12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഇന്‍ഡോറില്‍ ബോട്ട് മുങ്ങി രണ്ട് മലയാളികളടക്കം ആറു മരണം

ഇന്‍ഡോറില്‍ ബോട്ട് മുങ്ങി രണ്ട് മലയാളികളടക്കം ആറു മരണം

ഇന്‍ഡോര്‍ (മധ്യപ്രദേശ്): കേരളത്തില്‍നിന്നുള്ള രണ്ടു പേരടക്കം അഞ്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഓഫീസര്‍മാര്‍ നര്‍മദാ നദിയില്‍ ഉല്ലാസയാത്രക്കിടെ ബോട്ട് മുങ്ങി മരിച്ചു. ബോട്ട് ജീവനക്കാരനായ ഇന്‍ഡോര്‍ സ്വദേശിയും മരിച്ചവരില്‍ പെടും. മലയാളികളായ സൗരവ് മോഹന്‍, പ്രേംകിരണ്‍, ദല്‍ഹി സ്വദേശി വിജയ് ശ്യാം ശര്‍മ, കാണ്‍പുര്‍ സ്വദേശി ജിതേന്ദ്ര സിങ് യാദവ് എന്നിവരാണ് മരിച്ചത്. ബോട്ടിലെ പാചകക്കാരന്‍ റിയാസത്ത് അലിയാണ് മരിച്ച ആറാമന്‍. എസ്.ബി.ഐയുടെ ചേത്നയിലുള്ള പരിശീലനക്രേന്ദത്തിലെത്തിയ, 12 പ്രൊബേഷനറി ഓഫിസര്‍മാര്‍ സഞ്ചരിച്ച ബോട്ടാണ് ഞായറാഴ്ച രാവിലെ ഏഴര മണിയോടെ മഹേശ്വര്‍ പട്ടണത്തില്‍ നര്‍മദാനദിയില്‍ അപകടത്തില്‍ പെട്ടത്. ഏഴുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പരിശീലനത്തിനിടെ കിട്ടിയ ഇടവേളയില്‍ മഹേശ്വറില്‍ ഉല്ലാസയാത്രക്ക് എത്തിയതായിരുന്നു ഇവര്‍. യാത്രക്കിടെ ബോട്ടില്‍ വിള്ളല്‍വീണെന്നും ഇതേതുടര്‍ന്ന് മറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അയിരൂര്‍ പ്ലാങ്കമണ്‍ പ്ലാച്ചേരിമണ്ണില്‍ മോഹനന്റെ മകനാണ് സൗരവ് മോഹന്‍ (23). ആറുമാസം മുമ്പ് എസ്.ബി.ഐയില്‍ ജീവനക്കാരനായി പ്രവേശിച്ച സൗരവ് മോഹനനെ ആഴ്ചകള്‍ക്ക് മുമ്പാണ് പരിശീലനത്തിന് ബാങ്ക് ഇന്‍ഡോറിലേക്ക് അയച്ചത്. സൗരവിന്റെ പിതാവ് മോഹനന്‍ കുമ്പനാട് എസ്.ബി.ഐ ജീവനക്കാരനാണ്.
കോഴഞ്ചേരി എസ്.ബി.ഐ ജീവനക്കാരി ബീനയാണ് മാതാവ്. സുരഭി ഏക സഹോദരിയാണ്.
എസ്.ബി.ഐ കണ്ണൂര്‍ ശാഖയിലെ ഉദ്യോഗസ്ഥനായ പ്രേംകിരണ്‍ ദല്‍ഹിയിലായിരുന്നു. അവിടെ നിന്നാണ് വിനോദയാത്രക്ക് പോയത്. ഇക്കാര്യം ശനിയാഴ്ച വീട്ടില്‍ വിളിച്ചറിയിച്ചു. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
ആറ് മാസം മുമ്പാണ് എസ്.ബി.ഐയില്‍ ജോലി കിട്ടിയത്. വിഷുവിന് രണ്ടുദിവസം മുമ്പാണ് ദല്‍ഹിക്ക് പോയത്. പിതാവ് കുഞ്ഞപ്പന്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ളര്‍ക്കായിരുന്നു. മാതാവ്: രമണി. സഹോദരന്‍: ശ്യാം കിരണ്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com