12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

മേയര്‍ എത്തിയില്ല, മാസ്റ്റര്‍പ്ളാന്‍ ചര്‍ച്ച പ്രഹസനമായി

തിരുവനന്തപുരം: അടുത്ത 20 വര്‍ഷത്തേക്കുള്ള നഗരസഭയുടെ മാസ്റ്റര്‍ പ്ളാന്‍ ചര്‍ച്ച ഭക്ഷണം കഴിച്ചും ചായകുടിച്ചും പാട്ടുകേട്ടും പിരിഞ്ഞു. ഉദ്ഘാടനം നടത്താമെന്നേറ്റിരുന്ന മേയര്‍ സ്ഥലത്തേ എത്തിയില്ല. പകരക്കാരനായി ഡെപ്യൂട്ടി മേയര്‍ ഉദ്ഘാടനം നടത്തി.
എന്നാല്‍ കുറച്ചുനേരം മാത്രം സാന്നിധ്യമറിയിച്ച് അദ്ദേഹം സ്ഥലം കാലിയാക്കി. പിന്നാലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരും വേദി വിട്ടു.
രാവിലെ 10 ന് രജിസ്ട്രേഷന്‍ നടപടി ആരംഭിച്ചപ്പോള്‍ പകുതിയില്‍ താഴെ കൗണ്‍സിലര്‍മാരേ ശില്‍പശാല നടത്തിയ ഹസന്‍ മരക്കാര്‍ ഹാളില്‍ എത്തിയിരുന്നുള്ളൂ.
പലരും എത്തിയ പാടെ അടുപ്പക്കാരുടെ സമീപം കസേരയില്‍ ഇരിപ്പുറപ്പിച്ചു കുശലം പറയാന്‍ തുടങ്ങി. ഇതിനിടെ റീജനല്‍ ടൗണ്‍ പ്ളാനിങ് ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ പദ്ധതി അവതരണം നടത്തുന്നുണ്ടായിരുന്നു. ഇടക്ക് സാമൂഹിക വനവത്കരണം പോലെയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ താല്‍പര്യമുള്ള ചില കൗണ്‍സിലര്‍മാരെങ്കിലും ശ്രദ്ധിച്ചതുമാത്രമാണ് ഏക ആശ്വാസം. ഉച്ചക്ക് ഒന്നേ കാലോടെ ഉച്ചഭക്ഷണത്തിനായി ശില്‍പശാല തല്‍ക്കാലം അവസാനിപ്പിച്ചു. സമഗ്ര മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ 60ഓളം സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനവും സഹായവും ആവശ്യമുണ്ടായിരുന്നു.എന്നാല്‍ എത്തിയത് പകുതിയോളം പേര്‍ മാത്രം.പല വകുപ്പുകളില്‍ നിന്നും എത്തിയവര്‍ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരെന്ന് പരാതിയുയര്‍ന്നു. ഇതിനെ ചില കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചക്കിടെ വിരലിലെണ്ണാവുന്ന കൗണ്‍സിലര്‍മാര്‍ സംശയം ഉന്നയിച്ചതുമാത്രമാണ് ചര്‍ച്ചക്കിടെ നടന്ന പ്രതികരണം.
പ്രതിനിധികളായി എത്തിയവര്‍ ഇതിനിടെ തങ്ങളുടെ വകുപ്പിന്‍െറ പരിപാടികള്‍ വിശദീകരിച്ചു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭൂരിഭാഗം പേരും വിശദീകരിച്ചത്. പ്രധാന വിവരങ്ങള്‍ പ്രൊജക്ഷനില്‍ കാട്ടിയത് അതേപടി വായിച്ച ഉദ്യോഗസ്ഥ വിദഗ്ധരുമുണ്ടായിരുന്നു. അങ്ങനെ നാലരയോടെ മാസ്റ്റര്‍ പ്ളാന്‍ ചര്‍ച്ചക്ക് തിരശ്ശീല വീണു.
വ്യക്തിപരമായ ആവശ്യത്തിന് പോകേണ്ടി വന്നതു കൊണ്ടാണ് മേയര്‍ എത്താത്തതെന്നും കോര്‍പറേഷനിലെ യു.ഡി.എഫ് നേതാവ് എത്താത്തത് ആശുപത്രിയില്‍ പോയതിനാലാണെന്നും ഇരുവരോടും അടുപ്പമുള്ളവര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com