പ്രശസ്ത നിര്‍മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു

പ്രശസ്ത നിര്‍മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ നവോദയ അപ്പച്ചന്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് 6.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

കഴിഞ്ഞ മാസം 18നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ആരോഗ്യ നില വഷളാവുകയും വൈകീട്ടോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

മാളിയംപുരക്കല്‍ ചാക്കോ പുന്നൂസ് എന്നാണ് യഥാര്‍ഥ പേര്. 1924ല്‍ ആലപ്പുഴയിലാണ് ജനനം. 17ാം വയസില്‍ ഉദയ സ്റ്റുഡിയോയിലൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, ചാണക്യന്‍, ഒന്നു മുതല്‍ പൂജ്യം വരെ, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഇന്ത്യയിലെ ആദ്യ എം.എം ചിത്രമായ പടയോട്ടം തുടങ്ങിയവ നിര്‍മിച്ചത് അപ്പച്ചനായിരുന്നു.

നവോദയ സ്റ്റുഡിയോയുടെ സ്ഥാപകനാണ്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2011ലെ ജെ.സി ദാനിയേല്‍ അവാര്‍ഡ് ജേതാവും കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യ തീം പാര്‍ക്ക് കിഷ്കിന്ദയുടെ സ്ഥാപകനാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, കേന്ദ്ര മന്ത്രിമാരായ കെ.വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ കെ.എം മാണി, തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, കെ.സി ജോസഫ് എന്നിവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus