കണ്ണൂര്‍: യൂത്ത്ലീഗ് അഴീക്കോട് മണ്ഡലം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയെ വേദിയിലേക്ക് ക്ഷണിക്കാതെ തിരിച്ചയച്ചു.
സമ്മേളനത്തിന്‍െറ ഉദ്ഘാടകനായ കെ.എം. ഷാജി എം.എല്‍.എ, യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി പി.പി. സുബൈര്‍, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി. താഹിര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നെങ്കിലും ജില്ലാ പ്രസിഡന്‍റിനെ വേദിയിലേക്ക് സ്വീകരിക്കാന്‍ തയാറായില്ല. സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന പ്രകടനത്തിനും പൊതുയോഗത്തിനും ജില്ലാ ലീഗ് നേതാക്കളെ സംഘാടകര്‍ ക്ഷണിച്ചിരുന്നുമില്ല.
പൊയ്ത്തുംകടവില്‍ ഞായറാഴ്ച വൈകീട്ട് പൊതുസമ്മേളനം നടക്കവേയാണ് ജില്ലാ ലീഗ് പ്രസിഡന്‍റ് സ്ഥലത്തെത്തിയത്. എന്നാല്‍, അദ്ദേഹത്തെ സ്വീകരിക്കാന്‍ നേതാക്കളോ പ്രവര്‍ത്തകരോ തയാറായില്ല. നേതാക്കളുടെ നിസ്സഹകരണം കണക്കാക്കാതെ സദസ്സിലിരുന്ന മൗലവിയെ ചില നേതാക്കള്‍ ഇടപെട്ട് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചടങ്ങില്‍ നിന്ന് മാറിനില്‍ക്കണമെന്നും പ്രവര്‍ത്തകര്‍ രോഷത്തിലാണെന്നും ഇവര്‍ മൗലവിയോട് പറഞ്ഞു.
ജില്ലാ മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തി നില്‍ക്കുന്ന മണ്ഡലമാണ് അഴീക്കോട്. അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മറ്റും മൗലവിക്കെതിരെ ഇവിടെ ലീഗ്-യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
എന്നാല്‍, താന്‍ കൂടി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നടക്കുന്ന സമ്മേളനമെന്ന നിലയിലും ജില്ലാ ലീഗ് പ്രസിഡന്‍റ് എന്ന നിലയിലും മൗലവി സമ്മേളന നഗരിയിലെത്തുകയായിരുന്നു.
ലീഗ് ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ മാസം താണ സാധു കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന യോഗം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മൗലവിക്കും ജില്ലാ നേതാവായ വി.പി. വമ്പനുമെതിരെ അന്ന് അഴീക്കോട് മണ്ഡലത്തിലെ ലീഗ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവരുകയായിരുന്നു. നിലവിലില്ലാത്ത അഴീക്കോട് മണ്ഡലത്തില്‍ നിന്നാണ് മൗലവിയും വമ്പനും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പ്രവര്‍ത്തകര്‍ പറഞ്ഞത്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ റിട്ടേണിങ് ഓഫിസറായ പി.കെ.കെ. ബാവ അടക്കമുള്ളവര്‍ ചടങ്ങുകള്‍ അവസാനിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ലീഗ് നേതൃത്വത്തിന്‍െറ വഴിവിട്ടുള്ള സഞ്ചാരങ്ങള്‍ക്കെതിരെ ഊമക്കത്തുകളുടെയും പ്രവാഹമായിരുന്നു പിന്നീട് കണ്ണൂരില്‍. സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ മൗലവിയെ തിരിച്ചയച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍