ബെയ്ജിങ്: റഷ്യന്‍ സഹായത്തോടെ ചൈന രണ്ട് ആണവറിയാക്ടറുകള്‍ കൂടി സ്ഥാപിക്കുന്നു. ടിയാന്‍വന്‍ ആണവപ്ലാന്റിലാണ് റഷ്യയുടെ വി.വി.ഇ.ആര്‍ മാതൃകയില്‍ 2000 മെഗാവാട്ട് ശേഷിയുള്ള പുതിയ രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. ടിയാന്‍വന്‍ ആണവപ്ലാന്റില്‍ റഷ്യയുടെ സഹായത്തോടെ നേരത്തെ രണ്ട് റിയാക്ടറുകള്‍ നിര്‍മിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജപ്പാനിലുണ്ടായ ആണവദുരന്തത്തിന് ശേഷം ചൈന ആണവപദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് പിന്‍വലിച്ചതോടെയാണ് റിയാക്ടര്‍ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലായത്. ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഈ വര്‍ഷം രണ്ടാം പകുതിയില്‍ പൂര്‍ത്തിയാവുമെന്നും മോസ്കോയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നാഷനല്‍ എനര്‍ജി അഡ്മിനിസ്ട്രേഷന്റെ കണക്ക് പ്രകാരം ചൈനക്ക് 15 ആണവറിയാക്ടറുകളുണ്ട്. 26 എണ്ണം നിര്‍മാണത്തിലും. റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച 25 മെഗാവാട്ട് ശേഷിയുള്ള നാലാംതലമുറ റിയാക്ടര്‍ 2009 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചൈന നിര്‍മച്ചിരുന്നു. 800 മെഗാവാട്ട് ശേഷിയുള്ള, വാണിജ്യാവശ്യങ്ങള്‍ക്ക്് വേണ്ടിയുള്ള റിയാക്ടറും റഷ്യന്‍സഹായത്തോടെയാണ് നിര്‍മിക്കുന്നത്.
വാതകത്തില്‍നിന്ന് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ചൈനയുടെ ദൗത്യത്തിന് റഷ്യന്‍ കമ്പനിയായ ടെനെക്സ് സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ആണവോര്‍ജ മേഖലയില്‍ ഏറെ മുന്നോട്ടുപോയ റഷ്യയുമായുള്ള സഹകരണം ചൈനക്ക് ഗുണം ചെയ്യുമെന്ന് വ്യാവസായിക വിദഗ്ധര്‍ വെളിപ്പെടുത്തി. റഷ്യയിലെ യുറേനിയം സമ്പുഷ്ടീകരണത്തിന് ചൈനയുടെ സഹകരണം റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍