പാലക്കാട്: പട്ടികജാതി വികസന വകുപ്പ് സംസ്ഥാനത്ത് പ്രഫഷനല്‍ കോളജുകള്‍ തുടങ്ങുമെന്നും ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. സ്ഥലം ലഭിച്ചാലുടന്‍ കോളജ് തുടങ്ങും.മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരവും ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷനും ലഭിക്കാനുള്ള നടപടികള്‍ക്കായി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന വിധത്തിലായിരിക്കും മെഡിക്കല്‍ കോളജ് തുടങ്ങുക. ഈ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് ശ്രമിക്കുക.എന്നാല്‍ വിശദാംശങ്ങള്‍ തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ പല സ്ഥലങ്ങളും നിര്‍ദിഷ്ട മെഡിക്കല്‍ കോളജിനായി ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥലപരിശോധനക്ക് കലക്ടറെ ചുമതലപ്പെടുത്തി. ചുരുങ്ങിയത് 25 ഏക്കര്‍ ഭൂമിയാണ് ആവശ്യം. തുടര്‍ നടപടികള്‍ക്കായി സ്പെഷല്‍ ഓഫിസറെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍