Tue, 05/01/2012 - 00:21 ( 1 year 3 weeksago)
യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ : മെസ്സിയും റൊണാള്‍ഡോയും ഒപ്പത്തിനൊപ്പം
മഡ്രിഡ്: ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യൂറോപ്പിലെ മികച്ച ഗോളടിവീരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരത്തിനായുള്ള പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം. സ്പാനിഷ് ലീഗില്‍ 43 ഗോളുകള്‍ വീതം നേടിയ ഇരുവരും 86 പോയന്‍റുമായാണ് മത്സരം കൊഴുപ്പിക്കുന്നത്. ലീഗില്‍ രണ്ടു കളികളാണിനി ബാക്കിയുള്ളത്.
കഴിഞ്ഞ ദിവസം റയോ വായ്യെകാനോയെ ബാഴ്സലോണ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയ കളിയില്‍ നേടിയ ഇരട്ട ഗോളുകളാണ് മെസ്സിയെ റൊണാള്‍ഡോക്കൊപ്പമെത്തിച്ചത്. ഞായറാഴ്ച സെവിയ്യക്കെതിരെ റയല്‍ മഡ്രിഡ് 3-0ന് ജയിച്ചുകയറിയപ്പോള്‍ ഒരു ഗോള്‍ ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു.
യൂറോപ്പില്‍ പ്രധാന ലീഗുകളെല്ലാം അവസാനിക്കാനിരിക്കേ, ഗോള്‍ഡന്‍ ഷൂ പുരസ്കാരത്തിന് മെസ്സിയും റൊണാള്‍ഡോയും തമ്മില്‍ നേരിട്ടാണ് മത്സരം. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്സനലിന്‍െറ റോബിന്‍ വാന്‍ പെഴ്സി 28 ഗോളും 56 പോയന്‍റുമായി ഏറെ പിന്നിലാണ്. ജര്‍മന്‍ ലീഗില്‍ ഷാല്‍കെക്ക് കളിക്കുന്ന ഡച്ചുതാരം ക്ളാസ് യാന്‍ ഹണ്ടെലാര്‍ (27 ഗോള്‍, 54 പോയന്‍റ്) നാലാമതാണ്. ബയേണ്‍ മ്യൂണിക്കിന്‍െറ ജര്‍മന്‍ സ്ട്രൈക്കര്‍ മറിയോ ഗോമസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ സ്റ്റാര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണി, ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാന് കളിക്കുന്ന സ്വീഡിഷ് സ്ട്രൈക്കര്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് എന്നിവര്‍ 26 ഗോള്‍ വീതം നേടി, 54 പോയന്‍റുമായി തൊട്ടുപിന്നിലുണ്ട്.
തുര്‍ക്കിയില്‍ ട്രബ്സോന്‍സ്പറിന്‍െറ ഗോള്‍വേട്ടക്കാരന്‍ ബുറാക് യില്‍മാസ് 32 ഗോള്‍ നേടിയിട്ടുണ്ടെങ്കിലും 48 പോയന്‍റാണുള്ളത്. ലാത്വിയന്‍ ലീഗില്‍ ട്രാന്‍സിന് കളിക്കുന്ന അലക്സാന്‍ഡ്രസ് സെകുലാവേസ് 46 തവണ വല കുലുക്കിയെങ്കിലും 46 പോയന്‍റാണ് സമ്പാദ്യം. സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മഡ്രിഡിനുവേണ്ടി 23 ഗോള്‍ നേടിയ കൊളംബിയന്‍ താരം റഡാമെല്‍ ഫാല്‍കാവോക്കും 46 പോയന്‍റുണ്ട്.
ജര്‍മന്‍ ലീഗില്‍ ഹണ്ടെലാറും ഇറ്റാലിയന്‍ ലീഗില്‍ ഇബ്രാഹിമോവിച്ചും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വാന്‍ പെഴ്സിയുമാണിപ്പോള്‍ ഒന്നാം സ്ഥാനത്ത്.
1967-68ല്‍ ഫ്രഞ്ച് ഫുട്ബാള്‍ മാഗസിനായ എല്‍ എക്വിപ് ആണ് യൂറോപ്യന്‍ ലീഗിലെ മികച്ച ഗോള്‍വേട്ടക്കാരന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. 1968 മുതല്‍ 91 വരെയുള്ള വര്‍ഷങ്ങളില്‍ യുസേബിയോ, ഗെര്‍ഡ് മ്യൂളര്‍, ഇയാന്‍ റഷ്, മാര്‍കോ വാന്‍ ബാസ്റ്റന്‍ തുടങ്ങിയ വിഖ്യാത താരങ്ങള്‍ പുരസ്കാര ലബ്ധിയിലെത്തി.
സ്ഥാനനിര്‍ണയം പോയന്‍റ്
അടിസ്ഥാനത്തില്‍
തൊണ്ണൂറുകളുടെ തുടക്കത്തില്‍ വമ്പന്‍ ലീഗുകളും ചെറു ലീഗുകളുമായി അന്തരമേറിയപ്പോള്‍ അവാര്‍ഡ് ദാനം സങ്കീര്‍ണമായി മാറി. 1991ല്‍ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിന്‍െറ ഡാര്‍കോ പാന്‍ചേവ് 34 ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ പ്രതിഷേധവുമായി സൈപ്രസ് ഫുട്ബാള്‍ അസോസിയേഷന്‍ രംഗത്തെത്തി. ആ സീസണില്‍ സൈപ്രസ് ലീഗില്‍ ഒരു കളിക്കാരന്‍ 40 ഗോള്‍ നേടിയിട്ടുണ്ടെന്നായിരുന്നു അവരുടെ അവകാശവാദം. ഇതോടെ അനൗദ്യോഗിക അവാര്‍ഡാണ് ഇതെന്ന് വ്യക്തമാക്കി എല്‍ എക്വിപ് തടിയൂരി.
എല്‍ എക്വിപ് കൂടി ഉള്‍പ്പെട്ട യൂറോപ്യന്‍ സ്പോര്‍ട്സ് മാഗസിനു കീഴില്‍ അഡിഡാസ് സ്പോണ്‍സര്‍മാരായി 1996 മുതല്‍ അവാര്‍ഡിന് വീണ്ടും ഔദ്യാഗിക രൂപം കൈവന്നു. ലീഗുകളുടെ കരുത്തനുസരിച്ച് റാങ്ക് അടിസ്ഥാനത്തില്‍ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ച് പോയന്‍റ് കണക്കാക്കി ഗോള്‍വേട്ടക്കാരനെ നിര്‍ണയിക്കുകയായിരുന്നു പിന്നെ. പ്രധാനപ്പെട്ട അഞ്ചു ലീഗുകളില്‍ നേടുന്ന ഗോളൊന്നിന് രണ്ടു പോയന്‍റും ആറു മുതല്‍ 21 വരെ റാങ്കിലുള്ള ലീഗുകളില്‍ നേടുന്ന ഗോളുകള്‍ക്ക് 1.5 പോയന്‍റും മറ്റു ലീഗുകളിലെ ഗോളുകള്‍ക്ക് ഒരു പോയന്‍റും കണക്കാക്കിയാണ് ഗോള്‍വേട്ടക്കാരനെ നിര്‍ണയിക്കുന്നത്. ഇതോടെ അര്‍മീനിയ, എസ്തോണിയ, അസര്‍ബൈജാന്‍ തുടങ്ങിയ ദുര്‍ബല ലീഗുകളിലെ കളിക്കാര്‍ നേടുന്ന ഗോളുകള്‍ക്ക് ലാ ലിഗ, പ്രീമിയര്‍ ലീഗ്, സീരി എ, ബുണ്ടസ്ലീഗ, ഫ്രഞ്ച് ലീഗ് എന്നിവയിലെ ഗോളുകളുടെ പകുതി പോയന്‍റ് മാത്രമേ ലഭ്യമാകൂ എന്നതിനാല്‍ ആശയക്കുഴപ്പവും വിവാദങ്ങളും ഒഴിവായി.
കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയും അതിനു മുമ്പത്തെ സീസണില്‍ മെസ്സിയുമാണ് ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍