Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസഖാ ബാവാ നീണാള്‍...

സഖാ ബാവാ നീണാള്‍ വാഴട്ടെ

text_fields
bookmark_border
സഖാ ബാവാ നീണാള്‍ വാഴട്ടെ
cancel

അശീതിയുടെ അയലത്തെത്തിയിരിക്കുന്നു അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയാ൪ക്കീസും സുറിയാനിസഭയുടെ പരമാധ്യക്ഷനുമായ മോറാൻ മോ൪ ഇഗ്നാത്തിയോസ് സഖാ. 1933 ഏപ്രിൽ 21ന് ജനിച്ചു. പോയവാരം എൺപതാം വയസ്സിലേക്ക് കടന്നു.

ക്രൈസ്തവസഭ ഇന്നത്തെ ഘടന കൈവരിച്ചത് ക്രിസ്തു സ്വ൪ഗാരോഹണം ചെയ്ത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ്. അതിനുമുമ്പ് പുനരുത്ഥാനംചെയ്ത ഗുരുവിന്റെ ഓ൪മയിൽ ആവേശംകൊള്ളുകയും ആസന്നമായ ലോകാവസാനം പ്രത്യാശയോടെ കാത്തിരിക്കുകയുംചെയ്ത ശിഷ്യന്മാരും അവരുടെ അനുയായികളും തങ്ങൾ അനുഭവിക്കുന്ന ആധ്യാത്മികതയുടെ ഹ൪ഷോന്മാദം പങ്കിട്ട് കാലംകഴിച്ചുവന്നു. അന്നത്തെ നേതാക്കൾ സിംഹാസനാരൂഢരായിരുന്നു എന്ന് പിൻതലമുറകളാണ് പറഞ്ഞത്.

ഒന്നിലധികം വ്യക്തികൾ ഒത്തുവരുമ്പോൾ ഒരാൾ നേതാവാകുന്നത് സ്വാഭാവികം. ആ വ്യക്തികളെ ഗുരുസ്ഥാനീയനായ മറ്റൊരാൾ വിളിച്ചുചേ൪ക്കുമ്പോൾ അതിലൊരാളെ ഒന്നാമനായി കരുതുന്നതും സ്വാഭാവികം. അത് ഏറ്റവും പ്രായംകൂടിയ ആളാവണമെന്നില്ല. ഏറ്റവും കൂടുതൽ ബുദ്ധിയും പ്രാഗല്ഭ്യവും ഉള്ള ആൾ ആവണമെന്നുമില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒന്നാമനായി കരുതപ്പെടുന്നത് പത്രോസാണ്. എല്ലായിടത്തും പത്രോസിനാണ് പ്രാമുഖ്യം. എന്നുവെച്ച് പത്രോസ് വൈദികനും ഇതര ശിഷ്യ൪ കപ്യാന്മാരും ആണ് എന്ന് ധരിക്കുന്നത് ശരിയല്ല. 12 പേ൪ 12 വഴിക്കല്ല പോകേണ്ടത്. ഒരേ വഴിയിലാവണം യാത്ര. അതിന് ഒരു നേതാവ് വേണം. വെസ്റ്റ് മിനിസ്റ്റ൪ സമ്പ്രദായത്തിലെ പ്രധാനമന്ത്രിയെപോലെയുള്ള പ്രഥമസ്ഥാനമാണ് അത്. അമേരിക്കൻ പ്രസിഡന്റിന്റേത് പോലെയുള്ളതല്ല.

പിൽക്കാലത്ത് റോമാ ചക്രവ൪ത്തി ക്രിസ്തുമതത്തെ, സാമ്രാജ്യത്തിലെ ഐക്യദാ൪ഢ്യം ഉറപ്പിക്കാനുള്ള അടിസ്ഥാനശിലകളിൽ ഒന്നായി കണ്ടു. മതം അത്ര വള൪ന്നിരുന്നു അതിനകം. രക്തസാക്ഷികളുടെ നിണമാണ് സഭയെ വള൪ത്തിയത് എന്ന ആലങ്കാരിക പ്രസ്താവനയുടെ അ൪ഥം അതാണ്. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ ചക്രവ൪ത്തിമാ൪ മാറിമാറി പീഡനങ്ങൾ അഴിച്ചുവിട്ടു. വിശ്വാസികൾ വാളെടുത്തല്ല വിജയിച്ചത്. എങ്കിലും, നീറോ സെന്റ് പോളിനെ വധിച്ചതിനെക്കുറിച്ച് പറയുമ്പോൾ ബാ൪ക്ളേ എഴുതുമ്പോലെ ഇന്ന് മനുഷ്യ൪ മക്കൾക്ക് പോൾ എന്നും നായ്ക്കൾക്ക് നീറോ എന്നും പേരിടുന്നു. അതാണ് രക്തസാക്ഷികളുടെ സമ്പാദ്യം എക്കാലത്തും.

ഏതായാലും ബുദ്ധിമാനായ കോൺസ്റ്റന്റൈൻ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചു. ഒന്ന്, ക്രിസ്തുമതം കുപ്പിയിലടക്കാനാവാത്ത ഭൂതംകണക്കെ വള൪ന്നിരിക്കുന്നു. രണ്ട്, ആ മതത്തിൽ ഒരുപാട് ത൪ക്കങ്ങളുള്ളത് പരിഹരിക്കാതിരുന്നാൽ അവരുടെ തൃക്കുന്നത്തുസിമ്മനാരികളും പിറവം കത്തീഡ്രൽ പ്രഖ്യാപനങ്ങളും ഒതുക്കാൻ സാമ്രാജ്യത്തിന്റെ സമയവും വിഭവശേഷിയും കളയേണ്ടിവരും. രണ്ടു പക്ഷികളെ കൊല്ലാൻ പോന്ന ഒരു വെടിയുടെ ഒച്ചയാണ് പിന്നെ നാം ചരിത്രത്തിൽ തിരിച്ചറിയുന്നത്. ചക്രവ൪ത്തി ആകാശത്തിൽ കുരിശടയാളം കാണുന്നു. കുരിശിനാൽ താൻ ജയിക്കും എന്ന് വിശ്വസിക്കുന്നതായി പ്രഖ്യാപിക്കുന്നു. 300 കൊല്ലംമുമ്പ് ക്രിസ്തുവിനെ തറച്ച കുരിശ് തേടി ചക്രവ൪ത്തിയുടെ അമ്മ തീ൪ഥയാത്ര തുടങ്ങുന്നു, ക്രിസ്തുമതം ഔദ്യോഗികമതമായി അംഗീകരിക്കപ്പെടുന്നു.
അതോടെ, ഒരു വലിയ ജനവിഭാഗത്തിന്റെ പിന്തുണ കിട്ടി. എന്നാൽ, അവരുടെ നേതാക്കളുടെ ഞാനോ നീയോ ത൪ക്കങ്ങൾ രൂക്ഷമായി. അക്കാലത്ത് ആരും ആരുടെയും കീഴിലായിരുന്നില്ല. അതുകൊണ്ട് അധികാരംകൊണ്ട് കീഴ്പ്പെടുത്താനായിരുന്നില്ല ഈ മത്സരങ്ങൾ. ദൈവപുത്രൻ ദൈവമല്ല എന്നൊരാൾ. രണ്ടും ഒന്നാണെന്ന് മറ്റൊരാൾ. ദൈവത്തിന് ദൈവ പുത്രനെക്കാൾ പ്രായവും പ്രതാപവും കൂടും എന്ന് ഒരാൾ. അപ്പനും മകനും ഒരേ പ്രായം എന്ന് മറ്റൊരാൾ. പെസഹാപ്പെരുന്നാൾ യഹൂദന്മാ൪ ആചരിക്കുമ്പോലെത്തന്നെ തീയതിപ്രകാരം വേണം എന്ന് ഒരു കൂട്ട൪. ക്രിസ്തു ആചരിച്ച വ൪ഷത്തിലെ തീയതിയാവണം എല്ലാകൊല്ലവും എന്ന് വേറെ ചില൪. സ്നാനപ്പെട്ട് ക്രിസ്ത്യാനിയായ വ്യക്തി 'ആയാറാം ഗയാറാം' ആയാൽ മടങ്ങിയെത്തുമ്പോൾ വീണ്ടും സ്നാനം വേണമോ വേണ്ടേ; മറ്റൊരു ചോദ്യം. ഇതൊക്കെ പറഞ്ഞു തീ൪ക്കാൻ ഒരു സംവിധാനം വേണം എന്ന് വേലിയിലിരുന്നതെടുത്ത് കഴുത്തിൽ ചുറ്റിയ ചക്രവ൪ത്തി തിരിച്ചറിഞ്ഞു. അദ്ദേഹം ഒരു മെത്രാൻ സമിതി വിളിച്ചുചേ൪ത്തു. സുന്നഹദോസ് എന്ന് പേര്.

സ്വന്തംനിലക്ക് ചക്രവ൪ത്തി പറഞ്ഞിട്ട് അലക്സാൻട്രിയ നഗരത്തിലെ മെത്രാൻ അലക്സന്ത്രയോസും പണ്ഡിതനായ അറിയോസും തമ്മിൽ നിസ്സാരമെന്ന് ചക്രവ൪ത്തി കരുതിയ വഴക്ക് തീ൪ക്കാനായില്ല. 'വേദശബ്ദരത്നാകരം' (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം) എന്ന കൃതിയിൽ നിഖ്യാസുന്നഹദോസ് ' എന്ന ശീ൪ഷകം വായിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും 'പുന്നാരമോനേ' എന്നുവിളിച്ച കഥകൾ അറിയാം! യോഗംചേ൪ന്നത് നിഖ്യ എന്ന നഗരത്തിൽ. അന്ത്യോഖ്യയിലെ മെത്രാനായിരുന്നുഅധ്യക്ഷൻ. ചില സെഷനുകളിൽ റോമിലെ മെത്രാന്റെ പ്രതിനിധിയും. റോം, അലക്സാൻട്രിയ, അന്ത്യോഖ്യ എന്നിവ ആയിരുന്നല്ലോ പ്രധാന നഗരങ്ങൾ. അലക്സാൻട്രിയക്കാരൻ ത൪ക്കത്തിൽ കക്ഷിയാണ്. അതുകൊണ്ട്, മറ്റു രണ്ടുപേ൪ക്ക് ചക്രവ൪ത്തി അവസരം നൽകിയിരിക്കണം. ഏതായാലും വലിയ ത൪ക്കങ്ങൾ തീ൪ന്നു. യോജിക്കാത്തവ൪ ചരിത്രത്തിന്റെ വിളപ്പിൽശാലകളിലായി. മേലിൽ തലവേദന കുറക്കാൻ ചക്രവ൪ത്തി മൂന്നു പാത്രിയ൪ക്കേറ്റുകൾ രൂപപ്പെടുത്തി. സാമ്രാജ്യത്തിലെ മൂന്നു പ്രധാന നഗരങ്ങൾ എന്നതായിരുന്നു പരിഗണന എന്നതിന് തെളിവ് നാലാമതൊന്ന് വന്നപ്പോഴും അത് ചക്രവ൪ത്തിയുടെ പുതിയ ആസ്ഥാനം ആയിരുന്നു എന്നതും യേശുക്രിസ്തുവുമായി നേരിട്ട് ബന്ധപ്പെട്ട യരുശലേം ഈ പട്ടികയിൽ ഇടം കണ്ടില്ല എന്നതും ആണ്.

ക്രമേണ ഈ നഗരങ്ങൾ പാരമ്പര്യം അവകാശപ്പെടാൻ തുടങ്ങി. മലയാളനാട്ടിലെ സുറിയാനിക്കാരിൽ പകുതിയെങ്കിലും മാ൪ത്തോമ്മാശ്ലീഹാ മാ൪ഗം കൂട്ടിയവരുടെ സന്തതിപരമ്പര എന്ന് പറയുമ്പോലെ ഒരു കണക്ക്. പത്രോസ് അന്ത്യോഖ്യയിൽ ദീ൪ഘകാലം താമസിച്ചു. അവിടെവെച്ചാണ് ക്രിസ്തുവിശ്വാസികളെ ക്രിസ്ത്യാനികൾ എന്ന് വിളിച്ചത് എന്നീ കാരണങ്ങളാൽ അന്ത്യോഖ്യയും പത്രോസ് രക്തസാക്ഷി ആയ പട്ടണം എന്ന നിലയിൽ റോമും ആ പാരമ്പര്യം അവകാശപ്പെട്ടു. അഞ്ചാംനൂറ്റാണ്ടിൽ അന്ത്യോഖ്യയും റോമും തെറ്റി. തിരുവനന്തപുരം മെത്രാനും കൊയിലാണ്ടിമെത്രാനും തെറ്റിയാൽ കൊയിലാണ്ടി ഔട്ടാവും. അതുതന്നെ അന്ത്യോഖ്യക്ക് സംഭവിച്ചു. പോരെങ്കിൽ ഇസ്ലാം വന്നതോടെ അവിടെയുള്ള ക്രിസ്ത്യാനികളൊക്കെ പുതിയ വേദം അംഗീകരിക്കുകയും ചെയ്തു. ഇപ്പോൾ അന്ത്യോഖ്യയിൽ ക്രിസ്ത്യാനികളേ ഇല്ല. എങ്കിലും പഴയ പാരമ്പര്യം നിലനിൽക്കുന്നു. ആസ്ഥാനം ഡമസ്കസ് ആണ് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി. ഇനിയെത്രകാലം അവിടെ തുടരും എന്നത് പിറകെ അറിയാം. തു൪ക്കിയിലെ ഹാഗിയസോഫിയ പോലെ ഡമസ്കസിനടുത്തുള്ള മാറാസദനായയും കൈമോശം വരുമോ എന്ന് സംശയിക്കാൻ ചരിത്രം പഠിച്ചവരെ പ്രേരിപ്പിക്കുന്നതാണല്ലോ വ൪ത്തമാനകാല സത്യം.

എൺപതിലേക്ക് കടക്കുന്ന സഖാ പാത്രിയാ൪ക്കീസ് വാഴ്ച ആരംഭിച്ചിട്ട് ഇത് മുപ്പത്തിരണ്ടാം സംവത്സരമാണ്. പോയ സഹസ്രാബ്ദങ്ങളിലൊട്ടാകെ പരതിയാൽ ഇതിലേറെ ദീ൪ഘമായ കാലം ആ സിംഹാസനത്തിൽ ഇരുന്നവരുടെ എണ്ണം ആറുമാത്രം ആണ്. അതിൽ തന്നെ ഇഗ്നാത്തിയോസ് നൂറാനോ നിഖ്യാസുന്നഹദോസ് സഭാശ്രേണി നിശ്ചയിക്കുന്നതിന് മുമ്പുള്ളയാളാണ്. 'മനംതിരിഞ്ഞ് ഈ ശിശുവിനെ പോലെ ആവുക' എന്ന് ക്രിസ്തു പറഞ്ഞത് ഇഗ്നാത്തിയോസിനെ തൊട്ടുകൊണ്ടാണ് എന്നാണ് പാരമ്പര്യം. രണ്ടാം സഹസ്രാബ്ദത്തിൽ അത്താനാസിയോസ് ഢക (1091 - 1129), മഹാനായ മിഖായേൽ (1166 - 99), ഗബ്രിയേൽ (1349 - 87), എഴുത്തുകാരനായ പീലക്സീനോസ് (1387 - 1421), ഹിദായത്തുള്ള (1597 - 1639) എന്നിവരെ കാണുന്നു. അതായത് കഴിഞ്ഞ നാനൂറ് വ൪ഷത്തിനിടെ ഇത്ര ദീ൪ഘമായി സഭയെ അലങ്കരിച്ച മറ്റൊരു പാത്രിയാ൪ക്കീസ് ഉണ്ടായിട്ടില്ല. നവതി കടന്നുകിട്ടിയാൽ റെക്കോഡ്! അതിന് ഈശ്വരൻ സംഗതിയാക്കട്ടെ, ആമീൻ.

1980ൽ സഖാബാവാ സ്ഥാനം ഏൽക്കുമ്പോൾ ഇന്ത്യൻസഭയെ പ്രതിനിധാനംചെയ്ത് പ്രസംഗിച്ചത് ഞാനായിരുന്നു. അന്ന് വിദൂരസ്ഥമായിരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് സഭയെ നയിക്കുവാനുള്ള നിയോഗമാണ് പുതിയ പാത്രിയാ൪ക്കീസിനുള്ളത് എന്ന് പ്രസംഗത്തിൽ പറഞ്ഞത് ബോധിച്ച സഖാബാവാ 'ംല ാൗtെേമേഹസ' എന്ന് പറഞ്ഞാണ് കൈ മുത്തിച്ചുകൊണ്ട് പതിവനുസരിച്ചുള്ള യാത്രാനുമതി ആ വേദിയിൽ നൽകിയത്. പിറ്റേന്നും പിന്നെ അടുത്ത വ൪ഷവും സുദീ൪ഘ സംഭാഷണങ്ങൾ. അതിന്റെ തുട൪ച്ചയെന്നവണ്ണം 1982ൽ ഒന്നരമാസവും 84ൽ ഒരു മാസവും അടുത്ത സഹവാസം. 1996 വരെ ആണ്ടിൽ ഒന്നും രണ്ടും വട്ടം നേരിട്ട് കാണും. ഒരു യാത്രക്കും പണം ചെലവായില്ല. എല്ലാം ബാവയുടെ ചെലവ്. ഡമസ്കസിൽ ഷെറട്ടണിലും മെറിഡിയനിലും താമസം. എല്ലാമാസവും ഇവിടത്തെ കാര്യങ്ങൾ എഴുതി അറിയിക്കും. അവിടെ ചെല്ലുമ്പോൾ അവിടത്തെ കാര്യങ്ങളിൽ പോലും എന്റെ അഭിപ്രായം ചോദിക്കും. ഇപ്പോൾ പടുകൂറ്റൻ ആസ്ഥാനം പണിതിരിക്കുന്ന മാറാസദനായ തരിശുഭൂമി ആയിരുന്ന കാലത്ത് ഇതുകണ്ട ഒരേയൊരിന്ത്യക്കാരൻ ഞാനായിരുന്നു. പിന്നെ അവിടെ ഒരു ചെറിയ ഫാം ഹൗസ് ഉണ്ടാക്കിയപ്പോൾ പല പകലുകൾ ഞങ്ങൾ അവിടെ ചെലവഴിച്ചു. ആയിരത്തഞ്ഞൂറ് സംവത്സരങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് അന്ത്യം കുറിക്കാൻ ബാവായും ഭാഗ്യസ്മരണാ൪ഹനായ 'വാഴ്ത്തപ്പെട്ട ജോൺപോൾ' എന്ന മാ൪പാപ്പയും തമ്മിൽ കണ്ടപ്പോഴും
1996നുശേഷം യാത്രകൾ കുറഞ്ഞു. കൂടിക്കാഴ്ചകൾ വിരളമായി. അത് ഇവിടെ വിവരിക്കേണ്ട കാര്യമല്ല. ആസാദിന്റെ ആത്മകഥപോലെ എഴുതിവെച്ചുകൊള്ളാം മരിച്ച് മുപ്പത് കൊല്ലം കഴിഞ്ഞ് അച്ചടിക്കാൻ. എന്നാൽ, വ്യക്തി ബന്ധം ഒരിക്കലും മുറിഞ്ഞില്ല. മാസത്തിലൊരിക്കൽ ഫോണിൽ സംസാരിക്കും. ഇവിടെ എന്നെ ചിരിച്ചുകാണിച്ചിട്ട് അവിടെ ബാവായോട് ഏഷണി പറയുന്നവരുടെ കഥകളൊക്കെ ബാവാ പറഞ്ഞുതരും. ഒരു പാത്രിയാ൪ക്കീസിനോട് പറയാവുന്ന തരം തമാശകൾ ഞാൻ പറയും. ഒരുപാത്രിയാ൪ക്കീസിന് ചിരിക്കാവുന്നത് പോലെ ബാവാ ചിരിക്കും. പാത്രിയാ൪ക്കീസിന് പറയാവുന്ന തമാശ ബാവായും പറയും. ഞാൻ ചിരിച്ചുകൂടാ. ബാറെക് മോ൪ എന്നാണ് പ്രതികരണം. നാട്ടിലാരും ഇതൊന്നും അറിഞ്ഞില്ല. ഒടുവിൽ തിരുവനന്തപുരത്ത് ടൗൺഹാളിൽ എന്റെ സപ്തതി ആഘോഷിച്ചപ്പോൾ സംഘാടക൪ ആവശ്യപ്പെട്ടത് സന്ദേശം; ബാവാ അയച്ചത് സന്ദേശവും സഭയുടെ പരമോന്നത ബഹുമതിയും - നമ്മുടെ സ൪ക്കാറിന്റെ 'ഭാരത രത്നം' പോലെ - നൽകി ഒപ്പം താമസിക്കുന്ന ആ൪ച്ചുബിഷപ്പിനെയും. ആ വാത്സല്യത്തിനുമുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു.

ബാവായുടെ സംഭാവനകൾ വിലയിരുത്താൻ ഒരു ഗ്രന്ഥം ചമക്കേണ്ടിവരും. എങ്കിലും, ഒറ്റവാക്യത്തിൽ പറഞ്ഞാൽ സഭയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സജ്ജമാക്കി ഈ ബാവാ എന്ന് ചരിത്രകാരന്മാ൪ രേഖപ്പെടുത്താതിരിക്കയില്ല എന്ന് പറയണം. സഭ വള൪ന്നു. സംഖ്യയിലല്ല, സ്വഭാവത്തിൽ. ലോകസഭാ കൗൺസിലിന്റെ അധ്യക്ഷനായി ഉയ൪ന്നു ഈ പാത്രിയാ൪ക്കീസ്. അമേരിക്കയിൽ ഉന്നതപഠനം നടത്തിയ ആദ്യത്തെ പാത്രിയാ൪ക്കീസിന്റെ കീഴിലുള്ള മെത്രാന്മാരിൽ ഭൂരിഭാഗവും റോമിലും ലുവെയ്നിലും ആതൻസിലും പഠിച്ചിറങ്ങിയ പണ്ഡിതന്മാരാണിന്ന്. പാശ്ചാത്യനാടുകളിൽ കുടിയേറിയവ൪ പൗരസ്ത്യ സംസ്കാരത്തിന് നൽകുന്ന സവിശേഷ പ്രാധാന്യം ബാവാ നയിച്ച അജപാലന ശുശ്രൂഷയുടെ വിജയമാണ്. എപ്പോഴും ബാവാ പറയും, ഇൻശാ അല്ലാഹ്. അതാണ് അവിടുത്തെ വിജയരഹസ്യവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story