12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ടൂറിസം പരിപാടിയില്‍ പങ്കെടുക്കാത്ത വനം വാച്ചര്‍മാര്‍ക്കെതിരെ നടപടി

കുമളി: പെരിയാര്‍ കടുവ-വന്യജീവി സങ്കേതത്തില്‍ ഉള്‍ക്കാട്ടില്‍ ജോലി ചെയ്യുന്ന വാച്ചര്‍മാര്‍ തേക്കടി ബോട്ട്ലാന്‍ഡിങ് കേന്ദ്രീകരിച്ച് നടക്കുന്ന ഇക്കോ ടൂറിസം പരിപാടിയില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ നടപടിയെടുത്തത് വിവാദമാകുന്നു.
വനം-വന്യജീവി സംരക്ഷണത്തെക്കാള്‍ പ്രാധാന്യം ടൂറിസത്തിനാണെന്ന ചില ഉന്നത വനപാലകരുടെ നയമാണ് ദിവസക്കൂലിക്കാരായി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വാച്ചര്‍മാര്‍ക്ക് വിനയായത്. ഏഴ് വാച്ചര്‍മാര്‍ക്കെതിരെയാണ് ഇക്കോ ടൂറിസത്തിന്‍െറ ചുമതലയുള്ള റേഞ്ചോഫിസര്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. പെരിയാര്‍ കടുവാ സങ്കേതത്തിന്‍െറ ഉള്‍പ്രദേശങ്ങളായ മുല്ലക്കുടി, താന്നിക്കുടി,പച്ചക്കാട്, ഉമികുപ്പാന്‍, മ്ളാപ്പാറ, സുന്ദരമല തുടങ്ങി വിവിധ ഭാഗങ്ങളില്‍ രണ്ട് വീതം വാച്ചര്‍മാരെയാണ് വനപാലകര്‍ക്കൊപ്പം നിയോഗിച്ചിട്ടുള്ളത്.
കാടിന് നടുവില്‍ സംരക്ഷണ ജോലികള്‍ക്ക് പോകുന്ന വാച്ചര്‍മാരില്‍ പലരും ആഴ്ചകള്‍ക്കുശേഷമാണ് സ്വന്തം വീടുകളില്‍ പോലും തിരികെയെത്തുന്നത്. കാടിന് നടുവിലൂടെ ഏറെ ക്ളേശം സഹിച്ച് സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന വാച്ചര്‍മാര്‍ വനപാലകര്‍ നിശ്ചയിച്ച ദിവസം തേക്കടിയിലെത്തി ടൂറിസം പരിപാടിയിലും പങ്കെടുക്കണമെന്നാണ് പുതിയ നിര്‍ദേശം.
താല്‍ക്കാലിക വാച്ചര്‍മാരായി 84 പേരാണ് തേക്കടിയിലുള്ളത്. ഇതില്‍ നിരവധി ആദിവാസി യുവാക്കളും ഉള്‍പ്പെടുന്നു. ഇവരുടെ പേരില്‍ രൂപവത്കരിക്കപ്പെട്ട ‘പെറ്റ്സ്’ ഇ.ഡി.സിയുടെ നേതൃത്വത്തിലാണ് വിദേശികളുമായി രാത്രി കാട്ടിനുള്ളിലൂടെ സഞ്ചരിക്കുന്ന ടൂറിസം പ്രോഗ്രാം ‘നൈറ്റ് ട്രക്കിങ്’ നടത്തുന്നത്.
താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് മാസത്തില്‍ 12 ദിവസം മാത്രമാണ് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്.ശേഷിച്ച 18 ദിവസത്തില്‍ 14 ദിവസം ഇക്കോ ടൂറിസം പരിപാടിയില്‍ നിന്ന് ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനത്തില്‍ നിന്നാണ് തുച്ഛമായ തുക നല്‍കാറുള്ളത്. നാല് ദിവസം ശമ്പളമില്ലാതെയും വാച്ചര്‍മാര്‍ പ്രവര്‍ത്തിക്കണം. ടൂറിസം പരിപാടിയില്‍ പങ്കെടുക്കാത്തതിന്‍െറ പേരില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയില്‍ (ഇ.ഡി.സി) നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഏഴ് വാച്ചര്‍മാര്‍ക്കും ഇനി 14 ദിവസത്തെ ശമ്പളം മാത്രമാണ് ഓരോ മാസവും ലഭിക്കുക.
ആദിവാസികള്‍ ഉള്‍പ്പെടെ വനസംരക്ഷണ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത റേഞ്ചോഫിസറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com