1865ല്‍ പ്രസിദ്ധീകരിച്ച ലൂയി കരോളിന്റെ ഫാന്റസി നോവല്‍ 'ആലീസ് ഇന്‍ ദ വണ്ടര്‍ലാന്‍ഡ്' ആണ് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകം. അച്ചടിച്ച കോപ്പികളുടെ എണ്ണത്തിലും വില്‍പനയിലും ബൈബിളും വിശുദ്ധ ഖുര്‍ആനും രാമായണവും ദാസ് കാപ്പിറ്റലും ചിലപ്പോള്‍ മുന്നിലായിരിക്കും. കേരളത്തില്‍ കുറച്ചുനാള്‍ മുമ്പ് കണക്കെടുത്തപ്പോള്‍ ആ വര്‍ഷം ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകം ഗാന്ധിജിയുടെ 'സത്യാന്വേഷണ പരീക്ഷണങ്ങള്‍' ആയിരുന്നത്രെ. മൂന്നുലക്ഷം കോപ്പികള്‍. പക്ഷേ, ഈ പുസ്തകം വാങ്ങിയവരില്‍ എത്രപേര്‍ സത്യാന്വേഷണപരീക്ഷണങ്ങള്‍ വായിച്ചു എന്ന് അന്വേഷിച്ചാല്‍ ആകെ കുഴപ്പമാകും. മതഗ്രന്ഥങ്ങളുടെയും ദാസ് കാപ്പിറ്റലിന്റെയും ഔപചാരികമായ വായനക്കപ്പുറത്തേക്കുള്ള അന്വേഷണവും ഇതേ ഫലം ചെയ്യും. പുസ്തകവില്‍പനയും പുസ്തകവായനയും തമ്മിലുള്ള വിടവ് കണ്ടുപിടിക്കുക അസാധ്യമാണ്. ആ വിടവ് പുസ്തകം എന്ന മീഡിയത്തിന്റെ ആന്തരികമായ ബലഹീനതയാണ്.
ഇന്ന് ലോകപുസ്തകദിനമാണ്. യുനെസ്കോയുടെ നേതൃത്വത്തില്‍ പുസ്തകവായന, പുസ്തക പ്രസിദ്ധീകരണം, കോപ്പിറൈറ്റ് അവകാശ സംരക്ഷണം ഈ മേഖലകളില്‍ നമ്മെ ഉദ്ബുദ്ധരാക്കുന്നതിനായാണ് പുസ്തകദിനം ആഘോഷിക്കുന്നത്. വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നായ ഡോണ്‍ ക്വിക്സോട്ട് രചിച്ച 'മിഗല്‍ ദെ സെര്‍വാന്റിസി'ന്റെ ചരമദിനമാണ് ഏപ്രില്‍ 23. 1923ല്‍ സ്പെയിനിലെ പുസ്തകശാലക്കാര്‍ അദ്ദേഹത്തെ സ്മരിക്കാനായി ഈ ദിനം തെരഞ്ഞെടുത്തു. 1995ലാണ് യുനെസ്കോ രംഗത്തെത്തിയത്. വില്യം ഷേക്സ്പിയറുടെ ജനന-മരണ ദിനവും ഇതായിരുന്നു എന്ന കണക്കുകൂട്ടല്‍ ഈ ദിനത്തിന് പരിവേഷം നല്‍കി.
വായിക്കപ്പെട്ടത് എന്നുപറഞ്ഞാല്‍ മുഴുവനും വായിച്ച് വായനക്കാരന്‍ ഉള്‍ക്കൊണ്ട പുസ്തകം. ആലീസ് ഇന്‍ ദ വണ്ടര്‍ലാന്‍ഡില്‍ ആലീസ് എന്ന മിടുക്കിപ്പെണ്‍കുട്ടി ഒരു മുയല്‍മാളത്തില്‍ വീണ് ഏതോ ഗുഹയിലൂടെ ഭൂമിയുടെ അഗാധതയിലേക്കു പോയി അവിടെ വര്‍ണാഭമായ ചുറ്റുപാടില്‍ വളരുന്ന അദ്ഭുത ജീവികളുടെ ലോകത്തില്‍ നേരിടുന്ന രസകരമായ അനുഭവങ്ങളുടെ വര്‍ണനയാണ് വായനക്കാരെ ആകര്‍ഷിച്ചതും കുട്ടികളുടെയും മുതിര്‍ന്നവരുടെയും അനവധി തലമുറകളെ ഒന്നുപോലെ പിടിച്ചിരുത്തി വായിപ്പിച്ചതും. ലോകത്ത് ഭാഷകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അദ്ഭുതലോകത്തിലെ ആലീസ് വായിക്കപ്പെട്ടുകൊണ്ടിരിക്കും എന്നാണ് പറയപ്പെടുന്നത്. 97 ഭാഷകളില്‍ നൂറുകണക്കിന് പതിപ്പുകള്‍. മതഗ്രന്ഥങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഒരിക്കലും ഔട്ട് ഓഫ് പ്രിന്റ് ആകാത്ത പുസ്തകങ്ങളില്‍ നമ്പര്‍ വണ്‍ ആലീസിന്റെ കഥയാണ്.
പക്ഷേ, ആലീസ് ഇന്‍ ദ വണ്ടര്‍ലാന്‍ഡിലെ ആലീസ് ചോദിച്ചു: ഈ പടവും വര്‍ത്തമാനവും ഇല്ലാത്ത പുസ്തകംകൊണ്ട് എന്താ പ്രയോജനം?
ഇതേ ചോദ്യമാണ് ഇന്ന് എന്റെ നാലു വയസ്സുകാരന്‍ പേരക്കുട്ടി ഡുഗ്ഗുവും എന്നോട് ചോദിക്കുന്നതും.
അപ്പൂപ്പാ, ദേ ഈ ലുട്ടാപ്പി പറയുന്നതു കണ്ടോ?
ഡുഗ്ഗുവിന് ഐ ട്യൂബിലെ ലുട്ടാപ്പിയെയാണ് ഇഷ്ടം.
ജാപ്പനീസ് ഭാഷയില്‍ ഈ വര്‍ഷം അച്ചടിച്ചിറങ്ങുന്ന പുസ്തകങ്ങളില്‍ 70 ശതമാനവും വെറും ചിത്രകഥാ പുസ്തകങ്ങളായിരിക്കുമെന്നും അവയില്‍ മിക്കതിലും അക്ഷരങ്ങള്‍ പോലും ഉണ്ടാകുകയില്ല എന്നും ഈയിടെ വായിച്ചു. നമ്മുടെ കുട്ടിക്കാലത്ത് സ്വപ്നത്തില്‍പോലും സംഭവ്യമായി കരുതിയിരുന്നില്ല, മഷിനിറച്ച പേനയും വീഡിയോകാസറ്റും റോള്‍ ഫിലിമുള്ള കാമറയും ഇത്ര പെട്ടെന്ന് നമ്മുടെ മുന്നില്‍നിന്ന് അപ്രത്യക്ഷമാകുമെന്ന്. അതുപോലെ പോസ്റ്റ് കാര്‍ഡും ലാന്‍ഡ് ലൈന്‍ ടെലിഫോണും കടലാസിലച്ചടിച്ച് ബൈന്റിട്ട പുസ്തകവും നമ്മുടെ ജീവിതകാലത്തുതന്നെ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞാല്‍ നാം ഞെട്ടും. പക്ഷേ, ഞെട്ടിയിട്ടു കാര്യമില്ല. അത് സംഭവിച്ചേക്കാം. ഈ പുസ്തകദിനത്തില്‍ ഞാന്‍ പുസ്തകത്തിന്റെ ഇന്നത്തെ രീതിയിലുള്ള രൂപഭാവത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതനാകുകയാണ്.
വിജ്ഞാനവും വിനോദവും നല്‍കുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം. അച്ചടിയും കടലാസും സാധാരണക്കാരന്റെ ജീവിതത്തിലെ മാറ്റിവെക്കാന്‍ വയ്യാത്ത ഭാഗമായിട്ട് 200 വര്‍ഷം പോലുമായിട്ടില്ല. പുസ്തകവായനക്ക് അനിവാര്യമായ സാക്ഷരത ഒരു വലിയ വിഭാഗം സാധാരണക്കാരന്റെയും അത്യാവശ്യങ്ങളുടെ മുന്‍ഗണനയില്‍ ഇന്നും എത്തിയിട്ടില്ല. അപ്പോഴാണ് പെട്ടെന്ന് സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തങ്ങള്‍ തികച്ചും അപ്രതീക്ഷിതമായി നമ്മുടെ മുന്നില്‍ വന്നിരിക്കുന്നത്.
ഇന്ന് ശരിക്കും ലോകം ഒരു വലിയ സ്ഫോടനത്തിന്റെ വക്കിലാണ് നിലകൊള്ളുന്നത്. യുദ്ധത്തിന്റെ പൊട്ടിത്തെറിയല്ല. അതിനേക്കാള്‍ വലിയ, മാനവസമൂഹം ഇന്നുവരെ സ്വപ്നം കാണാന്‍പോലും മടിച്ചിരുന്ന ഒരു സ്ഫോടനം. പരമ്പരാഗതരീതിയിലുള്ള അക്രമവും മത്സരവും പോലും ഇല്ലാതാക്കുന്ന തരത്തില്‍ ശാസ്ത്രവും സാങ്കേതികരംഗത്തെ കണ്ടുപിടിത്തങ്ങളും മാനവസമൂഹം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന എല്ലാ സമവാക്യങ്ങളെയും തൂത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. തത്ത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നീതിവ്യവസ്ഥ, സാമൂഹികശാസ്ത്രം, എന്നുവേണ്ട ഭാഷയും കണക്കും കലയും പോലും ഇന്ന് അനുദിനം പുതിയ അര്‍ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ മായുന്നു. വെബ്സൈറ്റുകളും മെഡിക്കല്‍ ടെക്നോളജിയും കൊണ്ടുവരുന്ന സുതാര്യതയും സ്വാതന്ത്രൃവും സമൂഹത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും പുതിയ സമവാക്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
മാനവസമൂഹത്തിന്റെ നിലനില്‍പിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലയായിരുന്ന കുടുംബം എന്ന സങ്കല്‍പത്തിനുപോലും ഇന്ന് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ശരിതെറ്റുകള്‍ക്കും നന്മതിന്മകള്‍ക്കും പുതിയ രൂപങ്ങള്‍ നാം കാണുകയാണ്. ഇവിടെ ഭാഷയും പുസ്തകവും വായനയും പുതിയ തലങ്ങളിലേക്ക് മാറും എന്നതില്‍ ഒരു സംശയവുമില്ല. ഒരു പെന്‍ഡ്രൈവില്‍ പതിനായിരം പുസ്തകങ്ങളുടെ ലൈബ്രറി. സാക്ഷരത ഇല്ലാത്തവന് ഓഡിയോയിലൂടെ വായിച്ച് കേള്‍ക്കാവുന്ന പുസ്തകം. ഇവയെല്ലാം ഇന്ന് വന്നുകഴിഞ്ഞു. അക്ഷരങ്ങളുടെ കറുത്ത വടിവിന്റെ സ്ഥാനത്ത് നിറവും വരകളും സംഗീതവും- സ്റ്റീവ് ജോബ്സ് സ്വപ്നങ്ങള്‍- യാഥാര്‍ഥ്യമാക്കുന്ന എന്റെ നാലു വയസ്സുകാരന്‍ പേരക്കുട്ടിയുടെ ലോകം. ഇന്ന് ലോകത്ത് ഏറ്റവുമധികം ഗൗരവമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം ഏതെന്നു ചോദിച്ചാല്‍ വളരെ എളുപ്പം ഉത്തരം പറയാന്‍ കഴിയും -വിദ്യാഭ്യാസം. എന്താണ് വിദ്യ എന്നു ചോദിച്ചാല്‍ പെട്ടെന്നു പറയും -അറിവ് നേടുക. അതിനുള്ള മാര്‍ഗമെന്താണ് എന്നു ചോദിച്ചാല്‍ ഒന്നാലോചിച്ചിട്ട് നാം ഉത്തരം പറയും, അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന വിജ്ഞാനത്തെ സ്വായത്തമാക്കുക എന്നതാണെന്ന്. ഗാന്ധിജി പറഞ്ഞു. വളരെ പണ്ട് പറഞ്ഞതാണ്. പക്ഷേ, ഇപ്പോഴും ഒരു വലിയ അളവുവരെ പ്രസക്തമാണ്. ശതമാനക്കണക്കില്‍ ലേശം വ്യത്യാസമുണ്ടായേക്കാം. അത്രമാത്രം. ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ഭൂമിയും കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരും വേറൊരു 10 ശതമാനം വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്. അതിനാല്‍, ഇന്ത്യയിലെ വിദ്യാഭ്യാസത്തെ അക്ഷരപഠനവുമായി മാത്രം ബന്ധപ്പെട്ട് കാണുന്നത് ഒരു കുറ്റമാണ്.
വിദ്യാഭ്യാസം ചരിത്രവും കണക്കും അതുപോലെയുള്ള വിഷയങ്ങളുടെ അറിവുകളും മാത്രം നേടുന്നതില്‍ പരിമിതപ്പെടുത്താന്‍ പാടില്ല. വിദ്യാഭ്യാസം അക്ഷരാഭ്യാസത്തിന് അതീതമാണ്. ഒരു മനുഷ്യന്റെ വിദ്യാഭ്യാസം പൂര്‍ണമാകുന്നത് അവന് മാനസികവും ശാരീരികവും സന്മാര്‍ഗപരവുമായ സ്വഭാവവിശേഷങ്ങള്‍ ലഭ്യമാകുന്നതോടെയാണ്. ആത്മവിശ്വാസവും പ്രവര്‍ത്തിക്കാനുള്ള കഴിവും ഉണ്ടാകുക. അതോടൊപ്പം ശാരീരികവും ഭൗതികവുമായ വികാസവും സന്മാര്‍ഗത്തിലേക്കുള്ള ലക്ഷ്യബോധവും ഉണ്ടാക്കിയെടുക്കുക, അവനവന്റെയും കുടുംബ്ധിന്റെയും ആഹാരത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനുമുള്ള വക കണ്ടുപിടിക്കുന്നതോടൊപ്പം അനന്തരതലമുറയെ തനിക്കു ലഭിച്ചതിനേക്കാളും മെച്ചമായ ജീവിതം നല്‍കുന്നതിനുള്ള കഴിവും കൂടി ഉണ്ടാക്കുക. ഇതൊക്കെയാണ് നാം മനസ്സിലാക്കേണ്ടത്.
ലളിതമായി പറഞ്ഞാല്‍, താന്‍ ആരാണെന്നു കണ്ടുപിടിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മനുഷ്യനെ നിയന്ത്രിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം ജീനുകള്‍ ഇന്നുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. അതില്‍ ഓരോ ജീനിനും വ്യത്യസ്തമായ ശാരീരികവും മാനസികവുമായ സിദ്ധികള്‍ ശരീരത്തിനും മസ്തിഷ്കത്തിനും തരാന്‍ കഴിയും. നമ്മളിലോരോരുത്തര്‍ക്കും ഈ ഒരു ലക്ഷത്തോളം ജീനുകളില്‍നിന്ന് 47 ജീനുകളേ സ്വന്തമായി ലഭിക്കുന്നുള്ളൂ. അതില്‍ 23 എണ്ണം അച്ഛന്‍ വഴിയും 23 എണ്ണം അമ്മ വഴിയുമാണ് കിട്ടുന്നത്. 47ാമത്തേത് എവിടെനിന്നാണെന്ന് ശാസ്ത്രം പോലും കണ്ടുപിടിച്ചിട്ടില്ല. അതെന്തായാലും സ്വാഭാവികമായി ഒരേ തരത്തിലുള്ള 47 ജീനുകള്‍ തീരെ യാദൃച്ഛികമായിപ്പോലും രണ്ടു മനുഷ്യരില്‍ ഉണ്ടാകാനിടയില്ല. ലോകത്തെ എല്ലാ മനുഷ്യരും കാഴ്ചയിലും സ്വഭാവത്തിലും കഴിവിലും ആരോഗ്യത്തിലും വ്യത്യസ്തരായിരിക്കുന്നതിന്റെ രഹസ്യം ഇതാണത്രെ. ശാസ്ത്രമാണ്. പുതിയ കണ്ടുപിടിത്തങ്ങള്‍ മേല്‍പറഞ്ഞതിനെയൊക്കെ മാറ്റിമറിച്ചെന്നു വരാം. പക്ഷേ, ഒരു കാര്യം തീര്‍ച്ചയാണ്. നമ്മളിലാരും സമന്മാരല്ല. ലോകത്ത് അപരന്മാരുണ്ടാകുന്നത് എന്നെപ്പോലെയുള്ള കഥപറച്ചിലുകാരുടെ ഭാവനയില്‍ മാത്രമാണ്. അപ്പോള്‍ ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ കഴിവും പരിമിതിയും അവര്‍ ജീവിക്കേണ്ട ചുറ്റുപാടും കണ്ടുപിടിച്ച് ആ കഴിവുകളെ പോഷിപ്പിക്കുന്നതാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇന്ന് ടെക്നോളജി നമ്മെ ഗാന്ധിജിയുടെ ചിന്തകള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രാപ്തരാക്കുന്നു. പുസ്തകങ്ങള്‍ മരിക്കുകയില്ല. അവയുടെ രൂപഭാവങ്ങള്‍ മാറും. വിജ്ഞാനവും വിനോദവും നല്‍കും.
പക്ഷേ, എന്റെ പേരക്കുട്ടി നാലു വയസ്സുകാരന്‍ ഡുഗ്ഗുവിന്റെ ലൈബ്രറിക്ക് പുതിയ രൂപമായിരിക്കും. അവന്‍ ലോകം മുഴുവന്‍ എന്നേക്കാള്‍ എളുപ്പം ചുറ്റിക്കറങ്ങും. എന്നെപ്പോലെ എല്ലാ മഹാന്മാരെയും നേരില്‍ കാണും- പുണ്യാളന്മാര്‍, പാപികള്‍, കവികള്‍, കലാകാരന്മാര്‍, രാജാക്കന്മാര്‍, സുന്ദരികള്‍, കാട്ടാളന്മാര്‍ എന്നിവരെയൊക്കെയും. ഹെര്‍ക്കുലീസും സോക്രട്ടീസും ക്ളിയോപ്പാട്രയും അലക്സാണ്ടറും കാളിദാസനും ശങ്കരാചാര്യരും ഡാവിഞ്ചിയും ഷേക്സ്പിയറും എന്നെപ്പോലെ അവനും പരിചിതരാകും.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കാലയവനികയില്‍ മറഞ്ഞവരും ഇനിയും മിന്നിത്തിളങ്ങാനിരിക്കുന്ന കൗമാരപ്രതിഭകളും ആയ എല്ലാവരെയും ഞാന്‍ കാണുന്നതിനെക്കാള്‍ അടുത്ത് അവന്‍ കാണും. ലോകത്ത് ഒരു യാത്രികനും ചെന്നെത്തിയിട്ടില്ലാത്ത ആമസോണ്‍ കാടുകളിലെ ഗുഹകളിലും ബഹിരാകാശത്തിലെ നക്ഷത്രപ്പൊട്ടുകളിലും ദക്ഷിണധ്രുവത്തിലെ മഞ്ഞുമലകളുടെ അഗാധഗര്‍ത്തങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പോകാറുണ്ട്. ഇന്നലെയും പോയിരുന്നു. ഇന്നും പോകുന്നു. നാളെയും പോകും. എല്ലാവരുമായും ഞാന്‍ സംവദിക്കും.
ഞാന്‍ എന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വഴിയാണ് ഈ സംവേദനം നടത്തിയത്. എന്റെ പേരക്കുട്ടി എന്റെ നൂറിരട്ടി സംവേദനം നടത്തും. അവന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്ക് പുതിയ രൂപമായിരിക്കുമെന്നു മാത്രം.
ഹ
നിങ്ങളുടെ അഭിപ്രായങ്ങള്‍