Tue, 04/24/2012 - 22:49 ( 1 year 4 weeksago)
നിലനില്‍പ്പിനായി ചിരാഗ്
(+)(-) Font Size

കൊച്ചി: മൂന്ന് മത്സരം, മൂന്ന് ജയം- ഐ ലീഗില്‍ നിലനില്‍ക്കണമെങ്കില്‍ കേരളത്തിന്റെ പ്രതിനിധികളായ ചിരാഗ് യുനൈറ്റഡ് കേരളക്ക് ഇനി തോല്‍ക്കാനാകില്ല. ലീഗിലെ നിലനില്‍പ്പ് സാധ്യതകള്‍ ഏറെ ദുഷ്കരമായിരിക്കേ, അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയം അനിവാര്യമായ ചിരാഗ് ആദ്യ പരീക്ഷണത്തിന് ഇന്നിറങ്ങും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന മത്സരത്തില്‍ ദുര്‍ബലരായ പൈലന്‍ ആരോസാണ് എതിരാളികള്‍. നിലവില്‍ 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചിരാഗ് 17 പോയന്റുമായി 12ാം സ്ഥാനത്താണ്.

പോയന്റ് നിലയില്‍ ചിരാഗിന് തൊട്ടുമുന്നിലുള്ള മുംബൈ എഫ്.സിയെ മറികടന്ന് ഐ ലീഗില്‍ നിലനില്‍ക്കണമെങ്കില്‍ പൈലന്‍ ആരോസിനോടുള്ള മത്സരത്തിന് പുറമെ മറ്റ് രണ്ട് മത്സരങ്ങളിലും വിജയിക്കണം. തോറ്റാല്‍ രണ്ടാം ഡിവിഷനിലേക്ക് ചിരാഗ് തരം താഴ്ത്തപ്പെടും. ഇതില്‍ ഒരു മത്സരം മുംബൈ എഫ്.സിയുമായും മറ്റൊന്ന് കരുത്തരായ സാല്‍ഗോക്കറുമായാണ്. ഈ മത്സരങ്ങളിലെല്ലാം വിജയിച്ചാല്‍ 26 പോയന്റുമായി ചിരാഗിന് മുംബൈ എഫ്്.സിയെ മറികടന്ന് ലീഗില്‍ നിലനില്‍ക്കാം. ഇതില്‍ രണ്ട് മത്സരങ്ങളില്‍ വിജയവും ഒന്നില്‍ സമനില നേടിയാലും ടീമിന് നേരിയ സാധ്യത കല്‍പ്പിക്കുന്നുണ്ട്. 40 പോയന്റുമായി സാല്‍ഗോക്കര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്. 25 കളികള്‍ പൂര്‍ത്തിയാക്കിയ മുംബൈ എഫ്.സിക്ക് 24 പോയന്റാണുള്ളത്. ഏപ്രില്‍ 29 നാണ് സാല്‍ഗോക്കറുമായുളള മത്സരം. മുംബൈ എഫ്.സിയുമായുള്ള മത്സരം മേയ് ആറിന് കൊച്ചിയിലാണ്. ഏതെങ്കിലുമൊരു മത്സരത്തില്‍ ചിരാഗ് പരാജയപ്പെട്ടാല്‍ മുംബൈ എഫ്.സി ലീഗില്‍ നിലനില്‍ക്കും.
അവസാനഘട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്
സിനെതിരെയുള്ള മത്സരത്തില്‍ 4- 0 പരാജയപ്പെടുത്തിയെങ്കിലും കരുത്തരായ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച പ്രകടനം ചിരാഗിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. 4 -3 നായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തില്‍ ചിരാഗിന്റെ കീഴടങ്ങല്‍. ഈ മത്സരത്തില്‍ മുന്നേറ്റ നിരക്കാരന്‍ ഡേവിഡ് സണ്‍ഡെ ഹാട്രിക് നേടിയതും ടീമിന് ആവേശം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കളികളില്‍ കളിക്കാതിരുന്ന അനില്‍കുമാര്‍ ചിരാഗിനായി ബുധനാഴ്ച കളത്തിലിറങ്ങും. ഇരുടീമുകളും ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.

പത്ത് പോയന്റുമായി പൈലന്‍ ആരോസ് 13ാം സ്ഥാനത്തും എട്ട് പോയന്റുമായി എച്ച്.എ.എല്‍ 14ാം സ്ഥാനത്തുമാണ്. എച്ച്.എ.എല്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായി. ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ ടീമായതിനാല്‍ പൈലന്‍ ആരോസിന് തരം താഴ്ത്തല്‍ ഭീഷണിയില്ല. സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം നടത്താനായി മാറ്റിവെച്ച കളിയാണ് ബുധനാഴ്ച നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus