മസ്കത്ത്: ലോകസിനിമ ഇന്ന് വിപ്ളവാത്മകമായ പാതയിലാണെന്നിരിക്കെ മാറ്റങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കാന്‍ മലയാളസിനിമക്ക് കഴിയില്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ സര്‍ക്കാര്‍ ‘വെട്ടിനിരത്താന്‍’ ശ്രമിച്ചതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ആദിമധ്യാന്തം’ സിനിമയുടെ സംവിധായകന്‍ തളിപറമ്പ് സ്വദേശികളുടെ കൂട്ടായ്മയായ ‘തപസി’ന്‍െറ വിഷു-ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ മസ്കത്തിലെത്തിയതായിരുന്നു.
തന്‍െറ സിനിമ നിര്‍മാണരംഗത്ത് പുതിയ സാമ്പത്തിക ശാസ്ത്രം മുന്നോട്ടു വെക്കുന്നുണ്ട്. ഇതില്‍ അസ്വസ്ഥരായ ചിലരാണ് തന്‍െറ സിനിമക്ക് എതിരായ പ്രചാരണത്തിന് പിന്നില്‍. ഒട്ടേറെ ത്യാഗം സഹിച്ച് നിര്‍മിച്ച ഈ സിനിമയും ദേശീയതലത്തില്‍ അതിനു ലഭിച്ച അംഗീകാരവും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് ഷെറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തുടക്കം മുതലേ ‘ആദിമധ്യാന്ത’ത്തെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു. പക്ഷെ ഒരു സര്‍ക്കാര്‍ തന്നെ ഇതിന് മുന്‍കൈ എടുക്കുന്നത് സിനിമാചരിത്രത്തില്‍ കേട്ടകേള്‍വിയില്ലാത്ത കാര്യമാണ്. സിനിമാ രംഗത്ത് നിന്ന് സിനിമക്ക് മന്ത്രി വന്നപ്പോള്‍ ഒരുപാട് പ്രതീക്ഷയണ്ടായിരുന്നു. എന്നാല്‍ ഈ മന്ത്രി ചിലരുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമായിരുന്നു. തന്‍െറ സിനിമക്ക് എതിരെ സിനിമാമന്ത്രി ഇത്ര പുകിലുണ്ടാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. മന്ത്രിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഇത് ബോധപൂര്‍വമാണെന്ന് പിന്നീട് മനസിലായി. ചലച്ചിത്ര അക്കാദമിയില്‍ നിന്നും ചിത്രത്തിന്‍െറ ഡി.വി.ഡി എടുത്ത് പത്തു മിനിറ്റുമാത്രം കണ്ട ശേഷം സിനിമ അപൂര്‍ണമാണെന്നും ചിത്രത്തിന് സബ്ടൈറ്റില്‍ ഇല്ലെന്നും, ഒന്നും വ്യക്തമല്ലെന്നും അഭിപ്രായപെട്ടു. എന്നാല്‍ ഈചിത്രത്തിന്‍െറ അന്ത:സത്ത എന്താണെന്ന് മനസിലാകാതെയാണ് പ്രസ്താവന നടത്തിയത്. ദേശീയ അംഗീകാരം കിട്ടിയിട്ടു പോലും മന്ത്രിയുടെ അഭിനന്ദമുണ്ടായില്ലെന്നും ഷെറി പറഞ്ഞു.
ലോക പ്രശസ്തമായ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഇത്തവണ പരാജയപ്പെട്ടതിന്‍െറ ഉത്തരവാദിത്തം മന്ത്രിക്കാണ്. ബാല്‍ക്കണി സീറ്റുകള്‍ മുഴുവനായി വരേണ്യവര്‍ഗത്തിന് മന്ത്രി മാറ്റിവെച്ചു. ലോക സിനിമ എന്താണെന്ന് അറിയാത്ത ഈ വിഭാഗം സിനിമ കാണാന്‍ വന്നില്ല. സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകര്‍ക്ക് അവസരവും ലഭിച്ചില്ല. പ്രതിനിധികള്‍ക്കുള്ള ഫീസ് വര്‍ധിപ്പിച്ചും മന്ത്രി യഥാര്‍ത്ഥ സിനിമാ പ്രേമികളെ അകറ്റി. ഇതു മനസിലാകാതെ മേള പരാജയപെട്ടതിനു മന്ത്രി ഞങ്ങളെ പഴി പറയുകയാണ്. സിനിമ കാണാത്തവരാണ് തന്‍െറ സിനിമയെ വിമര്‍ശിക്കുന്നത്. സിനിമ കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞു. സിനിമയെ കൂവി തോല്‍പ്പിക്കാന്‍ കയറിയ ഇരുനൂറോളം ആളുകള്‍ സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ ഇതില്‍ നിന്നു പിന്‍മാറിയത് ഉദാഹരണം. എന്‍െറ സിനിമ നാഴികകല്ലാണെന്ന് ഞാന്‍ പറയുന്നില്ല. ആരോഗ്യപരമായ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. മുഖ്യധാരാ സിനിമകള്‍ നിര്‍ണായകം തന്നെയാണ്. തന്‍െറ അടുത്ത ചിത്രം മുഖ്യധാരയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായിരിക്കും. അതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഷെറി വ്യക്തമാക്കി.
ഒമാന്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ‘ആധിമധ്യാന്തം’ ഉടന്‍ പ്രദര്‍ശിപ്പിക്കും. ‘തപസ്’ പ്രസിഡന്‍റ് പത്മനാഭന്‍, ട്രഷറര്‍ മുരളി എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍