Tue, 05/01/2012 - 00:15 ( 1 year 3 weeksago)
കളിക്കാര്‍ക്കെന്താ സഭയില്‍ കാര്യം?
(+)(-) Font Size

മുംബൈ: ബാറ്റിങ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ശിവസേനയുടെ സ്വന്തക്കാരനാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, കഴിഞ്ഞ കുറേക്കാലമായി പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ഥന അവഗണിക്കുന്ന സചിനെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു ശിവസൈനികര്‍. താരത്തിന് അടുപ്പം കോണ്‍ഗ്രസിനോടാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണത്രെ അവരുടെ തീരുമാനം. കോണ്‍ഗ്രസിന്‍െറ ആവശ്യം മാനിച്ച് രാജ്യസഭാംഗമായി സചിനെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുകയും അദ്ദേഹം അത് ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെ മുംബൈക്കാരനെതിരെ വിമര്‍ശ ശരങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ശിവസേനാ നേതൃത്വം.

അനുമോദനം വേണ്ടേ വേണ്ട
സചിനെ അനുമോദിക്കണമെന്ന് ശിവസേനാ നേതൃത്വത്തിലുള്ള മുംബൈ കോര്‍പറേഷന്‍ ഭരണാധികാരികള്‍ വര്‍ഷങ്ങളായി ആഗ്രക്കുന്നതാണ്. ഇക്കാര്യമറിയിച്ച് സചിന് കത്തയച്ചത് മാറിമാറി വന്ന മൂന്നു മേയര്‍മാരാണ്.
പക്ഷേ, ഒന്നിനും അദ്ദേഹം മറുപടി കൊടുത്തില്ല. സചിന്‍ നൂറാം സെഞ്ച്വറി തികച്ചപ്പോള്‍ അവസാന ശ്രമമായി നിലവിലെ മേയര്‍ സുനില്‍ പ്രഭുവും ഒരു കത്തെഴുതി നോക്കി. പക്ഷേ, താരത്തിന് മൗനംതന്നെ. ഇനി ഇങ്ങനെയൊരു ഏര്‍പ്പാടിനേ നില്‍ക്കണ്ടെന്ന നിലപാടിലാണ് ശിവസേനാ നേതൃത്വവും കോര്‍പറേഷനും.
‘മേയര്‍ നഗരത്തിലെ പ്രഥമ പൗരനാണ്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ കോര്‍പറേഷന്‍ ഇത്തരത്തില്‍ നാല് കത്തുകള്‍ സചിന് അയച്ചു. അല്‍പസമയം അവിടെ ചെലവഴിക്കാനായിരുന്നു അഭ്യര്‍ഥന. പക്ഷേ, അദ്ദേഹം പ്രതികരിച്ചില്ല. ആളുകളെ കാണാനും ദല്‍ഹിയില്‍ പോയി അനുമോദനങ്ങള്‍ സ്വീകരിക്കാനും സചിന് സമയമുണ്ട്. വ്യവസായികള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ പരിപാടികളിലും അദ്ദേഹം സംബന്ധിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ മാത്രം പ്രതികരണമില്ല’- പ്രമുഖ ശിവസേനാ നേതാവ് തുറന്നടിക്കുന്നു.
2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ അന്നത്തെ മേയര്‍ ശ്രദ്ധാ യാദവും സചിന് സമാനമായ അഭ്യര്‍ഥന അയച്ചു. ഫലം നിരാശതന്നെ. ഇനിയും സചിനെ ക്ഷണിക്കേണ്ടെന്ന അഭിപ്രായമാണ് മറ്റൊരു മുന്‍മേയര്‍ ശുഭാ റൗളിന്. കുറേക്കാലം അദ്ദേഹത്തെ കാത്തിരുന്നു. സചിന്‍െറ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് അറിയിക്കുന്ന സന്ദേശം താരത്തിന് അയച്ചാല്‍ മതിയെന്ന് ശുഭ നിര്‍ദേശിക്കുന്നു.

മുന്‍ഗാമികള്‍ മിണ്ടിയിട്ടില്ലെന്ന് താക്കറെ
ക്രിക്കറ്റ് താരമായ സചിന്‍ രാജ്യസഭയില്‍ ചെന്നിട്ട് എന്തുചെയ്യാനാണെന്നാണ് ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ ചോദ്യം. സിനിമാരംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ഹേമമാലിനി തുടങ്ങിയവര്‍ സഭയിലെത്തി. പക്ഷേ, എല്ലാവരും മൗനംദീക്ഷിച്ചെന്ന് താക്കറെ കുറ്റപ്പെടുത്തി.
സചിനെ രാജ്യസഭയിലയച്ചതിലൂടെ കണ്ടത് കോണ്‍ഗ്രസിന്‍െറ മറ്റൊരു മോശം മുഖമാണ്. എം.പി സ്ഥാനം ആളുകളുടെ തലയില്‍ കെട്ടിവെക്കുകയാണവര്‍. സചിന് അവിടെ ഒരു പ്രസക്തിയുമില്ല. മുമ്പ് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ രാജ്യസഭയില്‍ എങ്ങനെയായിരുന്നുവെന്ന് ആലോചിച്ചശേഷം മതിയായിരുന്നു ഇതെന്ന് താക്കറെ കൂട്ടിച്ചേര്‍ത്തു.

വിവാദമാക്കേണ്ട -അസ്ലം ഷേര്‍ഖാന്‍
സചിനെ രാജ്യസഭാംഗമാക്കിയത് വിവാദമാക്കേണ്ടെന്നാണ് ഹോക്കി ഒളിമ്പ്യന്‍ അസ്ലം ഷേര്‍ഖാന്‍െറ പക്ഷം. അദ്ദേഹത്തിന് 39 വയസ്സ് കഴിഞ്ഞു. ക്രിക്കറ്റില്‍ ഇനി അധികകാലം ഉണ്ടാവില്ല. സചിന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ഷേര്‍ഖാന്‍ അഭിപ്രായപ്പെട്ടു.
സചിന് എല്ലാ പിന്തുണയുമായി സുഹൃത്തും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ നേതാവുമായ രാജ് താക്കറെയും രംഗത്തുണ്ട്. അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്തുമെന്ന് ഇതുകൊണ്ട് അര്‍ഥമാക്കേണ്ടതില്ല. ലതാ മങ്കേഷ്കറെ നാമനിര്‍ദേശം ചെയ്തത് ബി.ജെ.പിയാണ്. എന്നാല്‍, അവര്‍ ഒരിക്കലും ആ പാര്‍ട്ടിയില്‍ ചേരുകയോ വോട്ട് പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജ് താക്കറെ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus