ആരെങ്കിലും ചെന്ന് താടിക്ക് തോണ്ടുന്നതുവരെ വളരെ സാധുവായ ജീവിയാണ് കടന്നല്‍. ഇറ്റലിയിലെ പിയാജിയോ 1946ല്‍ ഒരു സ്കൂട്ടര്‍ ഉണ്ടാക്കിയപ്പോള്‍ ഈ പ്രാണിയുടെ പാച്ചിലാണ് ആദ്യം ഓര്‍ത്തത്. അതോടെ സ്കൂട്ടറിന് കടന്നലെന്ന് പേരുവീണു. ഇറ്റലിക്കാര്‍ക്ക് മലയാളം അറിയാത്തതുകൊണ്ട് കടന്നലിന്‍െറ ഇറ്റാലിയന്‍ തര്‍ജമാണ് ഉപയോഗിച്ചത്. അതായത് വെസ്പ. ഈ വെസ്പ 1960ല്‍ ഇന്ത്യയില്‍ നമ്മുടെ ബജാജിന്‍െറ തോട്ടത്തില്‍ പറന്നെത്തി. അങ്ങനെയാണ് ചേതക്ക് എന്ന സ്ക്കൂട്ടറില്‍ നമുക്ക് പറക്കാന്‍ സാധിച്ചത്. 1971ല്‍ രാജ്യം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിക്ക് ഈ ഇറ്റാലിയന്‍ സുന്ദരിയുടെ ഭരണം അധികം ഇഷ്ടപ്പെട്ടില്ല. ലൈസന്‍സ് നഷ്ടപ്പെട്ട വെസ്പ ബജാജിനെ ഡൈവോഴ്സ് ചെയ്ത് തിരിച്ചുപോയി. 1983 ല്‍ ഇന്ത്യയില്‍ നിന്ന് വേറൊരു ആലോചന ഇറ്റലിയിലെത്തി. നമ്മുടെ എല്‍എംഎല്‍ ആയിരുന്നു വരന്‍. വെസ്പ സമ്മതിച്ചു. അങ്ങനെ നമ്മള്‍ വീണ്ടും വെസ്പയില്‍ കയറി. 1999ല്‍ എല്‍എംഎല്ലും വെസ്പയും തല്ലിപ്പിരിഞ്ഞു. അതോടെ ഇന്ത്യയില്‍ തഴച്ചു വളര്‍ന്നിരുന്ന സ്കൂട്ടര്‍ വിപണിയും തലകുത്തി വീണു. പിന്നെ കൈനെറ്റിക്കും ഹോണ്ടയും ചേര്‍ന്നാണ് ഇതിനൊരു മാറ്റമുണ്ടാക്കിയത്. പക്ഷേ ഗിയര്‍ എന്നൊരു അവയവം ഇല്ലാത്ത കുഞ്ഞുങ്ങളാണ് ഈ ബന്ധത്തില്‍ ഉണ്ടായത്. അവ പെറ്റുപെരുകിയതോടെ സ്കൂട്ടറിന് ഗിയറുണ്ടാകുന്നത് പെണ്ണുങ്ങള്‍ക്ക് മീശ വരുന്നതുപോലെ നാണക്കേടായി. നിലവില്‍ ഹോണ്ടയും മഹീന്ദ്രയും ഹീറോയും സുസുക്കിയുമൊക്കെയാണ് നമ്മളെ സ്കൂട്ടറില്‍ കയറ്റുന്നത്. ഇന്ത്യയിലെ എല്ലാ സഹോദരി സഹോദരന്‍മാരും മറ്റുകമ്പനികളുടെ ഗിയര്‍ലെസ് സ്കൂട്ടറുകള്‍ വാങ്ങി ഓടിക്കാന്‍ പഠിച്ച സ്ഥിതിക്ക് ഇവിടെ ഇനി ധൈര്യമായി സ്കൂട്ടര്‍ വില്‍ക്കാമെന്ന് വെസ്പക്ക് മനസിലായി. ഇന്ത്യയില്‍ ഇറ്റലിക്കാര്‍ക്ക് പൊതുവെ നല്ലകാലമായതിനാലാവാം മൂന്നാം വരവില്‍ ആരെയും കൂട്ടുപിടിക്കാന്‍ വെസ്പ തയാറായില്ല. ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ച എല്‍എക്സ് 125 എന്ന മോഡല്‍ അവര്‍ വിപണിയിലെത്തിക്കുകയും ചെയ്തു. പഴമയും പുതുമയും കൂടിക്കുഴഞ്ഞ രൂപമുള്ള ഇതിലെ 125 സിസി നാല് സ്ട്രോക് എഞ്ചിന്‍ 7500 ആര്‍പിഎമ്മില്‍ 9.9 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 1.08 കിലോഗ്രാം ടോര്‍ക്കും നല്‍കും. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്കൂട്ടര്‍ നിര്‍മാതാക്കളായ ഇവര്‍ ഇന്ത്യക്ക് മാത്രമായി നിര്‍മിച്ച ഈ എഞ്ചിന്‍ ഭാവിയില്‍ യൂറോപ്പിലും വില്‍ക്കുമെന്ന് ഉറപ്പാണ്. കാരണം 115 കിലോഗ്രാം ഭാരമുള്ള സ്കൂട്ടറിനെയും ഉടമയെയും ഈ എഞ്ചിന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 50-60 കിലോമീറ്റര്‍ ദൂരം ഓടിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലെ യൂറോപ്യന്‍ വെസ്പ ഇതിന്‍െറ പകുതിയെ ഓടൂ. മാത്രമല്ല നൂറോളം രാജ്യങ്ങളിലായി 1.7 ലക്ഷം സ്കൂട്ടറുകള്‍ വില്‍ക്കുന്ന വെസ്പക്ക് അടുത്ത ഏതാനും വര്‍ഷത്തിനകം വില്‍പന മൂന്ന് ലക്ഷം കടത്തണമെന്ന ചെറിയൊരു ആഗ്രഹം കൂടിയുണ്ട്. അമ്മമാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും 200 ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച ഈ സൂപ്പര്‍ താരത്തെ കൗമാരക്കാര്‍ക്ക് കൈവെടിയാനാവില്ല. 35 നഗരങ്ങളിലെ 50 ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന ഈ ഗിയര്‍ലെസ് സ്കൂട്ടറിന് 66,000 രൂപയാണ് മഹാരാഷ്ട്രയിലെ വില. മറ്റുള്ളവയെ അപേക്ഷിച്ച് ഇത് കുറച്ച് കൂടുതലാണ്. പക്ഷേ വേറെ ഏത് വണ്ടി വാങ്ങിയാലും അതില്‍ വെസ്പയെന്ന പേര് ഉണ്ടാവില്ലല്ലോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍