Wed, 04/25/2012 - 22:58 ( 1 year 3 weeksago)
സ്വന്തം താരങ്ങള്‍ക്കായി കോര്‍ട്ടില്‍ ചൈനയുടെ 'കളി'
(+)(-) Font Size
സ്വന്തം താരങ്ങള്‍ക്കായി  കോര്‍ട്ടില്‍ ചൈനയുടെ 'കളി'

ന്യൂദല്‍ഹി: ചൈനയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ അധികൃതര്‍ സ്വന്തം താരങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നതായി അന്താരാഷ്ട്ര താരങ്ങള്‍. ഒളിമ്പിക് ബെര്‍ത്ത് അടക്കം ലഭിക്കാനായി ചെനീസ് കളിക്കാരോട് സംഘാടകര്‍ വിവേചനം കാട്ടിയതായി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാള്‍, ജ്വാല ഗുട്ട, മുന്‍ ലോക-ഒളിമ്പിക് ചാമ്പ്യന്‍ മലേഷ്യയുടെ തൗഫീഖ് ഹിദായത്ത്, ഡെന്മാര്‍ക്കിന്റെ പീറ്റര്‍ ഗേഡ് എന്നിവരാഗണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. യോനെക്സ് സണ്‍റൈസ് ഇന്ത്യ ഓപണിന് ദല്‍ഹിയിലെത്തിയതാണിവര്‍.

ചൈനയിലെ മത്സരങ്ങള്‍ താന്‍ കാര്യമായി എടുക്കാറില്ലെന്ന് സൈന പറഞ്ഞു. ചില സമയങ്ങളില്‍ അമ്പയര്‍മാരുടെ ലൈന്‍ കോളുകള്‍ ഏറെ ദോഷകരമായി ബാധിക്കും. ഇത് വര്‍ഷങ്ങളായുള്ള പ്രവണതയാണ്. പുറമെനിന്നുള്ളവര്‍ക്ക് ഇക്കാര്യം നന്നായറിയാം. തങ്ങള്‍ ചൈനയില്‍നിന്ന് ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. അതുകൊണ്ടാണ് ഗൗരവമായി കാണാത്തത്. ഇതുവരെ ആരോടും പരാതിപ്പെടാനൊന്നും പോയിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ ഈ വിവേചനം എല്ലാ പരിധിയും ലംഘിക്കാറുണ്ട്. എല്ലാ പിന്തുണയും ലഭിക്കുന്നതിനാല്‍ ചൈനീസ് കളിക്കാര്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് കോര്‍ട്ടിലിറങ്ങാറെന്ന് ലോക അഞ്ചാം നമ്പര്‍ താരം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അവിടെ നടന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദുര്‍ബലയായ ചൈനീസ് എതിരാളിയോട് തോറ്റാണ് സൈന രണ്ടാം റൗണ്ടില്‍ പുറത്തായത്.

ഇത്തരം പക്ഷഭേദങ്ങള്‍ മത്സരരംഗത്ത് നല്ലതല്ലെന്ന് ജ്വാല ചൂണ്ടിക്കാട്ടി. ചൈന പ്രധാന ശക്തിയായതിനാല്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ല. പലപ്പോഴും സ്വന്തം താരങ്ങള്‍ക്കുവേണ്ടി വളരെ പരസ്യമായാണ് അവരുടെ ഇടപെടല്‍. സ്വര്‍ണവും വെള്ളിയും വെങ്കലവുമെല്ലാം തങ്ങള്‍ക്കുതന്നെ വേണമെന്ന നിലപാടാണ് ചൈനക്ക്. കായിക രംഗത്തിന് ഏറെ പ്രാമുഖ്യം നല്‍കുന്നവരാണ് അവരെന്ന് ജ്വാല കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ചെന്‍ ജിന് സെമി ഫൈനലില്‍ വാക്കോവര്‍ ലഭിച്ച സംഭവം പീറ്റര്‍ ഗേഡ് എടുത്തുപറഞ്ഞു. നാട്ടുകാരനായ മുന്‍ ലോക ചാമ്പ്യന്‍ ലിന്‍ ഡാന്‍ പരിക്കെന്നുപറഞ്ഞ് പിന്മാറുകയായിരുന്നു. ഇത് ചെന്‍ ജിനിന്റെ ഒളിമ്പിക് ബെര്‍ത്ത് ഉറപ്പാക്കാനുള്ള ഒത്തുകളിയായിരുന്നു. ഇത്തരം സംഗതികള്‍ വര്‍ഷങ്ങളായി നടക്കുന്നതാണ്. താനതില്‍ ഇടപെടാറില്ല. ലോക ബാഡ്മിന്റണ്‍ ഫെഡറേഷനാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. ഒന്നുംചെയ്യാന്‍ കഴിയാത്തതിനാല്‍ ചെനീസ്താരങ്ങളെ കോര്‍ട്ടില്‍ കാണാമെന്ന നിലപാടാണ് തനിക്കെന്ന് ഗേഡ് പറഞ്ഞു. sൈഫനലില്‍ ഗേഡിനെ തോല്‍പ്പിച്ചാണ് ചെന്‍ ജിന്‍ ചാമ്പ്യന്‍ഷിപ് നേടിയത്.

ചെന്‍ ജിനാണ് ജയിക്കുകയെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നുവെന്ന് തൗഫീഖ് ഹിദായത്ത് പറഞ്ഞു. അതാണ് ചൈന. സ്വന്തം താരങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ മത്സരങ്ങള്‍ നടത്തുന്നതെന്നും തൗഫീഖ് കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus