ഉടല്‍ പെണ്ണിന്റെ ആയുധമാവുമ്പോള്‍

ഉടല്‍ പെണ്ണിന്റെ ആയുധമാവുമ്പോള്‍

ആഷിഖ് അബു മലയാളത്തിലെ നവധാരാ സിനിമയുടെ ശക്തനായ പ്രയോക്താവായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് കടുംനിറത്തില്‍ അടിവരയിടുന്ന ചിത്രമാണ് '22 ഫിമെയില്‍ കോട്ടയം'. 'ഡാഡികൂള്‍' എന്ന ആദ്യചിത്രത്തില്‍നിന്നും ചലച്ചിത്രം എന്ന മാധ്യമത്തിന്റെ പരിചരണത്തില്‍ ആഷിഖ് അബുവിന് കൈവന്ന ശൈലീപരമായ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നു ഈ ചിത്രം. ബോളിവുഡ് സിനിമയുടെ ഫ്രെയിമുകളെ ഓര്‍മിപ്പിച്ച 'ഡാഡികൂള്‍' താരകേന്ദ്രിത പ്രമേയ പരിചരണത്തിന്റെ ചിട്ടവട്ടങ്ങളെ വിടാതെ പിന്തുടര്‍ന്നിരുന്നു. പിന്നീടു വന്ന 'സോള്‍ട്ട് ആന്റ് പെപ്പര്‍' മലയാള സിനിമയുടെ നിശ്ചലാവസ്ഥയില്‍ സൃഷ്ടിച്ച ഇളക്കങ്ങള്‍ ചെറുതല്ല. സംഭവബഹുലമല്ലാത്ത, ലളിതമായ ഒരു പ്രമേയം, വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍, സ്റ്റീരിയോടൈപ് കാസ്റ്റിങില്‍നിന്നുള്ള വ്യതിചലനം, മള്‍ട്ടിപ്ലക്സ് സിനിമകളുടെ ഭാവുകത്വശീലങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതിലെ മിടുക്ക് (മിറാഷ് എന്ന കഥാപാത്രത്തിന്റെയും കേക്ക് ഉണ്ടാക്കുന്ന കഥയുടെയും അവതരണങ്ങള്‍ ഓര്‍ക്കുക) തുടങ്ങി മുഖ്യധാരാ സിനിമയുടെ പല മുന്‍വിധികളെയും കുടഞ്ഞെറിഞ്ഞ് വിജയം കണ്ട ചിത്രമായിരുന്നു അത്. അഭിരുചികളുടെ അപചയകാലത്ത് രുചി കേന്ദ്രപ്രമേയമായി വന്ന 'സോള്‍ട്ട് ആന്റ് പെപ്പര്‍' നര്‍മത്തിന്റെയും പ്രണയത്തിന്റെയും രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിക്കൂട്ടുകളുടെയും പ്രകാശമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചെങ്കില്‍ ഇത്തവണ ആഷിഖ് ഡാര്‍ക് ഷേയ്ഡുള്ള ദൃശ്യപരിചരണത്തിനാണ് മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. വിജയഫോര്‍മുലയുടെ ആവര്‍ത്തനമാവാതിരിക്കാന്‍ അദ്ദേഹം നന്നായി ശ്രദ്ധിച്ചിരിക്കുന്നു. ജനപ്രിയ സിനിമയുടെ ദൃശ്യവ്യാകരണത്തില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ മറ്റൊരു തുടര്‍ച്ചയാണിത്. അനുരാഗ് കാശ്യപ്, വിശാല്‍ ഭരദ്വാജ്, ശ്രീരാം രാഘവന്‍ തുടങ്ങിയ ബോളിവുഡ് മള്‍ട്ടിപ്ലക്സ് സംവിധായകരുടെ ഡാര്‍ക്ഷേഡ് സിനിമകള്‍ തന്നെയാണ് മാതൃക എന്ന് വ്യക്തം. 'ഇരകള്‍' എന്ന കെ.ജി.ജോര്‍ജ് ചിത്രത്തിനു മുമ്പോ പിമ്പോ മലയാളത്തില്‍ ഇരുണ്ട സിനിമകള്‍ ഉണ്ടായിട്ടില്ലല്ലോ.

ഇന്ത്യന്‍ ആര്‍ട്ട് ഹൗസ് സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന രാഹുല്‍ബോസിന്റെ മലയാളപതിപ്പായി മാറുകയാണ് ഫഹദ് ഫാസില്‍. നവധാരാ സിനിമകളിലെ ഹഫദിന്റെ സാന്നിധ്യം പുതിയ ഒരു അഭിനയ പ്രതിഭയെയാണ് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. ഒരു ചോക്കലേറ്റ് ഹീറോ ആയി 'കൈയെത്തും ദൂരത്തി'ല്‍ പിതാവ് ഫാസില്‍ തന്നെ അവതരിപ്പിച്ച നടനില്‍നിന്ന് പുതിയ ഫഹദിലേക്ക് കാതങ്ങളോളം അകലമുണ്ട്. ആ രൂപവും ഭാവവും പാടെ മാറി. തിരിച്ചുവരവില്‍ 'കേരളാ കഫേ'യിലെ ഒരു ചെറുവേഷത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഫഹദ്, കോക്ടെയില്‍, ചാപ്പാ കുരിശ്, അകം( ശാലിനി ഉഷാ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രം ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ മാത്രമേ കണ്ടിരിക്കാനിടയുള്ളൂ.) എന്നീ ചിത്രങ്ങളിലൂടെ വേറിട്ട ഒരു അഭിനയശൈലി വളര്‍ത്തിയെടുക്കുകയായിരുന്നു. നാടകരചനാശാസ്ത്രത്തില്‍ (Dramaturgy) 'അണ്ടര്‍പ്ലേ' എന്നു പറയുന്ന തരം അഭിനയം. ഹോളിവുഡിലും മറ്റ് പല വിദേശഭാഷാചിത്രങ്ങളിലും നാം കണ്ടുപരിചയിച്ചിട്ടുള്ളതാണ് അത്. സ്വാഭാവികത നിലനിര്‍ത്തുന്ന, സംയമനത്തോടെ മിനിമം ശരീരഭാഷ ഉപയോഗിച്ചുകൊണ്ടുള്ള അഭിനയരീതി ഫഹദ് വിജയകരമായി പരീക്ഷിക്കുന്നു. ഒതുക്കിപ്പിടിച്ച ആ അഭിനയരീതിയുടെ വിസ്മയിപ്പിക്കുന്ന ഭാവപ്പകര്‍ച്ചകള്‍ ഈ ചിത്രത്തില്‍ കാണാം.


നവധാരാ സിനിമകളുടെ പ്രമേയങ്ങളില്‍ പലതിനും മൗലികതയില്ല എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അത് നിലനില്‍ക്കുമ്പോള്‍തന്നെ അവ മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ വരുത്തുന്ന നിശ്ശബ്ദമായ പരിവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും വേണം. മാറിയ സമൂഹത്തിന്റെ മൂല്യബോധത്തെ പ്രകടിപ്പിക്കുകയും മലയാളിയുടെ സദാചാരനാട്യങ്ങളെ തുറന്നുകാട്ടുകയും താരകേന്ദ്രിത മസാലച്ചേരുവകളെ കൈയൊഴിയുകയും നിഷിദ്ധമായിരുന്ന പലതിനേയും ആഖ്യാനത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നതിനാല്‍ മൗലികതയുടെ പേരില്‍ മാത്രം ഇവയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. 22 എഫ്.കെ മൂന്നു ചിത്രങ്ങളുടെ കഥാതന്തുക്കള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ചിത്രത്തിന്റെ ഒടുവിലത്തെ ക്രെഡിറ്റ്ടൈറ്റിലില്‍ കാണിക്കുന്നുണ്ട്. ഫിലിമോഗ്രഫി എന്ന ശീര്‍ഷകത്തിലാണ് റഫര്‍ ചെയ്തിട്ടുള്ള സിനിമകളുടെ പട്ടിക കൊടുത്തിരിക്കുന്നത്. കില്‍ ബില്‍, ഏക് ഹസീന ഥി, കാബറേ ഡാന്‍സര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി റഫര്‍ ചെയ്ത സിനിമകളുടെ പട്ടികക്ക് ഫിലിമോഗ്രഫി എന്നുപേരിട്ടത് ഒരുപക്ഷേ 'ആടുകള'ത്തിന്റെ സംവിധായകന്‍ വെട്രിമാരനായിരിക്കും. നവധാരാ സിനിമകളില്‍ പലതും ചെയ്യാത്ത മാന്യത ആഷിഖ് അബു ഇതില്‍ കാട്ടിയിരിക്കുന്നു. വെട്രിമാരന് സ്തുതി. അങ്ങനെയെങ്കിലും ബൗദ്ധികസ്വത്തവകാശം അനുവദിച്ചുകൊടുക്കുന്നുണ്ടല്ലോ ഈ പുത്തന്‍കൂറ്റുകാര്‍ എന്ന് നമുക്ക് ആശ്വസിക്കാം. (ക്വിന്റിന്‍ ടരന്റിനോയുടെ സിനിമക്ക് ഒപ്പം തന്റെ 'കാബറേ ഡാന്‍സര്‍' എന്ന ചിത്രത്തിന്റെ പേര് എഴുതിവെച്ചത് കാണാന്‍ എന്‍.ശങ്കരന്‍ നായര്‍ ഇല്ലാതെ പോയല്ലോ!)


പ്രമേയത്തിലേക്കും അത് മുന്നോട്ടുവെക്കുന്ന സാമൂഹികരാഷ്ട്രീയ വീക്ഷണത്തിലേക്കും കടന്നുചെല്ലുമ്പോള്‍ പല നവധാരാസിനിമകളെയും പോലെയുള്ള ദൗര്‍ബല്യങ്ങള്‍ ഈ ചിത്രത്തിനുമുണ്ട് എന്നു കാണാം. രൂപത്തിലുള്ള പോസിറ്റിവ് ആയ മാറ്റം ഉള്ളടക്കത്തിലെത്തുമ്പോള്‍ നിലനിര്‍ത്താനാവുന്നില്ല എന്ന പരിമിതി ഈ ചിത്രത്തെയും ചൂഴ്ന്നുനില്‍ക്കുന്നു. 'സോള്‍ട്ട് ആന്റ് പെപ്പര്‍' പോലെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തോടെയാണ് '22 ഫീമെയില്‍ കോട്ടയം' പ്രദര്‍ശനത്തിന് എത്തിയത്. ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്ന മുന്‍ധാരണ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന വിധമായിരുന്നു പ്രമോ വീഡിയോകള്‍. യൂ ട്യൂബിലും അത് ഷെയര്‍ചെയ്യുന്ന സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും പ്രത്യക്ഷപ്പെട്ട ഈ വീഡിയോകള്‍ മലയാളിപ്പെണ്ണിന്റെ ചെറുത്തുനില്‍പ്പിന്റെ പല മുഖങ്ങള്‍ കാണിച്ചുതന്നു. ബസില്‍ സ്പര്‍ശസുഖം തേടിയണയുന്നവനെ, മൊബൈലില്‍ ശരീരഭാഗങ്ങള്‍ ചിത്രീകരിക്കുന്നവനെ പെണ്ണുങ്ങള്‍ നേരിടുന്ന വിധം സ്വാഭാവികതയോടെ ചിത്രീകരിച്ച ഈ പ്രമോകള്‍ ഇന്റര്‍നെറ്റിന്റെ വരവിനുശേഷമുള്ള മലയാള സിനിമയിലെ ആദ്യപരീക്ഷണമായിരുന്നു. എന്നാല്‍ ആ വീഡിയോകള്‍ സൂചിപ്പിക്കുന്നതുപോലെ ഒരു സ്ത്രീപക്ഷ സിനിമയല്ല ഇത്. ആണ്‍കാഴ്ചപ്പാടുകളുടെ ഊന്നല്‍ അറിഞ്ഞോ അറിയാതെയോ ചിത്രത്തിലുടനീളം നിറഞ്ഞുനില്‍പ്പുണ്ട്.

'പെണ്ണിന്റെ സഹനം അവളുടെ ദൗര്‍ബല്യമായി കാണരുത്' എന്ന ആണ്‍ശബ്ദത്തിലാണ് ചിത്രം അവസാനിക്കുന്നത്. ആ വോയ്സ് ഓവര്‍, ആഖ്യാനത്തിനു പിന്നിലെ ആണ്‍കാഴ്ചയുടെ, കാഴ്ചപ്പാടിന്റെ തുറന്ന പ്രഖ്യാപനമാണ്. നോക്കൂ, ഉദ്ബോധനപരമായ ആ പ്രഖ്യാപനത്തിന്റെ ശബ്ദപഥത്തില്‍ പോലും പെണ്ണിനിടമില്ല. അവിടെയും അവള്‍ നിശ്ശബ്ദയാക്കപ്പെടുന്നു. ഇതിലെ ഒരു പ്രതികാരം പൂര്‍ണമായും ആണ്‍സഹായത്താല്‍ നടത്തപ്പെടുന്നതാണ്. ടെസ്സയുടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടി അന്യപുരുഷന്റെ കൂടെ അന്തിയുറങ്ങി കാശുണ്ടാക്കുന്നവളാണ്. 'പോക്കറ്റില്‍നിന്ന് മൂവായിരം ഉറുപ്പിക ഞാനെടുത്തിട്ടുണ്ടേ' എന്ന് അയാളോട് പറയാന്‍ സ്വാതന്ത്രൃമുള്ള പതിവുകാരി. അപ്പോള്‍ രതിയുടെ ആനന്ദമല്ല പണമാണ് പ്രായം ചെന്ന പുരുഷനില്‍നിന്ന് അവള്‍ തേടുന്നത്. തന്റെ ലൈംഗികസാഹസങ്ങളെ തികച്ചും സ്വാഭാവികമായാണ് അവള്‍ കാണുന്നത്. തന്റെ ശരീരം വാടകക്കു കൊടുക്കുന്നതില്‍ അവളുടെ ആത്മാഭിമാനത്തിന് മുറിവേല്‍ക്കുന്നില്ല എന്നത് അദ്ഭുതം തന്നെ. ലൈംഗികത്തൊഴിലിനെ ന്യായീകരിക്കുന്ന നവലൈംഗികവാദികള്‍ക്ക് ഈ രംഗത്തില്‍ അപാകത തോന്നില്ല. ശരീരം ആനന്ദിക്കാനുള്ളതാണെന്നു കരുതുന്ന സ്വതന്ത്രലൈംഗികതയുമല്ല ഇവിടെ അവതരിപ്പിക്കപ്പെടുന്നത് എന്നോര്‍ക്കുക. ''ഒന്നും വെറുതെ കിട്ടില്ല ടെസ്സാ'' എന്നു പറഞ്ഞ് നീന്തല്‍ക്കുളത്തിലേക്കു മറിയുന്ന ആ മധ്യവയസ്കന് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി തന്റെ ശരീരം അവള്‍ കൊടുക്കുമെന്ന സൂചനയില്‍ പോലും സ്ത്രീവിരുദ്ധതയുടെ അംശമുണ്ട്. പ്രണയമില്ലാത്ത ലൈംഗികതയെ സ്വീകരിക്കാന്‍ അവള്‍ തയാറാവുന്നു എന്നാണ് സൂചന. ശരീരമാണ് പെണ്ണിന്റെ ആയുധം എന്ന് തടവുകാരിയായ സുബൈദ ടെസ്സക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. പെണ്ണിന്റെ ശരീരം അവിടെ പണം പോലെ ഭൗതികമായ കൈമാറ്റങ്ങള്‍ക്കുള്ള ഉപാധിയാവുന്നു. ജൈവികമായ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നത് ഈ ഭൗതികാവശ്യങ്ങള്‍ക്കു വേണ്ടിയാണ് എന്ന സത്യം വിമോചിതസ്ത്രീയെക്കുറിച്ചുള്ള ആഷിഖ് അബുവിന്റെ ധാരണകള്‍ എത്ര ദുര്‍ബലമാണ് എന്ന് കാട്ടിത്തരുന്നു.

മഹത്തായ സേവനം ചെയ്യുന്ന മാലാഖമാരാണ് നഴ്സുമാര്‍. രാത്രിയില്‍ (അസമയത്ത്!) ഡ്യൂട്ടി ചെയ്യുന്നു, പരപുരുഷശരീരങ്ങള്‍ തൊടുന്നു തുടങ്ങിയ കാരണങ്ങളാല്‍ ഒരുകാലത്ത് വിവാഹ മാര്‍ക്കറ്റില്‍ അയിത്തം കല്‍പ്പിക്കപ്പെട്ടിരുന്ന അവര്‍ നിശ്ശബ്ദമായ സാമൂഹിക ഭ്രഷ്ടില്‍നിന്നും ഇന്നും പൂര്‍ണമായി മുക്തരല്ല. അവര്‍ ഉപജീവനത്തിനാവശ്യമായ വേതനത്തിനായി ഇന്ത്യ മുഴുവന്‍ സമരം ചെയ്യുന്ന സമയത്താണ് നഴ്സ് കേന്ദ്രകഥാപാത്രമായി ഒരു ചിത്രം പുറത്തിറങ്ങുന്നത്. ഇതിലെ നഴ്സുമാരുടെ താമസസ്ഥലവും ജീവിതവുമൊക്കെ കണ്ടാല്‍ ബാംഗ്ളൂരിലെ ഏതോ മള്‍ട്ടിനാഷനല്‍ കമ്പനിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍മാരോ മറ്റോ താമസിക്കുന്ന ഇടമാണ് എന്നാണ് തോന്നുക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ആശുപത്രികളിലെയും വേതനം തുച്ഛമാണ് എന്നതിന് നഴ്സുമാരുടെ ജീവിതം തന്നെ സാക്ഷ്യം. കൊല്‍ക്കത്തയില്‍ ആശുപത്രി കത്തിനശിച്ചപ്പോള്‍ മരിച്ച മലയാളിപെണ്‍കുട്ടിയുടെ വീട് ചാനലുകളില്‍ കണ്ടിരുന്നു. ചെത്തിത്തേയ്ക്കാത്ത ചുമരുകളുള്ള കൊച്ചുവീട്. ഒരു നഴ്സിന്റെ ദുരിതങ്ങളുടെയും സഹനങ്ങളുടെയും കഥയാണ് ഇത് എന്നത് ശരിതന്നെ. എങ്കിലും സവിശേഷമായ ഒരു സാമൂഹിക സാഹചര്യത്തില്‍ വരുന്ന ചിത്രത്തില്‍ ആ തൊഴില്‍മേഖലയുടെ സമകാലികാവസ്ഥയുടെ അടയാളപ്പെടുത്തല്‍ കൂടിയാവാമായിരുന്നു. പോഷ്ജീവിതത്തിന്റെ വിഷ്വലുകള്‍ ഒഴിവാക്കാമായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട് മഹാനഗരത്തില്‍ ജോലിചെയ്യുന്ന ഒരു നഴ്സിന്റെയെങ്കിലും പ്രാതിനിധ്യം ഉണ്ടാവണമായിരുന്നു. കുറഞ്ഞ പക്ഷം സ്വാഭാവികമായ ഒരു ദിനചര്യയെന്നോണം മധ്യവയസ്കനായ പണക്കാരന്റെ കൂടെ പോക്കറ്റ്മണിക്കായി അന്തിയുറങ്ങുന്ന കഥാപാത്രത്തെ ഒഴിവാക്കുകയെങ്കിലും ചെയ്യാമായിരുന്നു. ലൈംഗിക സ്വാതന്ത്രൃവും വ്യഭിചാരവും രണ്ടും രണ്ടാണ്. അവക്കിടയിലെ വിഭജനരേഖയെക്കുറിച്ച് ചിത്രത്തിന്റെ അണിയറശില്‍പികള്‍ക്ക് ആശയക്കുഴപ്പമുള്ളതുപോലെ തോന്നുന്നു.
പെണ്‍കൗമാരത്തിന്റെ ആകുലതകളും പ്രശ്നങ്ങളും അവതരിപ്പിച്ച റോഷന്‍ ആന്‍ഡ്രൂസിന്റെ 'നോട്ട്ബുക്കി'ലെ പല സംഭാഷണങ്ങളും കൂവി എതിരേറ്റ മലയാളിപ്രേക്ഷകനില്‍ പ്രകടമായ മാറ്റം വന്നിരിക്കുന്നുവെന്ന് വ്യക്തം. പെണ്‍ശരീരത്തെക്കുറിച്ചുള്ള ചെറിയ സൂചനപോലും കപടസദാചാരത്തിന്റെ മുഖംമൂടിയണിഞ്ഞ സമൂഹത്തിലെ പ്രേക്ഷകനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ '22 എഫ്.കെ 'കാണാന്‍ രണ്ടാം വാരത്തിലും കോഴിക്കോട് കൈരളി നിറഞ്ഞുകവിഞ്ഞ പ്രേക്ഷകരില്‍ ഏറെയും സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു. അനാവശ്യമായ കമന്റുകളില്ലാതെ പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കുന്നു.


സത്താര്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ടെസയായി റീമയും നന്നായി. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ഈ നടിക്ക് മുമ്പ് കിട്ടിയിരുന്നില്ല. ഷൈജു ഖാലിദിന്റെ ക്യാമറയും സമീറയുടെ വസ്ത്രാലങ്കാരവും ആഷിഖിന്റെ ഫ്രെയിമുകള്‍ക്ക് മിഴിവു പകരുന്നു. കൂടുതല്‍ സംവാദങ്ങള്‍ അര്‍ഹിക്കുന്ന ചിത്രമാണിത്. മനുഷ്യന്റെ സകല ഇന്ദ്രിയങ്ങളെയും മരവിപ്പിക്കുന്ന സിനിമകള്‍ക്കിടയില്‍ എന്തുകൊണ്ടും ആശ്വാസമാണ് ഇത്തരം ചിത്രങ്ങള്‍. മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ ഈ പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന ഭാവുകത്വപരമായ പരിവര്‍ത്തനങ്ങള്‍ അത്ര ചെറുതല്ല എന്നതുകൊണ്ടാണ് ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും ഈ സിനിമ കാണുകയും ചര്‍ച്ച ചെയ്യുകയും വേണം എന്ന് പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus