യാംഗോന്‍: മ്യാന്മര്‍ വിമോചന നായികയും നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) നേതാവുമായ ഓങ് സാന്‍ സൂചി പാര്‍ലമെന്റ് അംഗമായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും. നയ്പിഡാവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സൂചിതന്നെയാണ് തന്റെയും മറ്റു 42 എന്‍.എല്‍.ഡി അംഗങ്ങളുടെയും സത്യപ്രതിജ്ഞ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായതായി അറിയിച്ചത്. സത്യപ്രതിജ്ഞാ വാചകത്തെച്ചൊല്ലി ഉടലെടുത്ത വിവാദത്തെ തുടര്‍ന്ന് സൂചിയും മറ്റു അംഗങ്ങളും സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയായിരുന്നു. വാചകത്തിലെ ഭരണഘടനയെ 'സംരക്ഷിക്കും' എന്ന പദത്തിന് പകരം 'ആദരിക്കും' എന്ന് മാറ്റണമെന്നായിരുന്നു എന്‍.എല്‍.ഡിയുടെ ആവശ്യം. ഇത് ഭരണകൂടം നിരാകരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്മര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ഉടനെയാണ് സൂചിയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. മൂണ്‍ പ്രസംഗിക്കുമ്പോള്‍ എന്‍.എല്‍.ഡി അംഗങ്ങള്‍ പാര്‍ലമെന്റിലുണ്ടായിരുന്നില്ല.
രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ തന്നെയും മറ്റു എന്‍.എല്‍.ഡി അംഗങ്ങളെയും പാര്‍ലമെന്റില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി സൂചി പറഞ്ഞു. ഏപ്രില്‍ ഒന്നിന് മ്യാന്മറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 44ല്‍ 43 സീറ്റും നേടിയത് എന്‍.എല്‍.ഡിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍