്‍ മാര്‍ക് വാര്‍ഷ് അറിയിച്ചു. മേഖലയില്‍ കഴിഞ്ഞ വര്‍ഷം 3,800 കോടി യു.എസ് ഡോളറിന്‍െറ നിക്ഷേപമാണുണ്ടായത്. ഇത് ഇത്തവണ 4,100 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ. ടൂറിസം രംഗത്ത് യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഈ കാലയളവില്‍ വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ട്. 2012ല്‍ യു.എ.ഇയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെവിടെ പ്രശ്നങ്ങളുണ്ടാകുമ്പോഴും രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താറുണ്ട്.
ദുബൈ ടൂറിസം ആന്‍ഡ് കോമേഴ്സ് മാര്‍ക്കറ്റിങിന്‍െറ (ഡി.ടി.സി.എം) കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം എമിറേറ്റിലെ ഹോട്ടലുകളിലെത്തിയ അതിഥികളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ട്. ശരാശരി 93 ലക്ഷം അതിഥികളാണ് ഹോട്ടലുകളിലെത്തിയത്. ഇവര്‍ ശരാശരി 3.6 ദിവസമാണ് ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ട്. അബൂദബി ടൂറിസം അതോറിറ്റിയുടെ കണക്കനുസരിച്ച് അവിടെ 2011ല്‍ 21 ലക്ഷം ഹോട്ടല്‍ അതിഥികളാണ് എത്തിയത്. ഇന്ന് മുതല്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് മേളയിലെ സന്ദര്‍ശന സമയം. മേയ് മൂന്നിന് സമാപിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus