Wed, 04/25/2012 - 12:51 ( 1 year 3 weeksago)
കേരള ക്രിക്കറ്റിന്‍െറ ഭാവി വാഗ്ദാനമായി ‘ഗെയില്‍ കുട്ടപ്പന്‍’
(+)(-) Font Size
 കേരള ക്രിക്കറ്റിന്‍െറ ഭാവി വാഗ്ദാനമായി ‘ഗെയില്‍ കുട്ടപ്പന്‍’

ബംഗളൂരു: ക്രിക്കറ്റിന്‍െറ മായിക ലോകത്ത് ഭാവി ശോഭനമാകുമെന്ന പ്രതീക്ഷയിലാണ് ഗെയില്‍ കുട്ടപ്പന്‍ എന്ന തിരുവനന്തപുരം സ്വദേശി സുമേഷ്. രഞ്ജി ട്രോഫിയിലും മറ്റ് ആഭ്യന്തര ടൂര്‍ണമെന്‍റുകളിലും പരാജയം പതിവായി മാറിയ കേരള ക്രിക്കറ്റിന് മുഖച്ഛായ മാറ്റുന്നതിനുള്ള പ്രതിഭാ സമ്പത്തിന് ഉടമയാണ് നെടുമങ്ങാട് മീനാങ്കിള്‍ സ്വദേശിയായ സുമേഷ്. കേരളത്തിലെ ടെന്നിസ് ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ അടിച്ചുതകര്‍ക്കുന്ന സുമേഷ്, ഇപ്പോള്‍ ക്രിക്കറ്റ് ബാള്‍ ടൂര്‍ണമെന്‍റുകളിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. സാമ്പത്തിക പരാധീനതയും പരിശീലനത്തിന് എത്താനുള്ള ബുദ്ധിമുട്ടും മൂലം ജില്ലാ ടീമുകളിലോ സംസ്ഥാന ടീമിലോ അംഗമാകാന്‍ സാധിക്കാതിരുന്ന സുമേഷിന്‍െറ പ്രതിഭക്ക് അംഗീകാരം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ചെന്നൈ ലീഗിലെ ഫോഴ്സ് വണ്‍ ടീമിലേക്ക് സുമേഷ് തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ചെന്നൈയിലെയും ബംഗളൂരുവിലെയും ചില ടീമുകളും 21കാരനായ സുമേഷിനെ നോട്ടമിട്ടിട്ടുണ്ട്. മികച്ച ടെക്നിക്കും സ്ട്രോക് പ്ളേക്കുള്ള കഴിവും മൂലം വിക്കറ്റ് കീപ്പര്‍ കൂടിയായ ഈ ഇടങ്കയ്യന്‍ ബാറ്റ്സ്മാന് ഐ.പി.എല്‍ പോലുള്ള ട്വന്‍റി 20 ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുമെന്ന് പരിശീലകര്‍ പറയുന്നു.
കേരളത്തിലെ ടെന്നിസ്ബാള്‍ ടൂര്‍ണമെന്‍റുകളില്‍ കാഴ്ചവെച്ച മിന്നും പ്രകടനത്തിന്‍െറ ബലത്തിലാണ് ജെ.കെ. മഹേന്ദ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്ക് സുമേഷ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേല്‍, ഡേവ് ജോണ്‍സണ്‍ എന്നിവരുടെ സഹകരണത്തോടെ കുടകില്‍ നടക്കുന്ന രണ്ട് മാസത്തെ പരിശീലന ക്യാമ്പിലാണ് സുമേഷ് ഇപ്പോള്‍. ക്യാമ്പിലെ ഏറ്റവും മികച്ച കളിക്കാരന്‍ സുമേഷാണെന്ന് പരിശീലകര്‍ ഒന്നടങ്കം പറയുന്നു. കൃത്യമായ പരിശീലനം കിട്ടുകയാണെങ്കില്‍ അധികം വൈകാതെ ഇന്ത്യയിലെ മികച്ച കളിക്കാരനാകാനുള്ള പ്രതിഭ സുമേഷിനുണ്ടെന്ന് ജെ.കെ. മഹേന്ദ്രയടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വിന്‍ഡീസിന്‍െറ ക്രിസ് ഗെയിലിന്‍െറ കളിയോടുള്ള സാമ്യമാണ് സുമേഷിന് ഗെയില്‍ കുട്ടപ്പന്‍ എന്ന പേര് പതിയാന്‍ കാരണം. കണ്ണൂരും കാസര്‍കോടും കൊച്ചിയിലും തിരുവനന്തപുരത്തും എല്ലാം നടക്കുന്ന ടെന്നിസ് ബാള്‍ ടൂര്‍ണമെന്‍റുകളില്‍ അടിച്ചുതകര്‍ത്താണ് സുമേഷ് ഈ പേര് സ്വന്തമാക്കിയത്. ഗെയിലിന്‍െറ കളിയോട് സാമ്യമുണ്ടെങ്കിലും സുമേഷിന്‍െറ ഇഷ്ട കളിക്കാരന്‍ ആസ്ട്രേലിയയുടെ ഷെയിന്‍ വാട്സണാണ്. മീനാങ്കിളില്‍ വീടിനോട് ചേര്‍ന്ന് അച്ഛന്‍ ബാബു നടത്തുന്ന ചെറിയ കടയാണ് സുമേഷിന്‍െറ കുടുംബത്തിന്‍െറ ഏക വരുമാന മാര്‍ഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus