Thu, 04/26/2012 - 22:55 ( 1 year 7 weeksago)
ചിരാഗിനെ കൊല്‍ക്കത്ത മാനേജ്മെന്റ് കൈവിടുമെന്ന് സൂചന
(+)(-) Font Size

കൊച്ചി: ഐ ലീഗില്‍ നിലനില്‍ക്കാനാവില്ലെന്ന് ഉറപ്പായതോടെ കേരള പ്രതിനിധികളായ ചിരാഗ് യുനൈറ്റഡ് കേരളയെ കൊല്‍ക്കത്ത മാനേജ്മെന്റ് കൈവിടുമെന്ന് സൂചന. ഈ സീസണിനുശേഷം ടീം പിരിച്ചുവിടാന്‍ ചിരാഗ് മാനേജ്മെന്റ് തീരുമാനിച്ചതായാണ് വിവരം. അടുത്ത സീസണില്‍ രണ്ടാം ഡിവിഷനില്‍ ടീമുമായി മുന്നോട്ടുപോകാനാവില്ലെന്ന് ഉടമകള്‍ ബന്ധപ്പെട്ടവര്‍ക്ക് സൂചന നല്‍കി. ഈ സാഹചര്യത്തില്‍ ടീമിനെ നിലനിര്‍ത്താന്‍ പഴയ മാനേജ്മെന്റ് നീക്കം തുടങ്ങി.
ചിരാഗുമായി ഇനി സഹകരിക്കാനാവില്ലെന്ന് ടീമിന്റെ കേരളത്തിലെ ചുമതലയുള്ളവര്‍ കൊല്‍ക്കത്ത മാനേജ്മെന്റിനെ അറിയിച്ചുകഴിഞ്ഞു. ഫോണില്‍ സംസാരിക്കാന്‍പോലും ചിരാഗ് മാനേജ്മെന്റ് തയാറാകുന്നില്ലെന്നും ടീമുമായി ഇനി സഹകരിക്കില്ലെന്നും കേരളത്തില്‍ ടീമിന്റെ ചുമതലയുള്ള ഭാസ്കരന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
അതിനിടെ, ടീമിനെ തകര്‍ക്കാന്‍ ഐ ലീഗിലെ ചില ക്ളബുകള്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ചിരാഗിന്റെ എതിരാളികളായ പ്രയാഗിനെയാണ് ഇക്കൂട്ടര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. കളിക്കാരെയും കോച്ചുമാരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എച്ച്.എ.എല്‍, പൈലന്‍ ആരോസ് തുടങ്ങിയ ടീമുകളോടുള്ള പരാജയം തെളിവായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍, ടീം മാനേജര്‍ അടക്കമുള്ളവര്‍ ഇത്തരം സാധ്യത തള്ളിക്കളഞ്ഞു.
വിദേശ താരങ്ങളെ തെരഞ്ഞെടുത്തതിലുണ്ടായ പാളിച്ചയും ടീമിന് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. വിദേശ താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇടനിലക്കാര്‍ മാനേജ്മെന്റിനെ കബളിപ്പിക്കുകയായിരുന്നത്രേ. ഐ ലീഗിലെ മറ്റ് ക്ളബുകള്‍ക്കുവേണ്ടി കളിക്കുന്ന വിദേശ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ചിരാഗിലെ വിദേശികളുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ബ്രസീല്‍, ആസ്ത്രേലിയന്‍ താരങ്ങളുള്‍പ്പെടെ മൂന്ന് വിദേശികളെ ഒഴിവാക്കേണ്ട സ്ഥിതിയും ടീമിനുണ്ടായി.
പഴയ വിവാ കേരള മാനേജ്മെന്റിന് ടീം കൈമാറിയ വകയില്‍ 25 ശതമാനം തുകയേ ചിരാഗ് നല്‍കിയിട്ടുള്ളൂ. ബാക്കി തുക ചിരാഗ് ഇനി നല്‍കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ടീമിനെ പേരുമാറ്റി നിലനിര്‍ത്താനാണ് പഴയ വിവാ മാനേജ്മെന്റിന്റെ ശ്രമം. സ്പോണ്‍സറെ കിട്ടിയാല്‍ ടീമിനെ നിലനിര്‍ത്തുമെന്നും അടുത്ത ദിവസങ്ങളില്‍ തീരുമാനം കൈക്കൊള്ളുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ടീമിന്റെ അവസാന ഘട്ടത്തിലെ പരിതാപകരമായ പ്രകടനത്തിന് ശ്രീലങ്കക്കാരന്‍ കോച്ച് പക്കീര്‍ അലിയെ മാറ്റിയതാണ് കാരണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഈ സീസണില്‍ മൂന്ന് കോച്ചുമാരെയാണ് ടീം പരീക്ഷിച്ചത്. പക്കീര്‍ അലി കോച്ചായിരുന്ന സമയത്ത് മിക്ക മത്സരങ്ങളിലും പൊരുതിയായിരുന്നു പരാജയം. എന്നാല്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള പുതിയ കോച്ചും ടെക്നിക്കല്‍ ഡയറക്ടര്‍ അടക്കമുള്ളവരും എത്തിയതോടെ പ്രകടനം ദയനീയമായി. പക്കീര്‍ അലിക്ക് സഹായികളെ അനുവദിക്കാതിരുന്ന ടീം മാനേജ്മെന്റ് കൊല്‍ക്കത്ത സംഘത്തിന് അഞ്ചോളം സഹായികളെ നല്‍കി. ഇത് വന്‍ പണച്ചെലവുണ്ടാക്കിയതല്ലാതെ ടീമിന് ഗുണം ചെയ്തില്ല. പക്കീര്‍ അലി പോകുന്നതുവരെ 19 മത്സരങ്ങളില്‍ ടീം 30 ഗോളുകള്‍ വഴങ്ങുകയും 23 എണ്ണം തിരിച്ചടിക്കുകയും ചെയ്തെങ്കില്‍ വിശ്വജിത്ത് വന്നശേഷം അഞ്ച് കളികളില്‍ നിന്ന് 16 ഗോളുകളാണ് വാങ്ങിക്കൂട്ടിയത്. തിരിച്ചടിക്കാനായത് ആറെണ്ണം മാത്രവും.
ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് വിശ്വജിത്തിന്റെ കഠിന കോച്ചിങ് രീതിയാണ്. മത്സരദിവസം പോലും കഠിന പരിശീലനമാണ് നല്‍കിയിരുന്നത്. കളിക്കാരെ ചീത്തവിളിക്കുന്നത് പതിവാണ്. കഠിന പ്രാക്ടീസ് മൂലം പല താരങ്ങള്‍ക്കും പരിക്കേറ്റു. കോച്ചും ടീം അംഗങ്ങളും തമ്മില്‍ മാനസിക ചേര്‍ച്ചയില്ലാതായതാണ് അവസാന ഘട്ടത്തിലെ ദയനീയ പരാജയങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ പറയുന്നു. ടീമില്‍ വിഭാഗീയത വളര്‍ത്താനും കോച്ചിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്രേ.
ടീം രണ്ടാം ഡിവിഷനിലേക്ക് ടിക്കറ്റ് ഉറപ്പിച്ച സാഹചര്യത്തില്‍ പല കളിക്കാരും ടീം വിടുമെന്നും ഉറപ്പായി. കെ. ആസിഫ് കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് സൂചന. സി.കെ. വിനീത് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുമെന്നും ഉറപ്പായി. മറ്റ് ചില കളിക്കാരും പ്രമുഖ ടീമുകളുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus